ഓർമകളേ... വിട!

>> 2014, ഫെബ്രുവരി 1, ശനിയാഴ്‌ച


അന്തിവെയിലിൽ നിഴലുകൾ തളർന്നുറങ്ങുന്ന 
വെള്ളാരംകുന്നിലെ പൂത്തുലഞ്ഞ ഇലഞ്ഞിമരത്തിന്റെ കീഴിൽ 
ഭൂതകാല സ്മരണകൾ അയവിറക്കി 
അയാൾ ഒരു നിമിഷം നിശ്ചലനായി ഇരുന്നു. 
അവസാനം തിരിച്ചെത്തിയിരിക്കുന്നു, 
വളരെ നീണ്ട പ്രയാണത്തിനുശേഷം.. 
ഇവിടെ പരിഷ്കാരത്തിന്റെ പൊയ്മുഖമണിയാത്ത ഈ ഗ്രാമത്തിൽ, 
ചിരകാല സ്വപ്നങ്ങളുടെ കാവൽക്കാരിയായ സുമയെ തേടി, 
മൂകമായ നിമിഷങ്ങളിൽ മൗനദുഖങ്ങളുടെ അസ്വസ്ഥമായ ദീനരോദനം കേൾക്കാൻ വർഷങ്ങളിലെ ചുടുനിശ്വാസവും പേറി, 
കാലാന്തരത്തിന്റെ മരുഭൂമിയിലെവിടെയോ കൈമോശം വന്ന് 
നഷ്ടപ്പെട്ട സ്വപ്നങ്ങളുടെ വിരിമാരിൽ മുഖമണച്ച് തേങ്ങുവാൻ.. 
ഒരിക്കലും പൂവണിയാത്ത മോഹങ്ങളുടെ 
ഭാരിച്ച ചുമടുമായി വിസ്മൃതിയുടെ സുഷുപ്തിയിൽ 
ലയിച്ചുകഴിഞ്ഞ മധുരസ്വപ്നങ്ങളെ തൊട്ടുണർത്താൻ.. 
വെള്ളിക്കൊലുസിന്റെ നാദമുണർത്തുന്ന 
പാദപതനങ്ങൾക്കായി കരിവളകളുടെ പൊട്ടിച്ചിരികൾക്കുവേണ്ടി 
അയാളുടെ മനസ്സ് മോഹിക്കുകയായിരുന്നു. 
ഇനിയൊരിക്കലും തിരിച്ചുവരാത്ത ഇന്നലകളേ വരൂ... 
ആത്മാർത്ഥമായി എന്നെ പുണരൂ...! 
സ്മരണകൾ വിടർത്തിയ ചിറകിന്റെ തണലിൽ ഞാനൊന്നു മയങ്ങട്ടെ! 
അങ്ങകലെ ചക്രവാള സീമയിൽ അസ്തമിക്കാൻ വെമ്പുന്ന 
പകലിന്റെ ചിറകടി. സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ 
കൂടുകളിൽ ചേക്കേറുന്ന കിളികളുടെ ആരവം. 
നേർത്ത ചൂളം വിളിയോടെ വീശുന്ന കുസൃതിക്കാറ്റിൽ 
അനുരാഗത്തിന്റെ ഈരടി പാടുന്ന മുളംകാട്.
താളം പിടിക്കുന്ന താഴ്വരകളിൽ വിരിയുന്ന കൈതപ്പൂക്കളുടെ മാദകഗന്ധം, 
കാട്ടുചെടികളെ കുളിരണിയിച്ചുകൊണ്ടൊഴുകുന്ന കാട്ടരുവിയോട് 
വിഷാദനിമഗ്നനായി അയാൾ തിരക്കി, 
എന്റെ മധുരസ്വപ്നങ്ങളുടെ കാവൽക്കാരിയായ സുമ എവിടെ? 
മോഹങ്ങളും മോഹഭംഗങ്ങളും നിറഞ്ഞ കഥകൾ പറയുന്ന 
ഏതോ അറിയപ്പെടാത്ത ലോകത്തേക്ക് അയാളറിയാതെ 
അയാളുടെ മനസ്സ് വഴുതി വീഴുകയായിരുന്നു. 
നാളെ പുതുമയുടെ ആശ്വാസവുമായി പുലരി വിടരുമ്പോൾ 
വരണ്യമാല്യവുമായി എത്തുന്ന വരന്‌ സമ്മാനിക്കാൻ 
വർണ്ണനൂലുകൾ കൊണ്ട് കിനാവുകൾ നെയ്യുന്ന സുമ എന്നെ ഓർക്കുന്നുണ്ടോ? 
പോക്കുവെയിലിൽ അരുണിമ പടരുന്ന 
കപോലങ്ങളിൽ ലജ്ജയുടെ നീലനിലാവുമായി 
ശിരസ്സിൽ പൂ കെട്ടി കൈനിറയെ കരിവള അണിഞ്ഞ് 
വെള്ളാരംകുന്നിലെ കാട്ടരുവിയുടെ തീരത്ത് 
കൈതപ്പൂക്കൾ തേടിവന്ന സുമ, 
നിന്നെ അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്പോൾ എന്നിൽ 
സങ്കൽപ്പങ്ങൾ സ്വർണ്ണഗോപുരങ്ങൾ പടുത്തുയർത്തുകയായിരുന്നു. 
നമ്മുടെ പരിചയം പ്രണയമായി മാറിയപ്പോൾ 
നീ ഒരു ചിത്രശലഭത്തെ പോലെ എന്നിൽ നിന്നും 
പറന്നകലുന്നതിന്നുമുമ്പ് നിന്നെ സ്വന്തമാക്കാനുള്ള 
അഭിനിവേശം എന്നിൽ അനുദിനം വളർന്നുകൊണ്ടിരുന്നു, 
നിശയുടെ അന്ത്യയാമങ്ങളിൽ മാനത്ത് മധുമാസ ചന്ദ്രിക വിടരുമ്പോൾ 
വെള്ളാരം കുന്നിലെ പൂത്തുലഞ്ഞ ഇലഞ്ഞിമരത്തിന്റെ കീഴെ വെച്ച്
നിന്റെ നീണ്ടുനിവർന്ന നയനങ്ങളിലേക്കുറ്റു നോക്കിയപ്പോൾ 
ജീവിതകാലം മുഴുവൻ ഒരുമിച്ചു കഴിയാൻ 
ഞാൻ എത്രമാത്രം ആശിച്ചു..! 
വേനലിന്റെ തീക്ഷ്ണതയിൽ ചിറക് കരിഞ്ഞ 
വേഴാമ്പലിനെ പോലെ ഓർമകൾ വേട്ടയാടുന്നു!

Read more...

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP