ഒരന്വേഷണം

>> 2011, മാർച്ച് 20, ഞായറാഴ്‌ച

നീണ്ട ഇരുപത്തിയഞ്ച് വർഷങ്ങൾ!
കാലത്തിന്റെ കൈപ്പിടിയിൽനിന്നും ഓർമകളിലൂടെ 

മരണമില്ലാത്ത, മറക്കാനാവാത്ത ആത്മബന്ധം.
കുത്തികുറിക്കലിലൂടെ ജീവിതം കൊണ്ട് കവിത രചിച്ചവൻ. 

പ്രവാചകനല്ല, എങ്കിലും ഒരു യോഗിവര്യന്റെ മനസ്സുമായ് 
സ്വർഗം സൃഷ്ടിക്കാമെന്ന് വെറുതെ സ്വപ്നം കണ്ട് നടന്നവൻ. നളിനൻ!
നീണ്ടുമെലിഞ്ഞ ശരീരവും പതിഞ്ഞ സംസാരവുമായി 

ആരേയും പെട്ടെന്നടുപ്പിക്കുന്ന പ്രകൃതം.
കയ്യൂരിന്റെ കനലെരിഞ്ഞ മനസ്സിൽ വിപ്ളവത്തിന്റെ നിണമൊഴിഞ്ഞ മണ്ണിൽ
ഒരു സാധാരണ കുടുംബത്തിൽ പിറന്നവൻ.
മുലപ്പാലിന്റെ മധുരം നുകരാനുള്ള ഭാഗ്യമുണ്ടായില്ലെങ്കിലും 

അമ്മ എന്ന വികാരം നളിനേട്ടനിൽ രൂക്ഷമായിരുന്നു.
ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ടതിന്റെ ഏകാന്തത 

ഒരുപക്ഷെ പില്ക്കാലജീവിതത്തിലും അനുഭവപ്പെട്ടു.
യദൃശ്ചികമായിട്ടാണ്‌ ഞാൻ നളിനേട്ടനെ കണ്ടുമുട്ടുന്നത്.
കാഞ്ഞങ്ങാട് പട്ടണത്തിന്റെ അധികം തിരക്കില്ലാത്ത 

ഒരു ഭാഗത്തായി സ്ഥിതി ചെയ്തിരുന്ന
ഒരു പ്രസ്സിലായിരുന്നു ഞങ്ങൾ ജോലി ചെയ്തിരുന്നത്.
പരിചയം വളർന്ന് ആത്മസുഹൃത്തുക്കളാകാൻ 

അധികം ദിവസങ്ങൾ വേണ്ടിവന്നില്ല.
ജയനാദം എന്ന പത്രത്തിന്റെ വർക്കാണ്‌ ഞങ്ങൾക്കേറെയും.
x-ray പത്രവുമായി കാഞ്ഞങ്ങാടിന്റെ ഗ്രാമ്യമനസ്സിൽ 

അണിയറ രഹസ്യങ്ങളുടെ പിന്നാമ്പുറകഥകളുമായി 
രംഗത്ത് വന്ന രാഘവേട്ടനാണ്‌ പത്രാധിപർ.
പ്രിന്റരായി നളിനേട്ടനും കമ്പോസിങ്ങിൽ എന്നെ കൂടാതെ മൂന്ന് തരുണീമണികളും.
ജോലിത്തിരക്കനുഭവപ്പെടുമ്പോഴൊക്കെ രാത്രികളിൽ

ഞങ്ങൾ പ്രസ്സിൽ തന്നെ കിടന്നുറങ്ങും.
രാവേറെ ചെല്ലുമ്പോൾ ഉറക്കമില്ലാത്ത രാത്രികളിൽ ഞങ്ങൾ 

സെക്കന്റ്ഷൊ സിനിമ പതിവാക്കി.
ദിവസങ്ങളും മാസങ്ങളും ഞങ്ങളുടെ ബന്ധത്തെ കൂടുതൽ അടുപ്പിച്ചു.
ചില രാത്രികളിൽ ഞങ്ങൾ നീലേശ്വരം രാഗം സ്റ്റുഡിയോവിലായിരിക്കും കിടപ്പ്.
രാഗം വിദ്യാധരേട്ടൻ നളിനേട്ടന്റെ നാട്ടുകാരനായിരുന്നു.
കയ്യൂർ സമരകേസ്സിൽ തൂക്കുമരത്തിൽനിന്ന് 

രക്ഷപ്പെട്ട ചൂരിക്കാടൻ കൃഷ്ണൻ നായരുടെ മകൻ വിദ്യാധരൻ.
സ്റ്റുഡിയോയിലെ അന്തിയുറക്കം ചില പുതിയ സുഹൃത്ബന്ധങ്ങൾക്ക് 

വഴിതെളിക്കാൻ സഹായിച്ചു.
ചിലപ്പോൾ വിദ്യാധരേട്ടൻ വീട്ടിലേക്ക് ക്ഷണിക്കും. 

അങ്ങിനെയാണ്‌ ഞാൻ ആദ്യമായി ചൂരിക്കാടനെ കാണാനിടയായത്.
പൂച്ചക്കാടുള്ള എന്റെ വീട്ടിൽ നളീനേട്ടൻ പരിചയപ്പെടുന്നത് പോലീസുകാരനായിട്ടാണ്‌.
വേഷം കെട്ടലിന്റെ ആദ്യത്തെ അധ്യായം.
മാസങ്ങൾ കടന്നുപോയതറിഞ്ഞില്ല. 

അതിനിടയിൽ ഞങ്ങളിൽ എപ്പോഴോ പ്രണയം ജനിച്ചു.
പ്രസ്സിൽ തന്നെയുള്ള സുന്ദരിമായിരുന്നു ഞങ്ങളുടെ പ്രേമഭാജനങ്ങൾ.
തുറന്നുപറയാൻ ഞങ്ങൾക്ക് ഭയമായിരുന്നെങ്കിലും 

ഞങ്ങൾ രഹസ്യമായി അവരെ ആവോളം സ്നേഹിച്ചു.
ഓരോ നോക്കിലും ഇടയ്ക് വീണുകിട്ടിയ വാക്കിലും 

മനപ്പൂർവമേല്പ്പിക്കുന്ന സ്പർശനത്തിലും ഞങ്ങളുടെ പ്രണയം വളർന്നു.
പ്രണയച്ചൂടിൽ ദിവസങ്ങൾ കൊഴിഞ്ഞതറിഞ്ഞില്ല. 

അതിനിടയിൽ ഞാനും ഉടമയും തമ്മിൽ ഉടക്കി. ഞാൻ പ്രസ്സിൽനിന്ന് പുറത്തായി.
എങ്കിലും നളിനേട്ടനും ഞാനും രാത്രികളിൽ സന്ധിക്കുമായിരുന്നു. 

മിക്ക ദിവസങ്ങളിലും രാഗം സ്റ്റുഡിയോവിലാണ്‌ ഉറക്കം.
പെട്ടെന്നൊരു ദിവസം പ്രസിൽ വെച്ച് നിർമല എന്ന സുന്ദരി തല കറങ്ങി വീണു.
അസ്പത്രിയിലേക്ക് കൊണ്ടുപോയതും പരിചരിച്ചതും നളിനേട്ടൻ.
പോരെ പൂരം... പിന്നെ പറയണോ.. നിർമലക്ക് നളിനേട്ടനോട് അഗാധ പ്രേമം.
ദിവസങ്ങൾക്ക് നീളം പോര എന്നു തോന്നിത്തുടങ്ങിയ ദിവസങ്ങളായിരുന്നു പിന്നീട്.
പ്രേമം മൂത്തു തളിർത്തു. വീട്ടുകാരറിഞ്ഞു. നിർമല വീട്ടുതടങ്കലിൽ.
നളിനേട്ടനും പ്രസ് വിട്ടു. 

കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിനടുത്തുള്ള രചന പ്രസ് നളിനേട്ടൻ വിലക്ക് വാങ്ങി.
പിന്നെ ഞങ്ങളുടെ ഊണും ഉറക്കവും പ്രസിൽ തന്നെയായി. 

നിർമലയുടെ ഒരു വിവരവുമില്ല.
എല്ലാം ഞങ്ങൾ മറക്കാൻ ശ്രമിച്ചു. 

അതിനിടയിൽ ഒരു രസകരമായ സംഭവം ഉണ്ടായി.
പ്രസിൽ ജോലി ചെയ്യാനെത്തിയ ഒരു കുട്ടിയുടെ വീട്ടിലേക്ക് ഞങ്ങളെ ക്ഷണിച്ചു.
എല്ലം നഷ്ടപ്പെട്ടുകൊണ്ടിരികുന്ന ഞങ്ങൾക്ക് ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.
രാവിലെ 10 മണിയോടെ തന്നെ രണ്ട് മണിക്കൂറോളം 

ബസ് യാത്ര ചെയ്ത് അവളുടെ വീട്ടിലെത്തി.
സ്നേഹമയിയായ അമ്മയും ഡിഗ്രിക്ക് പഠിക്കുന്ന അവളുടെ 

ചേച്ചിയും മാത്രമാണ്‌ ആ വീട്ടിലുള്ളത്.
ഞങ്ങളെ എങ്ങനെ സല്ക്കരിക്കണമെന്നതിലുള്ള 

വെപ്രാളത്തിൽ അവർ തലങ്ങും വിലങ്ങും ഓടിനടന്നു.
പച്ച്പ്പ് നിറഞ്ഞ പ്രശാന്തസുന്ദരമായ ഗ്രാമം. ഏറെയും കുടിയേറി വന്ന കൃസ്ത്യാനികൾ
അധ്വാനത്തിന്റെ സിംഹഭാഗവും സ്വന്തം സ്ഥലത്ത് വിയർപ്പൊഴുക്കി 

മണ്ണിനെ പൊന്നാക്കിയവർ.
അയൽവക്ക വീടുകളീലൊക്കെ കൊണ്ടുപോയി ഞങ്ങളെ പരിചയപ്പെടുത്തി.
പ്രസ് മുതലാളിയും അവളുടെ ഗുരുവും.
സ്നേഹാന്വേഷണങ്ങൾക്കൊടുവിൽ അമ്മച്ചി പറഞ്ഞു,
“നിങ്ങൾ വരുമെന്നറിഞ്ഞ് ഞങ്ങൾ സ്പെഷലായി വാറ്റിയ സാധനം ഇരിപ്പുണ്ട്.
മുന്തിരിയും പൈനാപ്പിളും മാത്രം ഇട്ടതാണ്‌. എടുക്കട്ടെ.. നിങ്ങൾ കഴിക്കുമോ?”
അതിനെന്നാ .. പോരട്ടെ അമ്മച്ചീ, നമ്മൾ ഇതെത്ര കണ്ടതാ!
ഒരു പാത്രം നിറയെ ഇറച്ചിയും. എന്തെറെച്ചിയാണെന്നൊന്നും ചോദിച്ചില്ല.
വെള്ളം ചേർത്ത് ഒരു ഗ്ളാസ് കഴിച്ചപ്പോൾ വയർ മുഴുവൻ കത്തിയെരിയുന്നതുപോലെ.
എങ്കിലും ഗമ വിടാതെ അവരുടെ മുമ്പിൽ വെച്ച് ഒരു ഗ്ളാസ് കൂടി കഷ്ടപ്പെട്ട് കുടിച്ചുതീർത്തു.
പിന്നെ പറഞ്ഞതൊക്കെ ബലമില്ലാത്ത നാവിന്റെ ഉളുപ്പില്ലാത്ത വാക്കുകളായിരുന്നു
പിന്നെ ഒന്നും ഓർമയില്ല. ഉറക്കമുണർന്നപ്പോൾ കാണുന്നത് ഷർട്ടില്ലാതെ ലുങ്കിയുമായിട്ടാണ്‌.
ഇതെങ്ങിനെ സംഭവിച്ചു? ചുറ്റും നോക്കി. പ്രസ്സല്ല, പുതിയ വീടാണ്‌.
“ ഡ്രസ് കഴുകി ഉണക്കാനിട്ടിട്ടുണ്ട്, കുളിച്ചു വരുമ്പോഴേക്കും ഇസ്തിരി ഇട്ട് തരം മക്കളെ“
നാണം കൊണ്ട് പിന്നെ ഞങ്ങൾക്ക് ഒന്നും പറയാൻ പറ്റിയില്ല.
പിന്നെയെല്ലാം ദ്രുതഗതിയിലായിരുന്നു. കുളിയും കഴിഞ്ഞ് 

എങ്ങിനെയോ പ്രാതലും കഴിച്ച് അവിടെ നിന്നിറങ്ങി.
കാഞ്ഞങ്ങാട് എത്തുന്നത് വരെ ഞങ്ങൾക്ക് മിണ്ടാട്ടമില്ലായിരുന്നു.
പിറ്റേ ദിവസം അവൾ വന്നപ്പോഴാണ്‌ 

തലേദിവസത്തിന്റെ വിശേഷം ശരിക്കും അറിഞ്ഞത്.
കുടിച്ച് കഴിഞ്ഞ് ഉച്ചയ്ക് ഊണ്‌ കഴിക്കാനിരുന്നതായിരുന്നു.
ഇരിക്കാൻ പറ്റാത്ത ഞങ്ങളെ അവർ താങ്ങിയിരുത്തി  

തീറ്റിച്ചപ്പോൾ പിന്നെ ഛർദ്ദിയുടെ ബഹളമായിരുന്നു.
ഭക്ഷണത്തിലും പാത്രത്തിലുമൊക്കെയായി മുഴുവൻ വൃത്തികേടായി.
ശവതുല്യരായ ഞങ്ങളെ അവർ ബാത്റൂമിൽ കൊണ്ടുപോയി കുളിപ്പിച്ച്,
തോർത്തി അമ്മച്ചിയുടെ ലുങ്കിയും ഉടുപ്പിച്ച് അവരുടെ കട്ടിലിൽ കിടത്തി.
ആ രാത്രി അവരും ഞങ്ങളുടെ കൂടെ താഴെ തറയിൽ പായ വിരിച്ച് കിടന്നുറങ്ങി.
സ്വന്തം കൂട്പ്പിറപ്പുകളെപ്പോലെ ഞങ്ങളെ പരിചരിച്ച 

ആ പാവങ്ങളെ ഒരു കാലത്തും മറക്കാൻ ഞങ്ങൾക്കാവില്ല.
നാണകേട് കാരണം പിന്നീടൊരിക്കലും ആ വീട്ടിൽ പോകാൻ ഞങ്ങൾക്കായില്ല.
നിർഭാഗ്യമെന്നു പറയട്ടെ പ്രസ് അനുദിനം നഷ്ടത്തിൽ ഓടാൻ തുടങ്ങി.
ബാങ്ക് ലോൺ ശരിയാക്കി തന്നത് നളിനേട്ടന്റെ ചേട്ടനും 

സെക്രട്ടറിയുമായ വിജയൻ ചേട്ടനായിരുന്നു.
പണി തീരെ കുറഞ്ഞു. പ്രസ് നടത്തികൊണ്ടുപോകാനാവാത്ത അവസ്ഥ.
എന്തു ചെയ്യും? ഞങ്ങൾ തല പുകഞ്ഞാലോചിച്ചു.

പ്രസ് വിറ്റാൽ കിട്ടുന്ന തുഛമായ പണവും ഭീമമായ ലോണും..
അന്നാദ്യമായി ഞങ്ങൾ പട്ടചാരായത്തിന്റെ രുചിയറിഞ്ഞു. 

ലഹരിയുടെ ഉന്മാദവും മനസ്സുമായി നേരം പുലർന്നതറിഞ്ഞില്ല.
വാതിൽ തുറന്ന നളിനേട്ടൻ ഞെട്ടിത്തരിച്ചു. നിർമല!
പുറത്തെ വരാന്തയുടെ ഇടുങ്ങിയ കോണിപ്പടിയുടെ ചുവട്ടിൽ കുനിഞ്ഞുകൂടിയിരിക്കുന്നു.
രാത്രിയിലെപ്പോഴോ എങ്ങിനെയോ എത്തി.
രാത്രിയിൽ ഏറെ നേരം മുട്ടിവിളിച്ചെന്നും ഒടുവിൽ ദേഷ്യവും സങ്കടവും പേടിയും സഹിക്കവയ്യാതായപ്പോൾ തളർന്നിരിക്കയണവൾ.
ചാരായത്തിന്റെ ലഹരിയിൽ ഞങ്ങളുണ്ടോ ഇതറിയുനു!
ആരും കാണാതിരിക്കാനായി ഉള്ളിൽ കയറ്റിയിരുത്തി.
ഞങ്ങളുടെ ഉപദേശങ്ങൾക്കും സാന്ത്വനങ്ങൾക്കൊന്നിനും അവൾ വഴങ്ങുന്നില്ല.
ഇനി എന്തു ചെയ്യും? 

അങ്ങിനെയാണ്‌ വെള്ളിക്കോത്ത് ചാലിയ തെരുവിൽ 
ഒരു വീട് വാടകയ്ക് എടുക്കുന്നത്.
വിഷം വാങ്ങിക്കാൻപോലും പൈസയില്ല. 

അവളുടെ കാതിൽ ആകെയുണ്ടായിരുന്ന അരപ്പവൻ ഞങ്ങൾ ഊരിവാങ്ങി വിറ്റു.
ഒരു മുക്കുപണ്ടത്തിന്റെ താലിമാലയുമായി ഞങ്ങൾ ഇരുട്ടുന്നതിനു മുമ്പെ തിരിച്ചെത്തി.
കഴുത്തിലണിയാൻ അവളുടെ തന്നെ കയ്യിൽ കൊടുത്തു.
നളിനന്റെ ഭാര്യ നിർമല, നിർമലയുടെ ആങ്ങള ഞാനും. 

വേഷം കെട്ടലിന്റെ രണ്ടാം അധ്യായം.
അയല്ക്കാർ എല്ലാവരും എല്ലാ ദിവസവും 

ഈ മാതൃകാ കുടുംബത്തെ കാണാൻ എത്തുമായിരുന്നു.
തീരെ പണിയില്ലാതെയായപ്പോൾ പ്രസ് തുറക്കാതായി. 

ഒടുവിൽ അതു വില്ക്കാൻ തീരുമാനിച്ചു.
ഏതോ ജാതിയിലുള്ള ഒരു പെണ്ണുമായി നളിനൻ കഴിയുന്നതിൽ 

വീട്ടുകാർ പ്രത്യേകിച്ച് ചേട്ടനും എതിർത്തു.
പ്രസ് വിറ്റു എന്നറിഞ്ഞപ്പോൾ അവരുടെ സ്വഭാവവും മാറി. 

ലോൺ തിരിച്ചടക്കാനായി സമ്മർദ്ദമേറി.
ദിവസങ്ങൾ ആഴ്ചകളായി മാറുമ്പോൾ പട്ടിണി ദിവസങ്ങളുടെ മൂർച്ചയും കൂടികൂടി വന്നു.
അന്നൊരു ഞായറാഴ്ചയായിരുന്നു. 

പതിവുണരലിൽ അല്പ്പം നേരം വൈകി കൺതുറന്നപ്പോൾ നളിനേട്ടനെ കാണാനില്ല.
എല്ലാ ദിവസവും ഞാനാണ്‌ ആദ്യം എഴുന്നേല്ക്കുക, 

ഇന്നെന്താണ്‌ പതിവില്ലാതെ...
ഞാൻ പതുക്കെ എഴുനേറ്റ് നോക്കി . കാണുന്നില്ല.
നിർമല കിടന്ന മുറിയിൽ മുട്ടിവിളിച്ചപ്പോൾ വാതിൽ അടച്ചിട്ടില്ല. 

തുറന്നപ്പോൾ അവളും ഇല്ല.
അതെ എന്റെ ആത്മാർത്ഥ സുഹൃത്ത് നിർമലേയും കൂട്ടി , 

ഒരു വാക്കുപോലും പറയാതെ എങ്ങോട്ടോ പോയി.
നേരം വെളുക്കുന്നതിനുമുമ്പെ ഞാനും സ്ഥലം കാലിയാക്കി.
ഇന്നുവരെ നളിനേട്ടനെ കുറിച്ച് ഒരു വിവരവും ഞാനറിയുന്നില്ല.
ഇതിനിടയിൽ തേടാത്ത നാടുകളില്ല, തിരയാത്ത വഴികളുമില്ല,
ഒരിക്കലെങ്കിലും എന്റെ സുഹൃത്തിനെ കാണാൻ കഴിയുമെങ്കിൽ..
ജീവനോടെ എവിടെയെങ്കിലും ഉണ്ടോ എന്നറിയാൻ എന്റെ അന്വേഷണം നീളുന്നു.
ഇഹത്തിലും പരത്തിലും എനിക്ക് മറക്കാനാവാത്ത 

ഒരാത്മബന്ധം ഈ മനുഷ്യനോടുണ്ട്.
കടപ്പാടില്ലെങ്കിലും പറഞ്ഞറിയിക്കാനാവാത്ത ഒരു സുഹൃത്ബന്ധം.
ഇതുവരെയുള്ള യാത്രയിൽ ഞാൻ തിരയുകയാണ്‌ ആ നല്ല സുഹൃത്തിനെ..
നന്മ മാത്രം മനസ്സിൽ സൂക്ഷിച്ച ആ നല്ല മനുഷ്യനെ.
ഗുജറാത്തിൽ പോയപ്പോൾ സൂററ്റ്, ഭറൂച്ച്, വഡോദര, അഹമ്മദാബാദ്...
വയനാട്ടിലുണ്ടെന്നറിഞ്ഞ് ഒരിക്കൽ തിരുനെല്ലി യാത്രയിൽ 

അന്വേഷണം അവിടേയും തുടർന്നു.
ഇനി എന്റെ പ്രതീക്ഷ ഈ “ബൂലോകത്തിലെ ബ്ളോഗികൾക്കിടയിൽ”
അപരനാമത്തിൽ എവിടെയെങ്കിലും ഈ ദുനിയാവിൽ ഉണ്ടാവുമെങ്കിൽ....
പ്രിയപെട്ട സുഹൃത്തെ, 

ശല്യപ്പെടുത്താനല്ല സങ്കടം പറയാനുമല്ല, ഒന്നു കാണാൻ വേണ്ടി മാത്രം.
ഒരു വാക്കുരിയാടാൻ.... പ്ളീസ്....   

5 അഭിപ്രായ(ങ്ങള്‍):

S_Poolany 2011, മാർച്ച് 20 6:57 AM  

Very nice story..keep it up..

Subhash

SUJITH KAYYUR 2011, മാർച്ച് 21 12:07 PM  

bhamgiyaayi.best wishes

ജയരാജ്‌മുരുക്കുംപുഴ 2011, മാർച്ച് 25 10:59 PM  

aashamsakal.........

Unknown 2021, ജൂൺ 29 6:49 AM  

വളരെ നന്നായിട്ടുണ്ട് നമ്മുടെ പാക്കരനെ കുറിച്ചും ഒരു കഥ തയ്യാറാക്കണം തൊണ്ടൻ വിജൄട്ടനും നമ്മളൊക്കെ ഉള്ള കാലം

saleenanahabedian 2022, മാർച്ച് 5 12:56 AM  

The best titanium pipes - TITIAN ART
The best babyliss pro titanium straightener titanium pipes The best gr5 titanium titanium pipes in titanium jewelry North America. The best titanium wedding band titanium pipes in North America. The titanium drill bits best titanium pipe in North America. The best titanium pipe

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP