ഒരു മണ്ഡലകാലത്തിന്റെ ഓർമ്മ..

>> 2014, നവംബർ 22, ശനിയാഴ്‌ച


ബാല്യം കടന്നുവന്ന വഴികളിൽ 

ശരണകീർത്തനങ്ങളാൽ മുഖരിതമായ രാവുകൾ പെയ്തിറങ്ങിയ ഒരു ഭൂതകാലത്തിന്റെ മഞ്ഞണിഞ്ഞ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നത് ശ്രീ. കുമാരസ്വാമിയാണ്‌. ഗംഭീരശബ്ദത്തിന്നുടമയായ സ്വാമിയുടെ ശരണം വിളികൾ കേൾക്കുമ്പോൾ അക്ഷരാർത്ഥത്തിൽ 
അന്തരീക്ഷം പോലും കാതോർത്തുനിന്നിരുന്നു. 
പത്തിരുപതോളം ശിഷ്യസമ്പത്തിന്നുടമയായ ഗുരുസ്വാമിയായിരുന്നു കുമാരസ്വാമി. 
ആ കാലഘട്ടത്തിൽ ഒരു ദാദയായി വിലസിയിരുന്ന കുമാരേട്ടൻ പക്ഷെ മാലയിട്ടാൽ പിന്നെ സ്വയം അയ്യപ്പദാസനായി മാറുമായിരുന്നു. 
അതുകൊണ്ടുതന്നെ ഞങ്ങൾ പിള്ളേരുകൾക്ക് സ്വാമിയോട് വലിയ ആദരവും ബഹുമാനവും ഉണ്ടായിരുന്നു. 
കളഭവും ഭസ്മവും കൂടിക്കലർന്ന സ്വാമിമാരുടെ മണം 
ഒരു പ്രത്യേകത തന്നെയായിരുന്നു. 
ചിറക്കാൽ തോടിന്റെ അരിച്ചിറങ്ങുന്ന തണുപ്പിൽ 
അരയോളം വെള്ളത്തിൽ നിന്നുകൊണ്ടുള്ള ശരണംവിളികൾ കേൾക്കാൻ കാതോർത്തിരുന്ന ഭക്തകാലമായിരുന്നു അത്. മണ്ഡലകാലം മുഴുവൻ ഞങ്ങളും മണികണ്ഠൻമാരായി സ്വാമിമാരുടെ കൂടെ രണ്ട് നേരവും 
ശരണം വിളികളുമായി കൂട്ടുകൂടുക പതിവാണ്‌. 
സത്യത്തിൽ ഭക്തിയേക്കാളേറെ ഞങ്ങൾക്ക് പ്രിയം 
രാത്രിയിലെ ഭിക്ഷയെന്ന കൊള്ളിക്കറിയും 
ചില ദിവസങ്ങളിൽ അടുത്തുള്ള  വീടുകളിൽ നടത്തുന്ന ഭിക്ഷയെന്ന സുഭിക്ഷമായ ഭക്ഷണത്തിലുമായിരുന്നു. 
മൊട്ടംചിറ അമ്പലത്തിലെ ശ്രീകോവിലിന്‌ പുറത്ത് ഇടതുവശത്തായിരുന്നു അയ്യപ്പസ്വാമിയുടെ ഫോട്ടോ വെച്ചുള്ള ദീപാരാധനയും ശരണം വിളികളും. 
ശരണം വിളി കഴിഞ്ഞുവേണം ഭക്ഷണം കിട്ടാൻ. 
അതിനുള്ള തിരക്ക് കൂട്ടൽ ഞങ്ങൾ പിള്ളേർ മൽസരിച്ച് സ്വാമിമാർ, സ്വാമിയേ.. എന്നു തുടങ്ങുമ്പോൾ തന്നെ ശരണമയ്യപ്പാ എന്നു വിളിച്ച് സ്പീഡ് കൂട്ടുമായിരുന്നു.
പടിപ്പാട്ട് പാടി നമസ്ക്കരിക്കാൻ സ്വാമിമാർ കിടക്കുമ്പോൾ ഞങ്ങളും നമസ്ക്കരിക്കും. 
ചുരുങ്ങിയത് മൂന്നുനാലു പ്രാവശ്യമെങ്കിലും സ്വാമിമാർ എഴുന്നേൽക്കുന്നുണ്ടോ എന്നു നോക്കുമായിരുന്നു. 
ഒടുവിൽ കെട്ടുനിറയുടെ മുഹൂർത്തം ഞങ്ങൾക്ക് ഒരാഘോഷമായിരുന്നു. 
കാരണം സ്വാമിമാർ പോയിവരുന്നതുവരെ 
നിത്യകർമ്മങ്ങളും ദീപാരാധനയും ഞങ്ങളുടെ നിയന്ത്രണത്തിലാണ്‌. 
പുഴയിൽ പോയി കുളിച്ച് നനഞ്ഞ തോർത്തുടുത്ത് 
കയ്യിലും ദേഹത്തും ഭസ്മം പൂശി അറിയാവുന്ന 
ശരണം വിളികൾ വിളിച്ച് അറിയാതെ സ്വാമിമാരായി മാറും. ഇതിന്റെ ഗമ ഞങ്ങളിലെ നടപ്പിലും ഇരിപ്പിലും കാണാമായിരുന്നു. അന്നേരങ്ങളിലും കുമാരസ്വാമിയുടെ അമ്മ ചോയിച്ചിവല്യമ്മ ഭിക്ഷയുണ്ടാക്കി തരും. 
ആദ്യമായി ഞാൻ മൈക്കിനുമുന്നിൽ സംസാരിക്കുന്നത് കെട്ടുനിറയിൽ അയ്യപ്പനാമങ്ങൾ ചൊല്ലികൊണ്ടാണ്‌. പിൽക്കാലത്ത് രാഷ്ട്രീയവേദികളിലും അല്ലാതേയും മൈക്കിനു മുന്നിൽ രണ്ടു വാക്കെങ്കിലും പറയാൻ കഴിഞ്ഞത് ഈ അനുഭവസമ്പത്തിലൂടെയാണെന്നത് 
അഭിമാനപൂർവ്വം സ്മരിക്കട്ടെ. 
കെട്ടുനിറ കഴിഞ്ഞ് കുമാരസ്വാമിയുടെ തലയിൽ 
ഇരുമുടികെട്ട് ഏറ്റിയുള്ള ശരണം വിളി 
അവിടെ കൂടിയിരിക്കുന്ന ബന്ധുക്കളും നാട്ടുകാരും അടങ്ങിയ ഭക്തരിൽ സങ്കടവും കരച്ചിലും ഉണ്ടാക്കുമായിരുന്നു. 
അത്രയ്ക്കും ഹൃദയസ്പൃശ്യമായ ഉച്ഛാരണശൈലിയോടെ ആയിരിക്കും കുമാരസ്വാമിയുടെ അപ്പോഴത്തെ ശരണംവിളികൾ. കാലം മാറി! കഥ മാറി! 
ശബരിമലയാത്ര ഇന്നൊരു ഫാഷനായി മാറ്റിയ പുത്തൻ തലമുറകളുടെ ഇടയിൽ വേറിട്ടൊരു മണ്ഡലകാലവും ഗുരുസ്വാമിയായ കുമാരസ്വാമിയുടെ ഓർമ്മയും 
ഒരു കർപ്പൂരദീപം പോലെ ജ്വലിച്ചുനില്ക്കുന്നു.

Read more...

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP