എന്റെ പകലുകൾ

>> 2012, നവംബർ 3, ശനിയാഴ്‌ച




വിരസമായ എന്റെ പകലുകളുടെ നിറം മങ്ങിയ നിമിഷങ്ങളിലേക്ക് 
മനസ്സിന്റെ പടിവാതിൽ പാതി തുറന്ന് അവൾ..! 
അതെ കാത്തിരിക്കാതെ, തീരെ നിനച്ചിരിക്കാതെ... 
സ്നേഹത്തിന്റെ നിലവറയിൽ എന്നോ കെട്ടുപോയ നിലവിളക്ക് വീണ്ടും കൊളുത്താൻ, സ്നേഹത്തിന്റെ കലവറയിൽ ഇനിയൊരു സമൃദ്ധിയുടെ പൂക്കാലമൊരുക്കാൻ അവൾ. കാറ്റിൽ അലകളായുരുന്ന മുടിയിഴകൾ കൈകൊണ്ട് കോതിയൊതുക്കി 
അവൾ എന്റെ അരികിലേക്ക് നടന്നെത്തുകയാണ്‌. 
അവളെ ഞാൻ എങ്ങിനെയാണ്‌ സ്വീകരിക്കുക? 
ഈ വഴിയരികിൽ താലപ്പൊലിയേന്തി നിൽക്കാൻ 
പൊയ്പ്പോയ കാലത്തിന്റെ സ്വപ്നങ്ങളെ കൊണ്ടുവന്നു നിർത്തിയാലോ? 
പനിനീർ തളിക്കുവാൻ കൊഴിഞ്ഞുവീണ രാവുകളിൽ നിന്നും അടർന്നുപോയ നക്ഷത്രകിന്നരൻമാരെ വിളിച്ചാലോ? 
എന്താണ്‌ വേണ്ടത്? എനിക്കാകെ പരിഭ്രമമായി. 
അവളെ എങ്ങിനെയാണ്‌ സ്വീകരിക്കുക? അറിയില്ല. 
ഇത് ദിവ്യതയാണ്‌. പ്രണയം ചൊരിയുന്ന മധുരം. 
പരിഭവത്തിന്റെ പൂക്കൾ ചൂടിയ അധരം. 
അതൊന്നും എനിക്കറിയില്ലല്ലോ. ഇതാ.... 
അവൾ എന്നരികിലേക്ക്... അയ്യോ.! 
എന്റെ ഹൃദയമെന്തിനാണ്‌ ഇത്രയും വേഗത്തിൽ മിടിക്കുന്നത്? 
ജാലകപ്പടിയിൽ മഞ്ഞുനീരിറ്റുവീഴുന്ന ഈ സായാഹ്നസൗമ്യതയിലും 
ഞാൻ ഇങ്ങിനെ വിയർക്കുന്നതെന്തിന്‌? 
ഞാൻ എന്താണ്‌ അവളോട് പറയേണ്ടത്? 
എന്റെ മുന്നിൽ എത്തിക്കഴിഞ്ഞു അവൾ. 
പക്ഷെ..... ഞാൻ! 
എന്റെ കൈകാലുകളിൽ ആരോ ചങ്ങലയിട്ടതുപോലെ. 
ഞാൻ ഒരു കൽപ്രതിമപോലെ നിശ്ചലനയായിതീരുകയാണല്ലോ. 
ഇതെന്തൊരു കഷ്ടമാണ്‌. 
എന്റെ തൊട്ടുമുന്നിൽ വന്നുനിന്ന്  
 എന്റെ കണ്ണുകളിൽ നോക്കി എന്തൊക്കെയാണ്‌ അവൾ ചോദിക്കുന്നത്? 
ഒന്നും എനിക്ക് കേൾക്കാൻ കഴിയുന്നില്ലല്ലോ. 
എന്റെ ചെവിയിൽ ഉരുകുന്ന ലാവ ആരാണ്‌ കോരിയൊഴിച്ചത്? 
ഞാൻ അവളോട് ചിരിക്കാൻ ശ്രമിച്ചു. 
എങ്കിലും എന്റെ ചുണ്ടുകൾ ഐസുകട്ടകളെപോലെ വിറങ്ങലിച്ചുനിന്നതല്ലാതെ... 
ഇതെന്തൊരു പരീക്ഷണമാണ്‌?!
അവളോട് ഒന്ന് പുഞ്ചിരിക്കാൻ പോലും എനിക്ക് കഴിയുന്നില്ലല്ലോ. 
കുട്ടിയുടെ പേരെന്താന്നാ പറഞ്ഞത്? 
തീർച്ചയായും ഞാൻ ചോദിച്ചതാണ്‌. 
പക്ഷെ എന്റെ നാക്ക്... 
എന്റെ നാവ് ആരോ അറുത്തെടുത്തിരിക്കുന്നു. 
വായ്ക്കകത്ത് രക്തത്തിന്റെ ഉപ്പുരസം നിറയുന്നത് ഞാനറിഞ്ഞു. 
വായ് തുറന്നതേയില്ല. 
തുറന്നാൽ രക്തം ഛർദ്ദിക്കുന്ന എന്നെ കണ്ട് അവൾ...! 
വേണ്ട എന്റെ ഭാവം കണ്ടുതന്നെ അവൾ പകച്ചുപോയിരിക്കുന്നു. അതുകൊണ്ടുതന്നെയായിരിക്കണം 
 എന്നെ ചുമലിൽ കുലുക്കി പലതും കൊഞ്ചിപറയുന്നത്. 
എന്തേ ഒന്നും മിണ്ടാത്തത്? 
പേരെന്താണ്‌ എന്നെങ്കിലും ചോദിച്ചുകൂടെ? 
ഞാൻ സുമയാണ്‌. 
മനസ്സിന്റെ പൊന്നിലയിൽ സ്നേഹത്തിന്റെ കുളിർചന്ദനവും 
പനിനീരുമായ് വന്ന സുമ. എന്നൊക്കെയായിരിക്കും ചിലപ്പോൾ അവൾ... 
പക്ഷെ എനിക്കൊന്നും കേൾക്കാൻ കഴിയുന്നില്ലല്ലോ. 
ഒഴുകുന്ന കണ്ണീരുകൊണ്ട് അവളുടെ  കവിൾത്തടം നനയുന്നത് ഞാൻ കണ്ടു. 
പ്രിയപ്പെട്ട സുമെ.. 
എന്റെ പെൺകുട്ടീ, നിന്നെ എനിക്കിഷ്ടമാണ്‌. 
നിന്നെയല്ലാതെ ആരെയാണ്‌ ഞാനിഷ്ടപ്പെടുക. 
എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു. 
പക്ഷെ എന്റെ നാക്ക്... 
അതിന്റെ മുറിവായിൽ നിന്നും ഇപ്പോഴും രക്തം ഒഴുകുകയാണല്ലോ. 
അവൾ എന്റെ മുന്നിൽ ഒരു വാടിയ പൂവുപോലെ നിന്നു. 
അവളുടെ നീലക്കണ്ണുകൾ പിന്നേയും പിന്നേയും നിറഞ്ഞു. 
ആ കണ്ണുനീർ തുടയ്ക്കാൻ, അവളെ കെട്ടിപ്പിടിച്ച് 
മാറോട്  ചേർത്ത് ഉമ്മവെയ്ക്കാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ... 
അങ്ങിനെയെങ്കിലും എന്റെ സ്നേഹം അറിയിക്കാമായിരുന്നു. 
മനസ്സ് അലമുറയിട്ട് കരഞ്ഞു. 
കണ്ണുകൾ രക്തം ചൊരിയുകയാണെന്ന് കരുതി. 
ഒടുവിൽ അതാ അവൾ തിരിച്ചുപോവുകയാണ്‌. 
എന്നെ സ്നേഹത്തിന്റെ സ്വർഗ്ഗീയതയിലേക്ക് 
കൈപിടിച്ച് നടത്താൻ വന്ന എന്റെ സുമ... 
അവളെന്നെ വിട്ടുപോവുകയാണ്‌. 
ഒരു പുഞ്ചിരിയുടെ വാടിയ പൂവുപോലും പകരം ലഭിക്കാതെ 
എന്റെ സുമ നടന്നകലുകയാണ്‌. ഈശ്വരാ... 
ഈ ശപ്തനിമിഷത്തിന്റെ വേദന അനുഭവിക്കാനും മാത്രം 
എന്ത് തെറ്റാണ്‌ ഞാൻ ചെയ്തത്? 
കരയാൻ കഴിയാതെ ഒന്നു തളരുവാൻ പോലും കഴിയാതെ ഞാൻ നിന്നു. 
അവൾ മഞ്ഞുപാളികൾപ്പുറത്തെ നീലശൂന്യതയിൽ ലയിക്കുകയാണ്‌. 
അപ്പോഴാണ്‌ എന്നെ പൊതിഞ്ഞുനിന്ന നിശ്ചലതയിൽ നിന്നും 
എനിക്ക് മോചനം ലഭിച്ചത്.

Read more...

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP