കണ്ണേട്ടൻ ഒരോർമ്മ.

>> 2017, മാർച്ച് 26, ഞായറാഴ്‌ച


പൂച്ചക്കാട്ടെ എന്റെ ബാല്യം. 
തികഞ്ഞ ഗാന്ധിയനായ എന്റെ പിതാവ് ഒരു കോൺഗ്രസ് അനുഭാവിയായിരുന്നു. 
RSS എന്ന വാക്ക് പോലും കേട്ടിട്ടില്ലാത്ത എന്റെ കുട്ടിക്കാലം 
ഏവരുമെന്ന പോലെ ഞാനും കോൺഗ്രസ്സായിരുന്നു. 
ചുറ്റുപാടും കോൺഗ്രസ്സും മാർക്സിസ്റ്റും ഇടകലർന്ന അന്തരീക്ഷം. 
ആറാം ക്ളാസിൽ ഒന്നാമനായി വിലസുന്ന പ്രായം. 
ഒരു ദിവസം എന്റെ അമ്മാവൻ ശ്രീ. ഗോപാലൻ എന്റെ വീട്ടിൽ വന്നു. 
അമ്മാവന്റെ കൊമ്പൻ മീശയും താടിയുമെന്ന പോലെ എന്നെ ആകർശിച്ചത് 
അദ്ദേഹത്തിന്റെ വലത് കയ്യിൽ കണ്ട ഒരു ചരടാണ്‌. 
അമ്മാവൻ പോകുന്നത് വരെ ഞാൻ ശ്രദ്ധിച്ചത് മുഴുവൻ ആ ചരടായിരുന്നു. 
അമ്മാവൻ പോയി കഴിഞ്ഞപ്പോൾ ആ ചരടിനെ കുറിച്ച് എന്റെ അപ്പനോട് ചോദിച്ചു. 
“അത് ജനസംഘക്കാർ കെട്ടുന്ന ചരടാണ്‌. ” മറുപടി കേട്ടതും 
അന്ന് രാത്രി മുഴുവൻ അതെ കുറിച്ചായി എന്റെ ചിന്ത. 
എന്താണീ ജനസംഘം? അവർക്ക് മാത്രമായി എന്തിനീ ചരട്?.. 
ഒരാഴ്ചയോളം എന്റെ സംശയം കൊണ്ടുനടന്നു. ഒടുവിൽ അപ്പനോട് തന്നെ ചോദിച്ചു. 
“ഗാന്ധിയെ കൊന്ന സംഘമണ്‌ ജനസംഘം. 
അവർ മാത്രമേ അത് കെട്ടുകയുള്ളൂ” അപ്പൻ പറഞ്ഞത് കേട്ടപ്പോൾ 
അല്പ്പം ഞെട്ടലുണ്ടായെങ്കിലും ആ ചരടിന്റെ മാന്ത്രികത എന്നെ വല്ലാതെ അലട്ടി. 
പിന്നീടുള്ള രാത്രികളിൽ ഞാൻ ആ ചരട് കെട്ടിനടക്കുന്ന സ്വപ്നങ്ങളായിരുന്നു കൺനിറയെ. 
സ്കൂൾ അടച്ച സമയം ഞാൻ ചേറ്റുകുണ്ടിലെ അമ്മവീട്ടിൽ പോയി. 
അമ്മാവൻ അവിടെയായിരുന്നു താമസിച്ചിരുന്നത്. 
കുശലാന്വേഷണങ്ങൾക്കൊടുവിൽ സമൃദ്ധമായ ഭക്ഷണവും 
കഴിഞ്ഞൊരു ഇടവേളയിൽ അമ്മാവനോട് ആ ചരടിനെ കുറിച്ച് ചോദിച്ചു. 
അത് രക്ഷാബന്ധനാണെന്നും ചേറ്റുകുണ്ടിലെ ബീഡികണ്ണന്റെ അടുക്കൽ പോയാൽ കെട്ടിത്തരുമെന്നും അമ്മാവൻ പറഞ്ഞു. പിന്നെ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല. അപ്പോൾ തന്നെ അവിടെ നിന്നിറങ്ങി ചേറ്റുകുണ്ടിലെത്തി 
ബീഡികണ്ണേട്ടന്റെ കമ്പനി അന്വേഷിച്ചു. 
കമ്പനിയിലെത്തിയപ്പോൾ അഞ്ചെട്ട് പേർ അവിടെ ബീഡി 
തെരച്ചുകൊണ്ടിരിക്കുകയായിരുന്നു. 
ബീഡികണ്ണേട്ടൻ ആരാണെന്ന് ചോദിച്ചപ്പോൾ ഒരാൾ സ്വയം അടുക്കൽ വന്നു. 
ഞാൻ വന്ന കാര്യം പറഞ്ഞു.  എന്നെ കുറിച്ചും അദ്ദേഹം  ചോദിച്ചു. 
പൂച്ചക്കാടാണെന്നും ഇവിടെ അമ്മാവന്റെ വീടുണ്ടെന്നും അമ്മാവൻ പറഞ്ഞതനുസരിച്ചാണ്‌ വന്നതെന്നും പറഞ്ഞപ്പോൾ കണ്ണേട്ടന്‌ വളരെയധികം സന്തോഷമായി. 
രക്ഷാബന്ധനെ കുറിച്ചും രാഖിയെ കുറിച്ചും പറഞ്ഞുതന്നെങ്കിലും 
അന്നതൊന്നും തലയിൽ കയറിയില്ല. 
കണ്ണേട്ടൻ ഒരു രാഖിയെടുത്ത് എന്റെ വലത് കയ്യിൽ കെട്ടിതന്നപ്പോൾ 
സത്യത്തിൽ എന്റെ ശരീരത്തിൽ ഒരു മിന്നൽപിണർ കടന്നുപോയപോലെ തോന്നി. 
ഭാവിയിൽ നീയൊരു നല്ല സ്വയം സേവകനായിത്തീരുമെന്നും 
എന്നേക്കാൾ കൂടുതൽ അറിവ് നേടാൻ നിനക്കാവുമെന്നും പറഞ്ഞ് 
ഒരു രൂപ നാണയവും തന്ന് ആശീർവദിച്ചു. 
കയ്യിൽ കെട്ടിയ രാഖിയെ തിരിച്ചും മറിച്ചും നോക്കി തെക്കുപുറം വഴി 
പൂച്ചക്കാട് ചിറക്കാൽ എന്റെ വീട് വരെ നടന്നുവന്നു. 
ഒരു രാജ്യം പിടിച്ചടക്കിയ പ്രതീതിയായിരുന്നു എനിക്കപ്പോൾ. 
പിന്നീട് കണ്ണേട്ടൻ പറഞ്ഞ വാക്കുകളായിരുന്നു 
എന്റെ മനസ്സ് നിറയെ, ഒരു സ്വയംസേവകനാവുക എന്നത്. 
തുടന്നങ്ങോട്ട് കൂടുതൽ കൂടുതൽ വായിക്കാനും പഠിക്കാനും അറിവ് നേടാനും കഴിഞ്ഞതോടെ അതുവരെ ധരിച്ചുവെച്ചതും പഠിച്ചതും നുണകളും 
കാപട്യം നിറഞ്ഞതുമാണെന്ന് മനസ്സിലാക്കുകയും വർഷങ്ങളോളം 
സംഘത്തെ ദൂരെനിന്നും സ്വയംസേവകരെ അടുത്തുനിന്നും 
അറിയാനിടയായതിനെ തുടർന്ന് പള്ളിപ്പുഴയിൽ തമ്പാൻ ഏട്ടൻ 
മുഖ്യശിക്ഷകനായ ശാഖയിൽ ഞാനുമൊരു സ്വയംസേവകനായി 
പങ്കെടുക്കുകയും പിന്നീട് ചേറ്റുകുണ്ടിലെത്തി കണ്ണേട്ടനെ കാണുകയും 
ചെയ്തപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞനുഗ്രഹിക്കുകയും ചെയ്ത 
അദ്ദേഹത്തിന്റെ ആ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. 
ചേറ്റുകുണ്ടിലെ ചന്ദ്രാണിസ്വാമിയുടെ സ്ഥലത്ത് ഓട്ടോറിക്ഷ ഗംഗേട്ടൻ 
മുഖ്യശിക്ഷക്കും ഞാൻ ശിക്ഷക്കായും ശാഖ നടക്കുന്ന കാലം. 
രാവിലെ 6 മണിക്കാണ്‌ പ്രഭാത ശാഖ. 
പല സ്വയംസേവകരും സമയം കഴിഞ്ഞ് വരുമെങ്കിലും 
കണ്ണെട്ടൻ എന്നും കൃത്യം 6 മണിക്ക് ആദ്യത്തെ വിസിൽ മുഴങ്ങുമ്പോൾ തന്നെ 
“സം പത” ചെയ്യാനുണ്ടായിരിക്കും. അദ്ദേഹത്തിന്റെ ആ കൃത്യനിഷ്ഠത 
എനിക്ക് പിന്നീട് പല അവസരങ്ങളിലും ചേറ്റുകുണ്ടിൽ സംഘപ്രവർത്തനം നടത്താൻ ഭാഗ്യമുണ്ടായപ്പോൾ അനുഭവപ്പെട്ടിട്ടുണ്ട്. അതുപോലെ സംഘത്തിന്റെ ഏത് കാര്യത്തിനും ധനസഹായത്തിനായി കണ്ണേട്ടനെ സമീപിച്ചാൽ 
അന്ന് വാടകറൂമിൽ കഴിയുന്ന കണ്ണേട്ടൻ ഒരു നല്ല തുക തന്ന് സഹായിക്കാറുണ്ടായിരുന്നു. തുടർന്നുള്ള എന്റെ പ്രവർത്തനത്തിന്റെ ഭാഗമായി 
ഒട്ടേറെ കള്ളക്കേസ്സുകളിൽ ലീഗുകാർ എന്നെ ഉൾപ്പെടുത്തി ഭരണത്തിന്റെ ഹുങ്കിൽ 
തളർത്താൻ ശ്രമിച്ചപ്പോഴും എനിക്ക് താങ്ങും തണലുമായി സഹായിച്ചതും 
കണ്ണേട്ടന്റെ തുറന്ന മനസ്സാണ്‌. 
സ്വന്തം വീട് പോലും ഉപേക്ഷിച്ച് ചേറ്റുകുണ്ടിൽ സംഘസ്ഥാനിൽ തന്നെ 
താമസമാക്കിയായിരുന്നു എന്റെ പ്രവർത്തനം. 
അതിൽ ഒരുപാട് വേദനിച്ച കണ്ണേട്ടൻ ഒരുദിവസം എന്നെ വിളിച്ചുകൊണ്ടുപോയി 
അച്ഛനേയും അമ്മയേയും ഒരിക്കലും മറക്കരുതെന്നും 
അവരാണ്‌ യഥാർത്ഥത്തിൽ കാണപ്പെട്ട ദൈവമെന്നും 
മറ്റുള്ളതൊക്കെ കണാത്ത ദൈവങ്ങളാണെന്നൊക്കെ പറഞ്ഞ് 
ഒരുപാട് ഉപദേശം തരികയുണ്ടായി. 
തികഞ്ഞ ഒരു സ്വയംസേവകന്‌ അത്യാവശ്യം വേണ്ടത് സ്വഭാവഗുണമാണെന്നും 
അതിൽ പ്രധാനം മാതാവിനും പിതാവിനും നൽകേണ്ട സ്നേഹമാണെന്നും 
അവരുടെ അനുഗ്രഹമാണ്‌ നമ്മളോരുത്തരുടേയും മുന്നോട്ടുള്ള ഗതി 
നിർണ്ണയിക്കുന്നതെന്നും പറഞ്ഞപ്പോൾ എന്റെ കണ്ണ്‌ നിറയുകയും 
സ്വന്തം വീട്ടിൽ പോകാൻ ഞാൻ തയ്യാറാവുകയും ചെയ്ത കാര്യവും ഓർക്കാതിരിക്കാൻ വയ്യ. ഏറ്റവുമൊടുവിലായി ഒരു വർഷം മുമ്പ് ചേറ്റുകുണ്ടിൽ വെച്ച് കണ്ടപ്പോൾ 
എന്റെ വാക്കുകളിലും പ്രവർത്തിയിലും കണ്ണേട്ടൻ അഭിനന്ദിച്ചപ്പോഴും 
അവ്യക്തമായ ചില ചിന്തകൾ കണ്ണേട്ടനെ വല്ലാതെ അലട്ടുന്നുണ്ടെന്ന് 
എനിക്ക് മനസ്സിലായി. 
വ്യക്തി ബന്ധങ്ങൽക്കപ്പുറം ഒരു സമൂഹത്തിന്റെ നൻമയ്ക്കായി 
സ്വജീവിതം പോലും തൃണവൽഗണിച്ച 
ഒരു വലിയ മനുഷ്യനായിരുന്നു കണ്ണേട്ടൻ. 
കണ്ണേട്ടന്റെ അകാലത്തിലുള്ള ഈ വേർപാട് ഒരു വലിയ നഷ്ടം തന്നെയാണ്‌. 
കണ്ണേട്ടൻ കെട്ടിത്തന്ന അ രാഖി ഒരായിരം കൈകൾക്ക് കെട്ടിക്കൊടുക്കാൻ 
എനിക്ക് സാധിച്ചതാണ്‌ ആ വലിയ മനുഷ്യനോടുള്ള എന്റെ കടപ്പാടിനുള്ള പ്രതിഫലം. 
ചിതയിൽ അഗ്നിയിൽ എരിഞ്ഞമർന്നെങ്കിലും 
കണ്ണേട്ടൻ തുറന്നുവിട്ട സംഘാവേശം 
അണയാത്ത അഗ്നിയായി ജ്വലിച്ചുകൊണ്ടേയിരിക്കും. 
പ്രണാമം.!

Read more...

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP