ഒരപകടത്തിന്റെ ബാക്കിപത്രം

>> 2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

2008 മെയ് 3
അതെ ഒരു പുനർജനിയുടെ ശേഷിപ്പാണ്‌ ഈ ശരീരം.
വിറങ്ങലിച്ച നാലഞ്ചു ദിവസങ്ങൾ. വീർപ്പുമുട്ടിയ രാത്രികൾ.
പേടിപ്പെടുത്തുന്ന കഴ്ചകൾ. ഒരു വലിയ മനുഷ്യന്റെ നിശ്ചലത എത്ര പെട്ടെന്നാണ്‌ സംഭവിക്കുക.
ഓർമകൾ നഷ്ടപ്പെട്ട്, ഓമനത്വം തുളുമ്പുന്ന മുഖം വാടി, കരിനീലിച്ച കണ്ണുമായി,
നിശ്ചലനായി എത്ര ദിവസങ്ങൾ നീ ഈ മരണത്തിന്റെ ഗന്ധമുള്ള മുറിയിൽ ഏകനായി കഴിച്ചുകൂട്ടി.
അറിയപ്പെടാത്ത ഏതോ ധന്യാത്മാവിന്റെ ചുടുരക്തം കുത്തിനിറച്ചപ്പോഴും നീ അറിഞ്ഞില്ല. നീ ഉറക്കമായിരുന്നു.
ഒരു നീണ്ട നിദ്ര. പകലെന്നോ രാത്രിയെന്നോ നീ അറിഞ്ഞതേയില്ല.
നിനക്ക് ചുറ്റുമുള്ള ഞങ്ങളെ നീ കാണുന്നില്ല. നിന്റെ ശ്വാസോഛ്വാസത്തിനായി ഞങ്ങൾ കണ്ണും കാതും കൂർപ്പിച്ചിരുന്നു.
പലരുടേയും അന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞ് ഞങ്ങൾ മടുത്തു.
പക്ഷെ നിന്റെ സുജയുടെ ഓരോ വിളികളും ഞങ്ങളിൽ ഭയപ്പാടുണർത്തുമായിരുന്നു.
അവളോട് പറയാൻ ഞങ്ങൾക്ക് വാക്കുകൾ തിരയേണ്ടിവന്നു.

രണ്ട്‌
മൂന്ന്‌ ദിവസത്തെ നീണ്ട നിദ്രയിലൂടെ അബോധാവസ്ഥയിൽ നിന്ന്‌ ബോധാവസ്ഥയിലേക്കെന്നോണം
നീ വലത്‌ കൈ ചലിപ്പിച്ചുവെന്ന്‌ ഡോക്ടർ പറഞ്ഞപ്പോൾ ഞങ്ങളിലെ സന്തോഷത്തിന്‌ അതിരുകൾ ഇല്ലായിരുന്നു.
എങ്കിലും വൈദ്യശാസ്ത്രത്തിന്റെ തിയറിയിൽ നിനക്ക്‌ വരാൻ പോകുന്ന ഭവിഷ്യത്ത്കൂടി അറിഞ്ഞപ്പോൾ
ഞങ്ങൾ എന്ത്‌ ചെയ്യണമെന്നറിയാതെ പകച്ചുപോയി.
ഒടുവിൽ വിളിക്കാത്ത ദൈവങ്ങളില്ല. ഓരോ നിമിഷങ്ങളും പ്രാർത്ഥനയിൽ ലയിച്ചു.


മൂന്ന്‌
ഒരുപാട്‌ ചിന്തകൾ കടന്നുപോയ നിന്റെ മസ്തിഷ്കത്തിലാണ്‌ ദുരന്തത്തിന്റെ ആഘാതം മുഴുവൻ ഏറ്റത്‌.
ഒരു നിമിഷത്തിന്റെ കൈപ്പിഴയിൽ സംഭവിച്ചത്‌ ഒരായുസ്സിന്റെ ചുടുനിശ്വാസമാണ്‌.
ആ ദിവസത്തിന്റെ അന്ത്യത്തിൽ മധു വിളിച്ചപ്പോൾ ഞാൻ അമ്പലത്തിലെ ചൂടേറിയ യോഗത്തിലായിരുന്നു.
ഒരുവേള ചെവിയോർത്തപ്പോൾ കേട്ടത്‌ വിശ്വസിക്കനായില്ല.
എങ്കിലും ആ രാത്രി തന്നെ വണ്ടി കയറിയപ്പോൾ പതിവില്ലാത്ത വിധം വേഗത പോര എന്ന്‌ തോന്നി.
അത്യന്തം ജിജ്ഞാസ നിറഞ്ഞ ആ യാത്ര, രാത്രിയുടെ മധ്യത്തിൽ തൃശ്ശൂർ എത്തിയപ്പോഴും ഭീതിയുടെ ചൂളംവിളി എങ്ങുനിന്നോ കേട്ടുകൊണ്ടിരുന്നു.
ഒന്നു കാണാൻ കൊതിച്ച മനസ്സുമായി നേരം വെളുപ്പിക്കേണ്ടിവന്നു.
പിറ്റേന്ന്‌ രാവിലെ സ്കാനിംഗിനായി പുറത്തേക്കെടുത്ത നിന്റെ ശരീരം ചേതനയറ്റ നിലയിലായിരുന്നു.
ഊതി വീർപ്പിച്ച ബലൂണിൽനിന്ന്‌ നിന്റെ ഹൃദയധമനികളിലേക്ക്‌ പ്രാണവായു നിറക്കുമ്പോഴുള്ള നിശ്വാസത്തിന്റെ ഭാരത്താൽ നിന്റെ നെഞ്ച്‌
ഉയരുകയും താഴുകയും ചെയ്തിരുന്നു.
എത്രയൊ ശരീരങ്ങളെ വിവിധ ആസ്പത്രികളിൽ എത്തിച്ചിരുന്ന എനിക്ക്‌ പോലും നിന്നെ കാണാൻ ഭയമായിരുന്നു.
മനസ്സിൽ അറിയാതെ പലതും കടന്നുപോയി.
നിന്റെ ഇന്നലെകളിലെ ഒരോ തമാശകൾ, അളന്നു കുറിച്ച നിന്റെ വാക്കുകൾ...
എല്ലാം എന്റെ മനസ്സിൽ ഒരു ഫ്ളാഷ്ബാക്ക്‌ പോലെ മിന്നിമറഞ്ഞുകൊണ്ടേയിരുന്നു.
രക്തം വറ്റിപ്പോയ നിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്ന പ്രാണന്റെ വേദന ഒരു നിലവിളിയായി കണ്ണുകളിലൂടെ ഒലിച്ചിറങ്ങികൊണ്ടിരുന്നു.

നാല്‌
ഇന്ന്‌ നീ ആദ്യമായി കൊച്ചു കുഞ്ഞിനെ പോലെ സംസാരിച്ചുവെന്ന്‌ ഡോക്ടർ പറഞ്ഞപ്പോൾ ഞങ്ങൾക്ക്‌ വിശ്വസിക്കാനായില്ല.
പക്ഷെ വൈകുന്നേരം മധു നിന്നരികിൽ വന്ന്‌ തൊട്ടുവിളിച്ചപ്പോൾ ഒന്നുമറിയാത്തവനെപ്പോലെ നീ അനക്കമില്ലാതെ കിടന്നു.
എന്നും ചിരിക്കുന്ന വെള്ളികുളങ്ങരക്കാരി നേഴ്സിന്റെ കനത്ത കരങ്ങളാൽ നിന്നെ തട്ടിവിളിച്ചപ്പോൾ ഒന്നു ഞരങ്ങിയോ?
“മധു വന്നുനില്ക്കുന്നു” എന്നു അവൾനിന്നോട്‌ പലവട്ടം പറഞ്ഞപ്പോൾ നിന്റെ ആദ്യത്തെ ശബ്ദം അവ്യക്തമാണെങ്കിലും
സ്വതസിദ്ധമായ നിന്റെ ഗാംഭീര്യത്തിന്‌ കുറവില്ലായിരുന്നു.
നിന്റെ ആദ്യത്തെ വാക്കുകൾ ഇതിഹാസതുല്ല്യമായിരുന്നു.
“അവന്‌ എന്നെ അറിയാം” എന്ന്‌ മധുവിന്റെ കൈ പിടിച്ച്‌ ഉച്ചത്തിൽ പറഞ്ഞതിന്‌ നാനാർത്ഥങ്ങൾ ഉണ്ടായിരുന്നു.
എനിക്ക്‌ അവനെ അറിയാം എന്നല്ല നീ പറഞ്ഞത്‌, അവന്‌ എന്നെ അറിയാം എന്നാണ്‌.
രക്തം മുഴുവൻ നിന്നിൽനിന്നും വാർന്നുപോയിട്ടും നിന്നിലെ രക്തബന്ധത്തിന്റെ കറ മാഞ്ഞുപോയിട്ടില്ല എന്നതിന്റെ പ്രതിധ്വനിയാണോ
ഈ വാക്കിന്റെ അർത്ഥം? എനിക്ക്‌ മനസ്സിലാവുന്നില്ല പ്രദീപ്.....
പ്രപഞ്ചത്തെ കുറിച്ചും സത്യത്തെ കുറിച്ചും ശാസ്ത്രത്തെ കുറിച്ചുമൊക്കെ ഒരുപാട്‌ വായിച്ചറിഞ്ഞ
നിന്റെ മസ്തിഷ്കത്തിൽ ഇത്രയേറെ മുറിവേറ്റിട്ടും ഇന്നലെകളുടെ നെടുവീർപ്പുകൾ മാഞ്ഞുപോയിട്ടില്ല.
പക്ഷെ പ്രദീപ്, ഞങ്ങൾക്ക്‌ ഉറപ്പുണ്ടായിരുന്നു എല്ലാം ശരിയാവുമെന്ന്‌.
ശരിയുടെ പാന്ഥാവിലൂടെ മാത്രം സഞ്ചരിക്കാൻ ആഗ്രഹിച്ച നമുക്ക്‌ അറിയാതെ എവിടെയോ ഒരു ചെറിയ തെറ്റിന്റെ സ്റ്റോപ്പുണ്ടായിരുന്നു.

അഞ്ച്‌
ഇന്ന്‌ നിന്നെ പാതി തുറന്ന കണ്ണുമായി കരയാൻ വെമ്പുന്ന മുഖത്തോടെ കണ്ണാടിചില്ലിന്റെ
മറവിലൂടെ അരമണിക്കൂറിന്റെ ദൈർഘ്യത്തിൽ കണ്ടപ്പോൾ മനസ്സിൽ പ്രതീക്ഷയുടെ ആയിരം പൂത്തിരി ഒന്നിച്ച്‌ വിരിഞ്ഞപോലെ.
നിന്റെ തീക്ഷ്ണതയുള്ള കണ്ണൂകളിലൂടെ അരിച്ചിറങ്ങുന്ന കണ്ണൂനീരിന്‌ കനലായി പുകയുന്ന അഗ്നിപർവ്വതത്തിന്റെ ചൂടുണ്ടായിരുന്നുവോ?
ഒരു വശം തളർന്ന നിന്റെ ശരീരത്തിൽ സൂചിമുനകൾ കുത്തിനോവിച്ച പാടുകൾ തെളിഞ്ഞുകാണാമായിരുന്നു.
ജീവസ്സറ്റ ശരീരവുമായി ഒന്ന്‌ ഞരങ്ങാനാവാതെ നീ എത്ര ദിവസം ഈ ശീതീകരിച്ച മുറിയിൽ തനിച്ചുറങ്ങി.
നിനക്ക്‌ ചുറ്റും കിടന്നവർ പ്രാണൻ വെടിഞ്ഞ്‌ വിറങ്ങലിച്ച ശരീരമായി പുറത്തേക്കെടുത്തതും കൂട്ട നിലവിളികളാൽ
ഐ സി യു നടുങ്ങുമ്പോഴും നീ ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു.
ഓരോ ദിവസം പുലരുന്നതും കാത്ത്‌ ഉറക്കമൊഴിച്ച്‌ കത്തിരിക്കുമായിരുന്നു ഞങ്ങൾ മൂവരും.
ഓരോ ദിവസം നിന്റെ നിജസ്ഥിതി അറിയുമ്പോഴുണ്ടാകുന്ന വികാരം അക്ഷരങ്ങളിൽ കുറിച്ചിടനാവില്ല പ്രദീപ്...
അത്രയ്ക്കും ടെൻഷൻ ഞങ്ങളിൽ ഒരുപോലെ ഉണ്ടായിരുന്നു.

ആറ്‌
ഇന്ന്‌ നിന്റെ തലയിലെ കെട്ടഴിച്ചു.
ഡോക്ടർമാർ നിന്റെ തലയിൽ കീറിമുറിച്ച തുന്നല്പ്പാടുകൾ തെളിഞ്ഞുകാണാം.
വലത്തേ ചെവി മുതൽ ഇടത്തേ ചെവി വരെ തലയുടെ മുകളിലൂടെ കീറിയതിന്റെ നേർ രേഖകൾ നിന്നിൽ എന്നും അവശേഷിക്കും.
തലയുടെ പിൻഭാഗത്തായി കണ്ട ഒരു വലിയ മുറിവിന്റെ പാടുകൾ ഞെട്ടലുളവാകി.
ആ മുറിവിലൂടെ ഒലിച്ചിറങ്ങി ഒഴുകിപ്പോയ നിന്റെ രക്തത്തിന്റെ ഗന്ധം ശരീരത്തിൽ ഇപ്പോഴും ബാക്കി നില്ക്കുന്നു.

ഏഴ്‌
ഇന്ന്‌ നിന്നെ കാണാൻ അരികിൽ ഞാനെത്തിയത്‌ നീയറിഞ്ഞുവോ?
നിന്റെ ചെവിയിൽ ഞാൻ പറഞ്ഞത്‌ നിനക്ക്‌ കേൾക്കാനായോ?
നേരിയ മൂളക്കവും ചുണ്ടനക്കവും കൊണ്ട്‌ നിന്റെ കണ്ണ്‌ നിറഞ്ഞത്‌ എന്നെ തിരിച്ചറിഞ്ഞുവെന്ന്‌ ഞാൻ കരുതട്ടെ.
നിന്റെ മുഖത്തും ചുണ്ടിലും കവിളത്തും നെഞ്ചിലും ഞാൻ കൈവിരലുകൾ കൊണ്ട്‌ തടവിയപ്പോൾ നീ എന്തിനാണ്‌ കരഞ്ഞത്‌?
നീ എന്താണ്‌ പറയാൻ ആഗ്രഹിക്കുന്നത്‌?
ഞങ്ങളുടെ പ്രാർത്ഥനയുടെ ഫലം നിന്റെ തിരിച്ചറിവിന്റെ വലിപ്പം കാണുകയാണ്‌ ഇവിടെ ഓരോ നിമിഷവും.
എന്റെ പ്രദീപ്, നിന്റെ സുജയെ ഞങ്ങൾ എന്ത്‌ പറഞ്ഞ്‌ ആശ്വസിപ്പിക്കും!
ദിവസത്തിൽ നിന്നെ കാണാൻ അനുവദിക്കപ്പെട്ട സമയം ഡോക്ടർ വരുന്ന സമയം കൃത്യമായി ഞങ്ങളേക്കാളേറെ
അറിയുന്നതും വിളിക്കുന്നതും അവളാണ്‌. ഓരോ ദിവസവും ഓരോ കളവുകൾ അവൾക്കായി മെനഞ്ഞെടുക്കുമായിരുന്നു ഞങ്ങൾ.
അവസാനം ഒരു ശരിയായി നീ തിരിച്ചുവരും എന്ന ഉറപ്പോടെ അവളെ ആശ്വസിപ്പിക്കുമായിരുന്നു.
അവളുടെ ഫോൺ കോളുകൾ എന്നും ഞങ്ങളിൽ ഞെട്ടലുലവാക്കുമായിരുന്നു.
ദൈവമേ ഈ ദുർവിധി മറ്റാർക്കും നല്കരുതേ...
ഞങ്ങൾക്ക്‌ ഇപ്പോൾ ഒരു ലക്ഷ്യമേയുള്ളൂ, നിന്നെ പഴയ നിലയിൽ തിരിച്ചു കൊണ്ടുവരിക എന്ന കടമ.
ഉറക്കമില്ലത്തതും ഉറക്കം നഷ്ടപ്പെട്ട രാത്രികളുടേയും നീളം കൂടികൂടി വരുന്നു.

എട്ട്‌
ഇന്നേക്ക്‌ 11 ദിവസം പിന്നിട്ടു. എന്നിട്ടും നീ എന്തേ ഒന്ന്‌ ചിരിക്കാത്തത്‌?
മിണ്ടാനാവാതെ നിശ്ചനായി എത്ര നാളായി ഈ കിടപ്പ്‌ കിടക്കുന്നു?
തിളക്കമാർന്ന നിന്റെ കണ്ണുകൾക്ക്‌ എന്റേ ശേഷിയില്ലാത്തത്‌?
പുരികം നിറഞ്ഞ നിന്റെ നെറ്റിത്തടത്തെ വികൃതമാക്കികൊണ്ട്‌ ചതഞ്ഞ പാടുകൾ ഒരു ദുരന്തത്തിന്റെ നെരിപ്പോടായി തെളിയുന്നു.
മരുന്നിന്റെ കനത്ത ഡോസിൽ നീ സദാസമയവും മയങ്ങുകയാണ്‌.
പ്രദീപ്, എന്നാണ്‌ നമുക്ക്‌ പഴയ കഥകൾ പറയാൻ കഴിയുക.
ഇച്ഛാശക്തിയും ആത്മശക്തിയും കൂടിച്ചേരുമ്പോൾ ഒരു പക്ഷെ അല്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം

ഒൻപത്‌
പതിമൂന്ന്‌ ദിവസത്തെ ഐ. സി. യു. വാസത്തിനുശേഷം ഇന്ന്‌ നിന്നെ റൂമിലേക്ക്‌ മാറ്റി.
അപ്പോഴും നിന്റെ ശരീരത്തിൽ ചെറിയ ചില മാറ്റങ്ങൾ കാണുന്നതൊഴിച്ചാൽ എല്ലാം നിശ്ചലാവസ്ഥയയിരുന്നു.
തല മുഴുക്കെ കീറി മുറിച്ച പാടുകൾ വ്യക്തമായി ക്കാണാനാവുന്നുണ്ട്‌.
കഴുത്ത്‌ ഒരു വശത്തേക്ക്‌ മാത്രം ചെരിഞ്ഞ്‌ കിടന്നതിനാൽ മറുവശത്തേക്കുള്ള നീകം നിനക്ക്‌ അസഹനീയമായ വേദനയായിരുന്നു.
നിന്നിൽനിന്നും ഒരു വാക്ക്‌ കൂടി ഉതിർന്നുവീഴാൻ ഞങ്ങൾ ഒരുപാട്‌ ശ്രമിച്ചു.
ഒടുവിൽ നിനക്ക്‌ വീപ്പുമുട്ടുന്നതുപോലെ.
ഞങ്ങൾക്ക്‌ നെടുവീപ്പായിരുന്നു.
അഗ്നിപർവതത്തിനൊടുവിൽ തിളച്ച്‌ പുറത്തുവന്ന ലാവ നിന്റെ മനസ്സിൽ ഒരായിരം സ്വപ്നങ്ങൾ ഒരുമിച്ചുയരുന്നതുപോലെ
ഒരു തേങ്ങൽ ശബ്ദമായി പുറത്തുവന്നു.
വേദനകൾ എന്നും നിനക്ക്‌ ഹരമായിരുന്നല്ലോ. വേദനിക്കുമ്പോഴും പൊട്ടിച്ചിരിക്കാൻ ശ്രമിച്ച ഋഷിതുല്യ മനസ്സായിരുന്നല്ലോ നിന്റേത്‌.
കഴുത്ത്‌ തിരിക്കാൻ ശ്രമിച്ച ഞങ്ങൾക്ക്‌ ഇടിത്തീ പോലെ ഒരു താക്കീത്‌.
“അമ്മേ... കഴുത്ത്‌ വേദനിക്കുന്നു” എന്ന്‌ നീ പ്രതിഷേധിച്ചതും ഞങ്ങൾ കണ്ടു.
നിന്റെ രണ്ടാമത്തെ ശബ്ദം. പിന്നെ ഓരോ നിമിഷവും നിന്നെ ഉറക്കാതെ ഞങ്ങൾ ബുദ്ധിമുട്ടിച്ചുകൊണ്ടേയിരുന്നു.
നിന്നിൽനിന്നും വാക്കുകൾ ചിതറി വീഴാൻ ഞങ്ങൾകാത്തിരുന്നു.
കണ്ണുകൾ ചിമ്മിയും തുറന്നും നീ ഒരു സർപ്രൈസായി നിലകൊണ്ടു.

പത്ത്‌
ഇന്നലെ രാത്രി ഞങ്ങൾ ഉറങ്ങിയതേയില്ല.
രാത്രി ഒന്നര മണിവരെ നിന്റെ കയ്യിൽ സൂചിമുനകൾ ഘടിപ്പിച്ച്‌ ഗ്ളൂക്കോസിന്റെ ലഹരിയിൽ നിന്നെ മയക്കുകയായിരുന്നു.
അപ്പോഴും നിന്റെ കൈക്കും കാലിനും വിശ്രമമില്ലായിരുന്നു.
നിന്റെ എല്ലാമായ സുജയെ ഇന്ന്‌ നിനക്കരികിൽ എത്തിച്ചു.
നിന്നിലെ ഓർമകൾ ഒരുവേള തിരിച്ചുവന്ന്‌ പഴയ നിലയിലേക്കെത്താൻ ഏതാനും ദിവസങ്ങൾ ബാക്കി വന്നേക്കാം.
എല്ലാ വേദനകളും കടിച്ചിറക്കി എന്തും സഹിക്കാനുള്ള സഹനശക്തിയുമായി നിന്റെ പ്രിയപ്പെട്ടവൾ ഇതാ നിന്നരികിൽ നില്ക്കുന്നു.
അവളുടെ സാമിപ്യത്താൽ നീനക്ക്‌ പഴയ കാലത്തിലേക്ക്‌ തിരിച്ചുവരാനാവട്ടെ.

പതിനൊന്ന്
ദിവസങ്ങൾ മാസങ്ങൾക്ക്‌ വഴിമാറി കൊടുക്കുമ്പോഴും ഓരോ ദിവസത്തിന്റെ പ്രതിച്ഛായയിൽ നീ മാറികൊണ്ടിരുന്നു.
മാറ്റങ്ങൾ ഒരു ഇടിമുഴക്കമായി നിന്നിൽ വേദനയുടെ പെരുമഴ വർഷിച്ചുകൊണ്ടിരുന്നു.
കഴുത്ത്‌ വേദന ഇടത്തേ തോളിലൂടെ ശരീരം മുഴുവൻ അരിച്ചിറങ്ങി.
അതിനിടയിൽ ഫിസിയോതെറാപ്പിസ്റ്റ്‌ വന്ന് കാലും കയ്യും അനക്കിയതിന്റെ ഫലം നീ വീണ്ടും വേദന കൊണ്ട്‌ പുളയേണ്ടിവന്നതും ഞങ്ങൾകണ്ടു.
കാലിന്റെ നീര്‌ കുറക്കാനായി മാരകമായ ഒരു ഇന്‌ജെക്ഷൻ നല്കുകയുണ്ടായി. രക്തം കട്ടപിടിക്കുന്നത്കൊണ്ടാണ്‌ കാലിൽ നീര്‌ വന്നതെന്നും രക്തം അലിയിക്കാനുള്ള മരുന്നാണിതെന്നും ഒരു പക്ഷെ ഭാവി ഭയാനകമായിരിക്കുമെന്നും ഡോക്ടർ രമേഷ് ആവർത്തിച്ചറിയിച്ചപ്പോൾ വീണ്ടും ഞങ്ങൾ പേടിച്ചു. പിറ്റെ ദിവസം നിന്റെ വായിൽ നിന്നും രക്തം വരികയും കൂടി ചെയ്തപ്പോൾ ഞങ്ങൾ പരിഭ്രാന്തരായി.
ഡോക്ടർമാർ മാറിമാറി പരിശോധിച്ചു. ഇന്‌ജെക്ഷൻ ഇടവേളകളയി കൊടുത്തു.
പൊള്ളുന്ന പനി, സഹിക്കനാവാത്ത വേദന. വീണ്ടും രണ്ടുമൂന്ന്‌ ദിവസങ്ങൾ ഇഴഞ്ഞുനീങ്ങി. ഉറക്കം നഷ്ടപ്പെട്ട രാത്രികൾക്ക്‌ കനം തൂങ്ങിത്തുടങ്ങി
ഒടുവിൽ പയ്യെപയ്യെ നിന്റെ കാലുകളിലെ നീര്‌ കുറയുകയും രക്തത്തിലെ കമ്പ്ള്യിന്റ്‌ ഇല്ലാതാവുകയും ചെയ്തു.

പന്ത്രണ്ട്‌
ഇന്നേക്ക്‌ ഒരു മാസം തികയുന്നു.
നിന്റെ തളർച്ചയിലായിരുന്ന കാൽ പതുക്കെ പൊക്കാൻ തുടങ്ങിയപ്പോൾ ഞങ്ങൾ സന്തോഷിച്ചു.
സന്തോഷത്തിന്‌ അതിരുകൾ ഇല്ലായിരുന്നു.
മുപ്പത്തിരണ്ടാമത്തെ ദിവസം ഡിസ്ചാർജ്‌. ഒരു കൈയുടെ തളർച്ച ഒരു പോരായ്മയായി നിന്നിൽ അവശേഷിക്കുമ്പോഴും
തുടർച്ചയായ ഫിസിയൊതെറാപ്പിയിലൂടെ ചലനശക്തി കൈവരും എന്ന ഉറച്ച ഉപദേശത്തോടെ
ഡോക്ടർമാർ നിനക്ക്‌ സർവ്വവിധ ആശംസകളും നേരുകയുണ്ടായി.
നിന്റെ ജീവൻ രക്ഷപ്പെടുത്തിതന്നതിനും നിന്റെ കൂടെ നിഴലായി നിന്ന്‌ നിന്നെ ശുശ്രൂഷിച്ച
നല്ലവരായ നേഴ്സുമാർക്കും മധുരം വാങ്ങികൊടുത്ത്‌ ആ ആസ്പത്രിയോട്‌ വിടവാങ്ങി.
ഫിസിയോതെറാപ്പി മാത്രമേ ഇനി ചെയ്യാനുള്ളൂ.
ഇനിയുള്ള ദിവസങ്ങൾ കൂടുതൽ കരുത്തോടെ ജീവസുറ്റ ശരീരവുമായി നീ നടന്നുവരും
എന്ന ഉറച്ച വിശ്വാസത്തോടെ ഞങ്ങളും നിന്നരികിൽ നിന്നും വിടവാങ്ങുന്നു.
നിന്നെ സ്നേഹിക്കുന്ന ഒരുപാട്‌ പേരുടെ കണ്ണീരിന്റേയും പ്രാർത്ഥനയുടേയും ഫലം ഒടുവിൽ നീ തിരിച്ചുവരും.
ജീവന്റെ ഉൾത്തുടിപ്പുമായി ഉശിരിന്റെ പ്രസരിപ്പോടെ നീ വരും. തീർച്ച.! .




ഇന്ന്
ഗുജറാത്തിലെ അങ്കലേശ്വറിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി
ചെയ്തുകൊണ്ടിരുന്ന പ്രദീപ്
തന്റെ സ്വദേശമായ ചാലകുടിയിലെ പൂലാനിയിലുള്ള വീട്ടിൽനിന്നും
കാർ മാർഗ്ഗം പാലക്കാട്ടുള്ള ഭാര്യവീട്ടിലേക്ക് പോകുമ്പോൾ ആലത്തൂരിൽ വെച്ച് നടന്ന
അപകടത്തിൽ ഗുരുതരമായി തലക്ക് പരിക്കേറ്റു.
തലക്കേറ്റ പരിക്കിന്റെ ആഘാതത്തിൽ ഒരു കൈക്കും ഒരു കാലിനും ഉള്ള ബലക്കുറവ്
ബലഹീനതയായി കാണാതെ ദിവസവും ഫിസിയോതെറാപിയുമായി
കുടുംബസമേതം ഗുജറാത്തിൽ കഴിയുന്നു.
ജോലി ചെയ്തിരുന്ന കമ്പനിയിലെ സഹപ്രവർത്തകരുടേയും മുതലാളിയുടേയും
സ്നേഹോഷ്മളമായ പരിചരണത്തോടെ ജോലിയും തുടരുന്നു

1 അഭിപ്രായ(ങ്ങള്‍):

S_Poolany 2010, ഓഗസ്റ്റ് 21 8:07 AM  

halo
palathheyan....
ee ezhuthu manassil nombarangal unarthunnu.. nammude oru sahodarnu sambavicha vedanankal.. enthu cheyyam onnum nammude kayyilalllo?? aarkkum eppol venamengilum sambivikam.. aarum athu pakshe orkunnilla.. aaa durandam oru nombaramayi nilkkunnu....praying for him always.. Sneha poorvam,,,, SUBHASH

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP