ശശിയേട്ടന്റെ മരണം ഒരു ഫ്ളാഷ്ബാക്ക്!

>> 2021, ഒക്‌ടോബർ 16, ശനിയാഴ്‌ച

 അന്ന് ഞാൻ മൂന്നാം ക്ളാസിൽ പഠിക്കുകയായിരുന്നു. എല്ലാവരും അടിയാർ സ്കൂൾ എന്ന് വിളിച്ചിരുന്ന ഹരിജൻ വെല്ഫയർ സ്ക്കൂളിലായിരുന്നു ഞങ്ങളിരുവരും പഠിച്ചിരുന്നത്. ശരിക്ക് പറഞ്ഞാൽ 47 വർഷം മുമ്പത്തെ സംഭവം. നാലാം ക്ളാസിൽ പഠിച്ചുകൊണ്ടിരിക്കയായിരുന്ന ശശിയേട്ടനായിരുന്നു ആ സ്കൂളിലെ ലീഡറും മറ്റെല്ലാ കാര്യത്തിലും മുൻപനായി വിലസിയിരുന്നത്. സ്കൂളിൽ മാത്രമല്ല നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവൻ. റെയിൽവെ കൃഷ്ണനളേപ്പന്റെ പെങ്ങൾ കല്ല്യാണീ മൂത്തമ്മയുടെ രണ്ടാമത്തെ മകൻ. മൂത്തത് ചോട്ട നാരായണേട്ടൻ. പെങ്ങൾ ബേബി. അക്കാലം അറുതിയുടേയും വറുതിയുടേയും കാലമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ബീഡി തെറുപ്പായിരുന്നു മുഖ്യ തൊഴിലായി സ്വീകരിച്ചത്. സ്കൂൾ വിട്ടുവന്നാൽ ബീഡിക്ക് നൂൽ കെട്ടാനായി ശശിയേട്ടൻ അയൽപക്കത്ത് താമസിക്കുന്ന കൃഷ്ണേട്ടന്റെ(ഇന്നത്തെ പീടിക കൃഷ്ണേട്ടൻ) വീട്ടിൽ പോകുമായിരുന്നു. അക്കാലത്ത് അധികം വീടുകളില്ല. എല്ലാവരും കൂട്ടുകുടുംബമായി ജീവിക്കുന്നു. കൃഷ്ണനളേപ്പനും കല്ല്യാണി മൂത്തമ്മയും  അവരുടെ അമ്മയായ ചോയിച്ചി വലിയമ്മയും അടങ്ങുന്ന ഓല മേഞ്ഞ വീട്ടിലായിരുന്നു ശശിയേട്ടൻ താമസിച്ചിരുന്നത്. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലും ഓലയും മുളിയും മേഞ്ഞ മേല്ക്കുരയുടെ അകത്തളങ്ങൾക്ക് ഇന്നത്തെ AC റൂം പോലും പകരം വരില്ല. എല്ലാ ദിവസവും ഭക്ഷണം കഴിച്ച് രാത്രി ഏഴ് മണിയോടുകൂടി ബീഡിക്ക് നൂൽ കെട്ടാനായി ശശിയേട്ടൻ കൃഷ്ണേട്ടന്റെ വീട്ടിൽ പോവുക പതിവായിരുന്നു. തൊട്ടടുത്ത പറമ്പിലായിരുന്നു അവരുടെ വീട്. അന്നൊരു കാളരാത്രിയായിരുന്നു. കറുത്ത വാവിന്റെ കൂരിരുട്ടിൽ പതിവുപോലെ ഭക്ഷണം കഴിച്ച് കൃഷ്ണേട്ടന്റെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ കാല്പ്പാദത്തിനു മുകളിലായി എന്തോ കടിച്ചു. അതോടൊപ്പം എലിയുടെ കരച്ചിൽ പോലെ ഒരു ശബ്ദവും കേട്ടു. കൃഷ്ണേട്ടന്റെ വീട്ടിൽ വന്ന് കാര്യം പറഞ്ഞു. വരുന്ന വഴി എലി കടിച്ചെന്നും മുറിവിൽ നിന്ന് ചോര വരുന്നുണ്ടെന്നും പറഞ്ഞു. അവരെല്ലാം കൂടി കാൽ വൃത്തിയാക്കി കെട്ടിക്കൊടുത്തു. എലി കടിച്ചതല്ലെ, ഒന്ന് രണ്ട് ദിവസം ചെറിയ വേദ ഉണ്ടാവും. ബീഡി പണി തുടർന്നു. രാത്രി വൈകിയപ്പോൾ വീട്ടിൽ വന്നു ആരോടും പറയാതെ കിടന്നുറങ്ങി. രാത്രി മുഴുവൻ വേദനയുണ്ടായിട്ടും ആരേയും വിളിക്കാതെ നേരം വെളുപ്പിച്ചു. നേരം വെളുത്തപ്പോൾ കാൽ നീര്‌ വന്ന് വീർത്തിരിക്കുന്നു. അമ്മാവനോട് കാര്യം പറഞ്ഞു. എലിയുടെ കരച്ചിലും എലി കടിച്ച കാര്യവും. രാവിലെ എട്ട് മണിയോടുകൂടി ശശിയേട്ടനേയും കൂട്ടി അമ്മാവൻ നടന്നുകൊണ്ട് ഒരു വൈദ്യന്റെ അടുക്കൽ കൊണ്ടുപോയി. അന്ന് ഇന്നത്തെ പോലെ വാഹനങ്ങളൊന്നും ഇല്ലാത്ത കാലമെന്നോർക്കണം. ഉച്ചയോടെ ശശിയേട്ടനും അമ്മാവനും തിരിച്ചെത്തി. കുറേ മരുന്നും കാഷായവും. മരുന്നരച്ച്  കടി കൊണ്ട കാലിൽ പുരട്ടണം. മൂന്നാം ദിവസം കാൽ ചീർത്ത് വീർത്ത് വിണ്ടുകീറാൻ തുടങ്ങി. പിന്നെ വാഴയിലയുടെ മുകളിലായിരുന്നു കാൽ വെച്ചിരുന്നത്. സഹിക്കാനാവാത്ത വേദനയും. അപ്പോഴും അമ്മയും അമ്മാവനും പണിക്ക് പോകുമായിരുന്നു. പണിക്ക് പോയിട്ടുവേണം അന്നന്നത്തെ അന്നത്തിനു വക കണ്ടെത്താൻ. വീട്ടിൽ ചോയിച്ചി വലിയമ്മ മാത്രം. നാലാമത്തേയോ അഞ്ചാമത്തെയോ ദിവസം രണ്ട് കണ്ണുകളിലും ചോര കല്ലിച്ചുവന്നു. ചോരകണ്ണുകളായി. അപ്പോഴും ഈ വൈദ്യന്റെ മരുന്ന് കൊടുത്തുകൊണ്ടേയിരുന്നു. അന്നുച്ചയോടുകൂടി ചോയിച്ചി വല്യമ്മയോട് കുറച്ച് വെള്ളം കുടിക്കാനായി ആവശ്യപ്പെട്ടു. വലിയയമ്മ അടുക്കളയിൽ പോയി വെള്ളം കൊണ്ടുവന്നു വിളിച്ചപ്പോൾ മിണ്ടാട്ടമില്ല. കണ്ണുകൾ രണ്ടൂം മിഴിച്ചിരുന്നു. ആ രണ്ടുമൂന്നു മിനിട്ടിന്റെ സമയം കൊണ്ട് ശശിയേട്ടന്റെ ജീവൻ പറന്നകന്നു. ഒരുപാട് കാലം ഈ ഭൂമിയിൽ ജീവിക്കേണ്ടവൻ ആരുടേയോ അലംഭാവം കൊണ്ടോ അജ്ഞത കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ഒരു മുറിവൈദ്യന്റെ മരുന്നിൽ ജീവിതം ഹോമിക്കപ്പെട്ടു. അന്ന്  കാഞ്ഞങ്ങാട് താലൂക്ക് ആസ്പത്രി ഉണ്ടായിരുനു എന്നാണ്‌ എന്റെ ഓർമ്മ. നാലഞ്ച് ദിവസം കാൽ വിണ്ട് കീറി കണ്ണുകളിലൂടേ വിഷം പ്രസരിച്ച് കണ്ടിട്ടും ഒരാൾക്കുപോലും ഈ കുട്ടിയെ ആസ്പത്രിയിൽ കൊണ്ടുപോകണമെന്നുപദേശിക്കാൻ തോന്നിയില്ലല്ലോ എന്നോർക്കുമ്പോഴാണ്‌ സങ്കടം. മരിക്കുമ്പോൽ ശശിയേട്ടന്‌ ഒൻപത് വയസ്സ് പ്രായം. സ്വന്തം മകൻ മൃതപ്രായനായി കിടക്കുമ്പോഴും പണിക്കുപോകേണ്ടിവന്ന ആ അമ്മയുടെ ഹൃദയവേദന എന്തായിരിക്കും?  എന്റെ മകനിന്ന് 30 വയസ്സായിട്ടും ഒരു പനി എന്നറിഞ്ഞാൽ കുറയുന്നത് വരെ ആശങ്കപ്പെടുന്ന അവസ്ഥ എനിക്കറിയാം. അപ്പോൾ കല്ല്യാണി മൂത്തമ്മയുടെ മാനസികാവസ്ഥയ്ക്കു മുമ്പിൽ നമിച്ചെ തീരൂ. അറിഞ്ഞവർ ഓടിക്കൂടി. കൃഷ്ണനേളപ്പനേയും കല്ല്യാണീമൂത്തമ്മയേയും ആളയച്ച് വരുത്തി. ഞാനപ്പോൾ സ്കൂളിലായിരുന്നു. സ്കൂളിലും അറിയിപ്പെത്തി. സ്കൂൾ അപ്പോൾ തന്നെ അടച്ചു. എല്ലാ ടീച്ചർമാരും മാഷന്മാരും വിദ്യാർത്ഥികളും ശശിയേട്ടനെ കാണാനെത്തി. അപ്പോ ഞാൻ കണ്ട കാഴ്ച ഒരാൾ ശശിയെട്ടന്റെ മുടിനാരുകൾ കുറച്ച് മുറിച്ച് വെള്ളം നിറച്ച ഒരു പന്ന പാത്രത്തിൽ ഇടുന്നു. ജീവനുണ്ടെങ്കിൽ മുടി പിടയ്ക്കുമത്രെ. ഹൊ എന്തൊരു കണ്ടുപിടുത്തം! എവിടെ പിടക്കാൻ? മരിച്ചതായി സ്ഥിരീകരിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ കൗമാരവും യൗവ്വനവും കടന്നുപോയതോടെ എത്രയോ മരണങ്ങൾക്ക് മുന്നിൽ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഈ ഒരു മരണം എന്റെ ജീവിതത്തിൽ ഒരാൾ മാത്രം. മരിക്കുന്ന ദിവസം രാവിലെ സ്കൂളിലേക്ക് പോകുന്നതിനു മുമ്പ് ശശിയേട്ടനെ പോയി കണ്ടപ്പോൾ ജീവന്‌ വേണ്ടി യാചിക്കുന്ന നിസംഗനായ ശശിയേട്ടന്റെ ദൈന്യമുഖമായിരുനു അവസാനമായി കണ്ടത്. സത്യത്തിൽ കടിച്ചത് എലിയായിരുന്നില്ല. അണലിയെന്നും മണ്ഡലിയെന്നും വിളിക്കുന്ന വിഷപാമ്പായിരുന്ന് കടിച്ചത്. എലിയുടെ കരച്ചിൽ കേട്ടത് ഒരു പക്ഷെ പാമ്പിന്റെ വായിൽ എലി ഉണ്ടായിരുന്നിരിക്കണം.  കൂരാകൂരിരുട്ടിൽ ശശിയേട്ടൻ ചവിട്ടിയത്പാമ്പിന്റെ മുകളിലായിരിക്കും. എലിയെ വിട്ട് കാലിന്മേൽ കടിച്ചു. അതായിരിക്കണം ഒരു പക്ഷെ നിജസ്ഥിതി. കേട്ടവർ കേട്ടവർ പാഞ്ഞെത്തി. ആ പ്രദേശം മുഴുവൻ ജനങ്ങൾ നിറഞ്ഞു. എല്ലാവരുടേയും മുഖത്ത് അമ്പരപ്പ് മാത്രം. അലമുറയിട്ടു കരയുന്ന കല്ല്യാണിമൂത്തമ്മ, കൃഷ്ണനളേപ്പൻ നാരയണേട്ടൻ... രാത്രിയോടെ ശശിയേട്ടന്റെ മൃതദേഹം അടക്കം ചെയ്തു. നീണ്ട വർഷങ്ങളുടെ കാലപഴക്കം ശശിയേട്ടന്റെ മുഖം എന്റെ മനസ്സിൽ നിന്ന് മാഞ്ഞുപോയെങ്കിലും ആ ജ്വലിക്കുന്ന ഓർമ്മ ഇന്നും വിടാതെ കത്തി നില്ക്കുന്നു. ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും  ബാക്കിവെച്ചുപോയ ഒരു പാട് പ്രതീക്ഷകൾ അസ്തമിച്ചു
പോയ എന്റെ പ്രിയപെട്ട ശശിയേട്ടന്‌ ആയിരമായിരം കണ്ണീർപുഷ്പങ്ങൾ അർപ്പിക്കുന്നു.


Read more...

കണ്ണീരോർമ്മ...

>> 2020, ജനുവരി 26, ഞായറാഴ്‌ച

മാധവേട്ടൻ! 
നീണ്ടകാലത്തെ സുഹൃത്ബന്ധമോ 
രക്തബന്ധത്തിന്റെ നൂലിഴയോ ഞങ്ങൾ തമ്മിലില്ല. 
മകൻ സുദേവിന്റെ കല്ല്യാണാലോചനകൾക്കിടയിൽ 
ആകസ്മികമായി വന്നുചേർന്ന ബന്ധത്തിന്റെ 
ഒടുവിൽ ഒരു ദിവസം വന്ന ഫോൺ ബന്ധം മാത്രം. 
മനേഷ് വിളിച്ച് ഫോൺ അച്ഛന്‌ കൈമാറുന്നു. 
ആദ്യത്തെ സംസാരത്തിൽ പതിവിൽ കവിഞ്ഞ് 
അന്നെനിക്ക് ഒന്നും തോന്നിയതില്ല. 
പക്ഷെ ഓരോ ദിവസവും വന്നുകൊണ്ടിരുന്ന 
ഫോൺ വിളിയിൽ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ 
ഒരായുഷ്ക്കാല ബന്ധം പോലെ ഞങ്ങൾ 
അടുത്തുകൊണ്ടിരുന്നു. 
ഒരു ജ്യേഷ്ഠസഹോദരന്റെ എല്ലാ സ്നേഹവും 
വാൽസല്യവും അദ്ദേഹത്തിന്റെ വാക്കുകളിൽ 
നിറഞ്ഞുനിന്നിരുന്നു. 
കുറഞ്ഞ ദിവസം കൊണ്ട് തന്റെ ജീവിതത്തിന്റെ 
എല്ലാ അനുഭവങ്ങളും എന്നോട് പങ്ക് വെയ്ക്കുകയുണ്ടായി. 
അദ്ദേഹത്തിന്റെ സ്നേഹവാക്കുകൾക്ക് മുന്നിൽ 
ഞാൻ വിനയാന്വിതനായി. 
അറിയാതെ വന്നു ചേർന്ന അസുഖത്തിൽ നേരിട്ട 
വിഷമം ഉള്ളിലുണ്ടെങ്കിലും ധൈര്യം കൈവിടാൻ 
മാധവേട്ടൻ ഒരുക്കമായിരുന്നില്ല എന്നതാണ്‌ സത്യം. 
അദ്ദേഹത്തിന്റെ വാക്കുകളിൽ 
ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഒരുപാടായിരുന്നു. 
എന്റെ മകനും അദ്ദേഹത്തിന്റെ ഭാര്യസഹോദരിയുടെ 
മകളുമായ അശ്വതിയുമായുള്ള 
കല്യാണം നടന്നുകാണാൻ ഒരുപക്ഷെ 
അശ്വതിയുടെ വീട്ടുകാരേക്കാളും കൂടുതൽ ആഗ്രഹിച്ചത് 
മാധവേട്ടനായിരുന്നു. 
പലപ്പോഴും ഇക്കാര്യം എന്നോട് സംസാരിക്കാറുണ്ടായിരുന്നു. 
കാണാനുള്ള നിർബന്ധം ഏറിയപ്പോൾ 
ഒരു നിമിത്തമെന്നോണം അവിചാരിതമായി 
ഒരുദിവസം അദ്ദേഹത്തെ കാണാൻ തന്നെ തീരുമാനിച്ചു. 
മാവുങ്കാൽ എത്തി വിളിച്ചറിയിച്ചപ്പോൾ ഉണ്ടായ 
സന്തോഷത്തിന്‌ അതിരില്ലായിരുന്നു. 
എന്റെ വരവിനെ പ്രതീക്ഷിച്ച് റോഡിലേക്കിറങ്ങി
നില്ക്കുകയായിരുന്നു. 
ഒരുപാട് വർഷത്തെ പരിചിതരെപോലെയായിരുന്നു 
ഞങ്ങളുടെ ആദ്യത്തെ കണ്ടുമുട്ടൽ. 
കുറച്ച് സമയം മാത്രമേ അന്നവിടെ 
എനിക്ക് ചിലവഴിക്കാൻ സാധിച്ചിള്ളൂ. 
ഇനി അടുത്ത മാസം വരാമെന്ന ഉറപ്പിൽ 
അവിടെ നിന്നിറങ്ങിയപ്പോൾ 
ഒരാത്മസംതൃപ്തിയുടെ നിറവിലായിരുന്നു മാധവേട്ടൻ. 
ഇനി വരുമ്പോൾ  ഭക്ഷണം വീട്ടിൽ നിന്ന് ഒന്നിച്ചുണ്ണണമെന്ന് 
ഫോണിൽ കൂടി പറയാറുള്ള മാധവേട്ടൻ മരിച്ചു എന്ന് 
സുദേവ് വിളിച്ചറിയിച്ചപ്പോൾ വിശ്വസിക്കാനായില്ല. 
പിന്നീട് ശരത് വിളിച്ചപ്പോഴാണ്‌ സ്ഥിരീകരിച്ചത്. 
ഉടൻ തന്നെ നാട്ടിലേക്ക് യാത്രയായി. 
അവസാനമായി ഒരുനോക്ക് കാണണമെന്ന 
അതിയായ ആഗ്രഹം സാധ്യമാവാതെ യാത്ര പാതിവഴിയിൽ 
നിർത്തി തിരിച്ചുവരേണ്ടിവന്നതിൽ ദു:ഖമുണ്ട്. 
രാത്രി 7 മണിക്ക് തന്നെ സംസ്ക്കരിക്കാനുള്ള 
ബന്ധുക്കളുടെ തീരുമാനത്തിൽ 
എന്റെ ആഗ്രഹം നിഷ്ഫലമായി. 
മാധവേട്ടനെ കുറിച്ച് വിവരിക്കാൻ 
വാക്കുകൾ കിട്ടാതെ വരുന്നു. 
ആ നല്ല മനുഷ്യനുമായി അല്പ്പകാലം സംസാരിക്കാനും 
ഒരിയ്ക്കൽ മാത്രം കണ്ടുമുട്ടാനും കഴിഞ്ഞതിൽ 
ഞാൻ ധന്യനാണ്‌. 
മരണം ഒരു യാഥാർത്ഥ്യമായിരിക്കെ 
കുറച്ച് കാലത്തെ ആത്മബന്ധം ഒരോർമ്മയായി 
മനസ്സിൽ സൂക്ഷിച്ചുകൊണ്ട് 
ഒരുപിടി കണ്ണീ പൂക്കൾ അർപ്പിക്കുന്നു.

Read more...

പ്രണയം

>> 2019, ഒക്‌ടോബർ 19, ശനിയാഴ്‌ച


ചില പകലുകൾ പറയുന്നു 
സ്നേഹിക്കരുതെന്ന്. 
തകർന്ന പ്രണയം നുള്ളിപ്പെറുക്കി 
ഞാനിപ്പോൾ നന്നായി വെറുക്കുന്നു. 
നമുക്കിനി അകന്നിരിക്കാം. 
മുഖം പൊത്തി കണ്ടില്ലെന്നുറപ്പു വരുത്താം, 
കണ്ടാലും കണ്ടില്ലെന്ന് നടിക്കാൻ 
പന്തയം വെയ്ക്കാം. 
“സ്നേഹം ഒടുങ്ങാത്ത വേദന” 
നീ പറഞ്ഞത് സത്യം തന്നെയാണ്‌. 
മുഖം ഉയർത്തിനോക്കുക 
സുഖമല്ലെ....? 
എന്നെങ്കിലും ഒരു വാക്ക് 
നേരങ്ങൾക്ക് പുറകിൽ നീ തീർത്ത പകലിനെ 
കാലം മായ്ക്കുമെന്ന് കണ്ടറിയണം. 
പ്രിയപ്പെട്ടവരേ... 
അടുക്കുന്നതിനേക്കാൾ നല്ലത് 
അകലാതെ അകലം സൃഷ്ടിക്കലാണ്‌. 
ഞാൻ മരിച്ചിരിക്കുന്നു.. 
പക്ഷെ 
എന്റെ ഓർമ്മകൾ ഉണർന്നിരിക്കുന്നു.

Read more...

>> 2018, ഏപ്രിൽ 8, ഞായറാഴ്‌ച





ആഴമുള്ള മുറിവുകളും
പരന്നൊഴുകുന്ന ആശയവുമായി ഞാൻ നടന്നു.
എന്റെ മനസ്സിലെ വിദ്വേഷം
നിന്റെ മനസ്സിലേയും വിദ്വേഷമാണോ?
എന്റെ വേദന നിന്റേയും വേദനയാണോ?
തളർന്ന ബന്ധങ്ങൾ പിന്നേയും തലയുർത്തുമ്പോൾ
പിന്നിട്ട വ്യത്യസ്ത പാന്ഥാവുകളീൽ നിന്ന് തിരിഞ്ഞു നടന്ന്
പിന്നേയും അടുക്കുമ്പോൾ ശീലിച്ചുപോന്ന
പെരുമാറ്റത്തിലെ അന്തരങ്ങൾ
അലിഞ്ഞുചേരാൻ വയ്യാത്തവിധം
അറപ്പുള്ളവയാണ്‌.

 

Read more...

കണ്ണേട്ടൻ ഒരോർമ്മ.

>> 2017, മാർച്ച് 26, ഞായറാഴ്‌ച


പൂച്ചക്കാട്ടെ എന്റെ ബാല്യം. 
തികഞ്ഞ ഗാന്ധിയനായ എന്റെ പിതാവ് ഒരു കോൺഗ്രസ് അനുഭാവിയായിരുന്നു. 
RSS എന്ന വാക്ക് പോലും കേട്ടിട്ടില്ലാത്ത എന്റെ കുട്ടിക്കാലം 
ഏവരുമെന്ന പോലെ ഞാനും കോൺഗ്രസ്സായിരുന്നു. 
ചുറ്റുപാടും കോൺഗ്രസ്സും മാർക്സിസ്റ്റും ഇടകലർന്ന അന്തരീക്ഷം. 
ആറാം ക്ളാസിൽ ഒന്നാമനായി വിലസുന്ന പ്രായം. 
ഒരു ദിവസം എന്റെ അമ്മാവൻ ശ്രീ. ഗോപാലൻ എന്റെ വീട്ടിൽ വന്നു. 
അമ്മാവന്റെ കൊമ്പൻ മീശയും താടിയുമെന്ന പോലെ എന്നെ ആകർശിച്ചത് 
അദ്ദേഹത്തിന്റെ വലത് കയ്യിൽ കണ്ട ഒരു ചരടാണ്‌. 
അമ്മാവൻ പോകുന്നത് വരെ ഞാൻ ശ്രദ്ധിച്ചത് മുഴുവൻ ആ ചരടായിരുന്നു. 
അമ്മാവൻ പോയി കഴിഞ്ഞപ്പോൾ ആ ചരടിനെ കുറിച്ച് എന്റെ അപ്പനോട് ചോദിച്ചു. 
“അത് ജനസംഘക്കാർ കെട്ടുന്ന ചരടാണ്‌. ” മറുപടി കേട്ടതും 
അന്ന് രാത്രി മുഴുവൻ അതെ കുറിച്ചായി എന്റെ ചിന്ത. 
എന്താണീ ജനസംഘം? അവർക്ക് മാത്രമായി എന്തിനീ ചരട്?.. 
ഒരാഴ്ചയോളം എന്റെ സംശയം കൊണ്ടുനടന്നു. ഒടുവിൽ അപ്പനോട് തന്നെ ചോദിച്ചു. 
“ഗാന്ധിയെ കൊന്ന സംഘമണ്‌ ജനസംഘം. 
അവർ മാത്രമേ അത് കെട്ടുകയുള്ളൂ” അപ്പൻ പറഞ്ഞത് കേട്ടപ്പോൾ 
അല്പ്പം ഞെട്ടലുണ്ടായെങ്കിലും ആ ചരടിന്റെ മാന്ത്രികത എന്നെ വല്ലാതെ അലട്ടി. 
പിന്നീടുള്ള രാത്രികളിൽ ഞാൻ ആ ചരട് കെട്ടിനടക്കുന്ന സ്വപ്നങ്ങളായിരുന്നു കൺനിറയെ. 
സ്കൂൾ അടച്ച സമയം ഞാൻ ചേറ്റുകുണ്ടിലെ അമ്മവീട്ടിൽ പോയി. 
അമ്മാവൻ അവിടെയായിരുന്നു താമസിച്ചിരുന്നത്. 
കുശലാന്വേഷണങ്ങൾക്കൊടുവിൽ സമൃദ്ധമായ ഭക്ഷണവും 
കഴിഞ്ഞൊരു ഇടവേളയിൽ അമ്മാവനോട് ആ ചരടിനെ കുറിച്ച് ചോദിച്ചു. 
അത് രക്ഷാബന്ധനാണെന്നും ചേറ്റുകുണ്ടിലെ ബീഡികണ്ണന്റെ അടുക്കൽ പോയാൽ കെട്ടിത്തരുമെന്നും അമ്മാവൻ പറഞ്ഞു. പിന്നെ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല. അപ്പോൾ തന്നെ അവിടെ നിന്നിറങ്ങി ചേറ്റുകുണ്ടിലെത്തി 
ബീഡികണ്ണേട്ടന്റെ കമ്പനി അന്വേഷിച്ചു. 
കമ്പനിയിലെത്തിയപ്പോൾ അഞ്ചെട്ട് പേർ അവിടെ ബീഡി 
തെരച്ചുകൊണ്ടിരിക്കുകയായിരുന്നു. 
ബീഡികണ്ണേട്ടൻ ആരാണെന്ന് ചോദിച്ചപ്പോൾ ഒരാൾ സ്വയം അടുക്കൽ വന്നു. 
ഞാൻ വന്ന കാര്യം പറഞ്ഞു.  എന്നെ കുറിച്ചും അദ്ദേഹം  ചോദിച്ചു. 
പൂച്ചക്കാടാണെന്നും ഇവിടെ അമ്മാവന്റെ വീടുണ്ടെന്നും അമ്മാവൻ പറഞ്ഞതനുസരിച്ചാണ്‌ വന്നതെന്നും പറഞ്ഞപ്പോൾ കണ്ണേട്ടന്‌ വളരെയധികം സന്തോഷമായി. 
രക്ഷാബന്ധനെ കുറിച്ചും രാഖിയെ കുറിച്ചും പറഞ്ഞുതന്നെങ്കിലും 
അന്നതൊന്നും തലയിൽ കയറിയില്ല. 
കണ്ണേട്ടൻ ഒരു രാഖിയെടുത്ത് എന്റെ വലത് കയ്യിൽ കെട്ടിതന്നപ്പോൾ 
സത്യത്തിൽ എന്റെ ശരീരത്തിൽ ഒരു മിന്നൽപിണർ കടന്നുപോയപോലെ തോന്നി. 
ഭാവിയിൽ നീയൊരു നല്ല സ്വയം സേവകനായിത്തീരുമെന്നും 
എന്നേക്കാൾ കൂടുതൽ അറിവ് നേടാൻ നിനക്കാവുമെന്നും പറഞ്ഞ് 
ഒരു രൂപ നാണയവും തന്ന് ആശീർവദിച്ചു. 
കയ്യിൽ കെട്ടിയ രാഖിയെ തിരിച്ചും മറിച്ചും നോക്കി തെക്കുപുറം വഴി 
പൂച്ചക്കാട് ചിറക്കാൽ എന്റെ വീട് വരെ നടന്നുവന്നു. 
ഒരു രാജ്യം പിടിച്ചടക്കിയ പ്രതീതിയായിരുന്നു എനിക്കപ്പോൾ. 
പിന്നീട് കണ്ണേട്ടൻ പറഞ്ഞ വാക്കുകളായിരുന്നു 
എന്റെ മനസ്സ് നിറയെ, ഒരു സ്വയംസേവകനാവുക എന്നത്. 
തുടന്നങ്ങോട്ട് കൂടുതൽ കൂടുതൽ വായിക്കാനും പഠിക്കാനും അറിവ് നേടാനും കഴിഞ്ഞതോടെ അതുവരെ ധരിച്ചുവെച്ചതും പഠിച്ചതും നുണകളും 
കാപട്യം നിറഞ്ഞതുമാണെന്ന് മനസ്സിലാക്കുകയും വർഷങ്ങളോളം 
സംഘത്തെ ദൂരെനിന്നും സ്വയംസേവകരെ അടുത്തുനിന്നും 
അറിയാനിടയായതിനെ തുടർന്ന് പള്ളിപ്പുഴയിൽ തമ്പാൻ ഏട്ടൻ 
മുഖ്യശിക്ഷകനായ ശാഖയിൽ ഞാനുമൊരു സ്വയംസേവകനായി 
പങ്കെടുക്കുകയും പിന്നീട് ചേറ്റുകുണ്ടിലെത്തി കണ്ണേട്ടനെ കാണുകയും 
ചെയ്തപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞനുഗ്രഹിക്കുകയും ചെയ്ത 
അദ്ദേഹത്തിന്റെ ആ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. 
ചേറ്റുകുണ്ടിലെ ചന്ദ്രാണിസ്വാമിയുടെ സ്ഥലത്ത് ഓട്ടോറിക്ഷ ഗംഗേട്ടൻ 
മുഖ്യശിക്ഷക്കും ഞാൻ ശിക്ഷക്കായും ശാഖ നടക്കുന്ന കാലം. 
രാവിലെ 6 മണിക്കാണ്‌ പ്രഭാത ശാഖ. 
പല സ്വയംസേവകരും സമയം കഴിഞ്ഞ് വരുമെങ്കിലും 
കണ്ണെട്ടൻ എന്നും കൃത്യം 6 മണിക്ക് ആദ്യത്തെ വിസിൽ മുഴങ്ങുമ്പോൾ തന്നെ 
“സം പത” ചെയ്യാനുണ്ടായിരിക്കും. അദ്ദേഹത്തിന്റെ ആ കൃത്യനിഷ്ഠത 
എനിക്ക് പിന്നീട് പല അവസരങ്ങളിലും ചേറ്റുകുണ്ടിൽ സംഘപ്രവർത്തനം നടത്താൻ ഭാഗ്യമുണ്ടായപ്പോൾ അനുഭവപ്പെട്ടിട്ടുണ്ട്. അതുപോലെ സംഘത്തിന്റെ ഏത് കാര്യത്തിനും ധനസഹായത്തിനായി കണ്ണേട്ടനെ സമീപിച്ചാൽ 
അന്ന് വാടകറൂമിൽ കഴിയുന്ന കണ്ണേട്ടൻ ഒരു നല്ല തുക തന്ന് സഹായിക്കാറുണ്ടായിരുന്നു. തുടർന്നുള്ള എന്റെ പ്രവർത്തനത്തിന്റെ ഭാഗമായി 
ഒട്ടേറെ കള്ളക്കേസ്സുകളിൽ ലീഗുകാർ എന്നെ ഉൾപ്പെടുത്തി ഭരണത്തിന്റെ ഹുങ്കിൽ 
തളർത്താൻ ശ്രമിച്ചപ്പോഴും എനിക്ക് താങ്ങും തണലുമായി സഹായിച്ചതും 
കണ്ണേട്ടന്റെ തുറന്ന മനസ്സാണ്‌. 
സ്വന്തം വീട് പോലും ഉപേക്ഷിച്ച് ചേറ്റുകുണ്ടിൽ സംഘസ്ഥാനിൽ തന്നെ 
താമസമാക്കിയായിരുന്നു എന്റെ പ്രവർത്തനം. 
അതിൽ ഒരുപാട് വേദനിച്ച കണ്ണേട്ടൻ ഒരുദിവസം എന്നെ വിളിച്ചുകൊണ്ടുപോയി 
അച്ഛനേയും അമ്മയേയും ഒരിക്കലും മറക്കരുതെന്നും 
അവരാണ്‌ യഥാർത്ഥത്തിൽ കാണപ്പെട്ട ദൈവമെന്നും 
മറ്റുള്ളതൊക്കെ കണാത്ത ദൈവങ്ങളാണെന്നൊക്കെ പറഞ്ഞ് 
ഒരുപാട് ഉപദേശം തരികയുണ്ടായി. 
തികഞ്ഞ ഒരു സ്വയംസേവകന്‌ അത്യാവശ്യം വേണ്ടത് സ്വഭാവഗുണമാണെന്നും 
അതിൽ പ്രധാനം മാതാവിനും പിതാവിനും നൽകേണ്ട സ്നേഹമാണെന്നും 
അവരുടെ അനുഗ്രഹമാണ്‌ നമ്മളോരുത്തരുടേയും മുന്നോട്ടുള്ള ഗതി 
നിർണ്ണയിക്കുന്നതെന്നും പറഞ്ഞപ്പോൾ എന്റെ കണ്ണ്‌ നിറയുകയും 
സ്വന്തം വീട്ടിൽ പോകാൻ ഞാൻ തയ്യാറാവുകയും ചെയ്ത കാര്യവും ഓർക്കാതിരിക്കാൻ വയ്യ. ഏറ്റവുമൊടുവിലായി ഒരു വർഷം മുമ്പ് ചേറ്റുകുണ്ടിൽ വെച്ച് കണ്ടപ്പോൾ 
എന്റെ വാക്കുകളിലും പ്രവർത്തിയിലും കണ്ണേട്ടൻ അഭിനന്ദിച്ചപ്പോഴും 
അവ്യക്തമായ ചില ചിന്തകൾ കണ്ണേട്ടനെ വല്ലാതെ അലട്ടുന്നുണ്ടെന്ന് 
എനിക്ക് മനസ്സിലായി. 
വ്യക്തി ബന്ധങ്ങൽക്കപ്പുറം ഒരു സമൂഹത്തിന്റെ നൻമയ്ക്കായി 
സ്വജീവിതം പോലും തൃണവൽഗണിച്ച 
ഒരു വലിയ മനുഷ്യനായിരുന്നു കണ്ണേട്ടൻ. 
കണ്ണേട്ടന്റെ അകാലത്തിലുള്ള ഈ വേർപാട് ഒരു വലിയ നഷ്ടം തന്നെയാണ്‌. 
കണ്ണേട്ടൻ കെട്ടിത്തന്ന അ രാഖി ഒരായിരം കൈകൾക്ക് കെട്ടിക്കൊടുക്കാൻ 
എനിക്ക് സാധിച്ചതാണ്‌ ആ വലിയ മനുഷ്യനോടുള്ള എന്റെ കടപ്പാടിനുള്ള പ്രതിഫലം. 
ചിതയിൽ അഗ്നിയിൽ എരിഞ്ഞമർന്നെങ്കിലും 
കണ്ണേട്ടൻ തുറന്നുവിട്ട സംഘാവേശം 
അണയാത്ത അഗ്നിയായി ജ്വലിച്ചുകൊണ്ടേയിരിക്കും. 
പ്രണാമം.!

Read more...

വീരമൃത്യു ശ്രീ ഗണേശൻ (1985 ഒക്ടോബർ 28)

>> 2016, ഒക്‌ടോബർ 25, ചൊവ്വാഴ്ച


യൗവ്വനതീക്ഷ്ണമായ കാലം. 
കാരിരുമ്പിന്റെ പേശിയും സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന ശരീരവുമായി 
ചേറ്റുകുണ്ടിന്റെ സിംഹക്കുട്ടിയായി ജീവിതം 
ആടിത്തിമിർക്കുകയായിരുന്നു ആ യുവാവ്.
സംഘത്തിന്റെ നെടുംകോട്ടയായ ചേറ്റുകുണ്ടിൽ 

ചെറുപ്പം തൊട്ടേ കേട്ട “നമസ്തേ സദാ വത്സലേ മാതൃഭൂമേ” എന്ന മന്ത്രം 
ഹൃദയത്തിൽ ആവാഹിച്ച് ശാഖകളിൽ സൂര്യനമസ്ക്കാരം ചെയ്ത് 
ജീവിതത്തിൽ “ദക്ഷയും ആരമയും” സ്വീകരിച്ച് വളർന്നവൻ. 
കേരളത്തിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ സംഖ്യയുണ്ടായിരുന്ന ശാഖ നടന്ന സ്ഥലം. കാസറഗോട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന 
പള്ളിക്കര ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശം. 
തണ്ടുമ്മൽ കോരൻ-ദേവകി ദമ്പതികളുടെ മൂന്നാമത്തെ മകനായിരുന്നു ഗണേശൻ. 
ശാഖാ പ്രവർത്തനം ഒടുവിൽ മുഖ്യശിക്ഷക് വരെ എത്തിനിൽക്കുന്ന കാലം. 
കടലിലും പുഴയിലും മീൻ പിടിക്കുകയായിരുന്നു തൊഴിൽ. 
യുവത്വത്തിന്റെ വേലിയേറ്റത്തിൽ ഗണേശന്റെ ജീവിതത്തിലും 
പ്രണയം പൂത്തുനിന്ന കാലം. ഷക്കീന എന്ന മുസ്ളിം പെൺകുട്ടി. 
പരസ്പ്പരം അഗാധമായി സ്നേഹിച്ചിരുന്നു. 
ഒന്നിച്ചുള്ള ഒരു ജീവിതം ആഗ്രഹിച്ചിരുന്നു ഇരുവരും. 
ആയിടയ്ക്കാണൂ BJPയുടെ ദശാകാല സന്ധി രൂപപ്പെട്ട തിരഞ്ഞെടുപ്പ് വരുന്നത്. 
1984ലെ ലോകസഭാ തിരഞ്ഞെടുപ്പ്. 
ഫലം വന്നപ്പോൾ BJPയ്ക്ക് ലോകസഭയിൽ ആകെയുണ്ടായിരുന്ന 2 സീറ്റും നഷ്ടപ്പെട്ടു. വാജ്പേയും അഡ്വാനിയും ദയനീയമായി തോറ്റ ഒരു തിരഞ്ഞെടുപ്പ് അന്തരീക്ഷം. 
ഫലം വന്നതിനെ തുടർന്ന് പൊടുന്നനെ ആഹ്ളാദപ്രകടനമായി 
മുസ്ളിം ലീഗുകാർ ലോറികളിൽ ആയുധങ്ങളുമായി ചേറ്റുകുണ്ട് ആക്രമിച്ചു. 
പെട്ടെന്നുണ്ടായിരുന്ന ആക്രമത്തിൽ പലരും ഓടി. 
പിന്നെ വീടുകൾക്ക് നേരെ അക്രമവുമായി ലീഗുകാർ മുന്നേറി. 
കടപ്പുറത്തായിരുന്ന ഗണേശനും സംഘവും ഓടിയെത്തി നേരിട്ടു. 
ലീഗുകാർ തിരിഞ്ഞോടി. സമയം രാത്രി 8 മണിയായിക്കാണും. 
സംഘട്ടത്തിനിടയിൽ അക്രമകാരിലൊരാൾ കൊല്ലപ്പെട്ടു. 
ചേറ്റുകുണ്ട് പിന്നെ പരിഭ്രാന്തിയിലായി. 
144 പ്രഖ്യാപിക്കപ്പെട്ടു. പോലീസ് നരനായാട്ടിനിറങ്ങി. 
കയ്യിൽ കിട്ടിയ എല്ലാ പുരുഷൻമാരേയും പൊക്കി. 
പ്രതികളായി ഗണേശനും ഭാസ്ക്കരനെന്ന ബാസനും. 
ആഴ്ചകൾക്ക് ശേഷം കോടതിയിൽ ഹാജരായി. 
കോടതി പരിസരം ലീഗുകാരാൽ നിറഞ്ഞുകവിഞ്ഞു. 
ഒരു കൂസലുമില്ലാതെ ചുണക്കുട്ടികളെ പോലെ അവർ 
കോടതി നടപടികൾ നേരിട്ട് പുറത്തിറങ്ങി. 
പിന്നെ മാസങ്ങളിലായി കേസിനു ഹാജരാവുമ്പോഴും 
ലീഗുകാരെ കൊണ്ട് കോടതി പരിസരം നിറയുമായിരുന്നു. 
യാതൊരു ഭയലേശവുമില്ലാതെ ഗണേശനും ബാസനും 
കാഞ്ഞങ്ങാടിന്റെ വഴികളിൽ നടന്നുനീങ്ങി. മാസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ചു.
 ദിവസങ്ങളും മാസങ്ങളും കടന്നുപോയി. 
ആയിടയ്ക്കായി ഗണേശനിൽ ചില മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. 
സംഘാധികാരികളും വീട്ടുകാരും അതീവജാഗ്രതയോടെ 
പലപ്പോഴായി ഉപദേശിച്ചിട്ടും സ്വീകരിക്കാതെ 
3 മുസ്ളിം ചെറുപ്പക്കാരുമായി ഗണേശൻ ചങ്ങാത്തം തുടങ്ങി. 
അവരുടെ വാക്കുകൾ അവനു വിശ്വാസമായിരുന്നു. 
രാവും പകലും ഇവർ ഗണേശന്റെ കൂടെയായി.  
ഇതൊരു വൻചതിയാണെന്ന് പലരും പറഞ്ഞുനോക്കിയെങ്കിലും 
“അവർക്ക് എന്റെ ഒരു രോമം പോലും പൊട്ടിക്കാൻ കഴിയില്ല” എന്ന് പറഞ്ഞ് 
ഞങ്ങളെ ഒഴിവാക്കുമായിരുന്നു. 
മതം മാറി മുസ്ളിമായ പുതിയ അബ്ബാസിന്റെ മകൻ കടപ്പുറത്ത് താമസിക്കുന്ന അന്തുക്ക, 
ചേറ്റുകുണ്ട് സ്വദേശികളായ അസിനാർ, മജീദ് എന്നിവരായിരുന്നു ഇവർ. 
പല പാതിരാത്രികളിലും ഇവരുടെ കൂടെ ഗണേശൻ 
ഇവർ വിളിച്ച സ്ഥലങ്ങളിൽ പോകാറുണ്ട്. 
ശരിക്കും ഇവർ ഗണേശനെ വലയിലാക്കി. 
ഗണേശനു അത്രയ്ക്കും ഇവരെ വിശ്വാസമായിരുന്നു. 
ഒരിയ്ക്കലും അവർ വഞ്ചിക്കില്ല എന്ന് അവൻ എന്നോടും പറഞ്ഞിട്ടുണ്ട്. 
ഒരിയ്ക്കൽ ഞാൻ കാഞ്ഞങ്ങാട് പ്രസിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലം. 
രാത്രിയായിരുന്നു ജോലി. രാത്രി 12 മണിയായപ്പോൾ ഒരു ചായ കുടിക്കാൻ 
ബസ് സ്റ്റാന്റിൽ ചെന്നപ്പോൾ അവിടെ ഗണേശനും ഇവരും. 
ഞാൻ വിളിച്ച് ചോദിച്ചപ്പോൾ ഗണേശൻ എന്നെ വഴക്ക് പറയ്കയാണു ചെയ്തത്. 
ഉപദേശം ഒരിയ്ക്കലും അവൻ കേൾക്കില്ലായിരുന്നു. 
അതായിരുന്നു അവന്റെ പ്രകൃതം. അതിനിടയിൽ പ്രണയം മൂർദ്ധന്യാവസ്ഥയിലെത്തി. 
വീട്ടുകാർ ഷക്കീനയെ മർദ്ദിച്ചും പീഢിപ്പിച്ചും പിൻമാറാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. 
മർദ്ദനം സഹിയ്ക്കവയ്യാതെ ഒരു രാത്രി അവൾ വീട് വിട്ടിറങ്ങി. 
ചേറ്റുകുണ്ട് സർക്കാർ കിണറിന്നടുത്തെത്തി ഗണേശനെ ആളയച്ചു വരുത്തി. 
അവൻ അവളേയും കൊണ്ട് വീട്ടിൽ വന്നു. 
കൊലക്കേസ്സ് തീരുന്നതിനു മുമ്പേ ഒരു മുസ്ളിം പെൺകുട്ടിയേയു 
തട്ടിക്കൊണ്ടുവന്നതായി പിന്നേയും കേസ്സുകൾ ഉണ്ടായെങ്കിലോ 
എന്ന് ഭയന്ന് വീട്ടുകാർ അവളെ പറഞ്ഞും സമാധാനിപ്പിച്ചും 
വീട്ടിലേക്ക് പോകാൻ പറഞ്ഞു. സമ്മതിക്കാതെ 
ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൽ കേസ്സ് കഴിയട്ടെ, 
അത് കഴിഞ്ഞ് രജിസ്റ്റർ കല്യാണം നടത്തിത്തരാമെന്ന് 
പറഞ്ഞതിന്റെ ഉറപ്പിൽ അവൾ തൽക്കാലം വീട്ടിലേയ്ക്ക് പോകാൻ സമ്മതിച്ചു. 
ഗണേശൻ തന്നെ കൊണ്ടുപോയി വിട്ടു. 
ഈ സംഭവം കൂടി അറിഞ്ഞതോടെ ലീഗുകാർ അവരുടെ ഗൂഢാലോചനയ്ക്ക് ആക്കം കൂട്ടി. സംഭവിക്കാനുള്ളത് സംഭവിച്ചു. 
ഒരു ദിവസം രാത്രി ഗണേശനും ഈ മൂവരും ചേർന്ന് മൂക്കറ്റം മദ്യപിച്ചു. 
രാത്രി 11 മണിയോടുകൂടി ചേറ്റുകുണ്ട് രാഘവേട്ടന്റെ ഹോട്ടലിന്റെ 
തിണ്ണയില് കിടക്കാനായി ഗണേശൻ നീങ്ങി. 
ആ സമയവും സ്ഥലവും നന്നായി ഉറപ്പിച്ച ഈ കാപാലികർ 
ഗുഡ് നൈറ്റും പറഞ്ഞു ഇറങ്ങിപ്പോയി. ഗണേശൻ നല്ല ഉറക്കത്തിലായി. 
കൂടെ ഗണേശന്റെ അയൽക്കാരനും സംഘാനുഭാവിയുമായ 
ഒരു കൂട്ടുകാരനും കൂടെ കിടക്കാനുണ്ടായിരുന്നു. 
ഏകദേശം 1 മണിയോടുകൂടി മുൻകൂട്ടി പ്ളാൻ ചെയ്ത് തയ്യാറാക്കിയ 
ഒരു സംഘം ലീഗുകാർ വന്ന് നല്ല ഉറക്കത്തിലായിരുന്ന 
ഗണേശന്റെ അടുത്ത് വന്ന് ഗണേശാ ഗണേശാ എന്ന് വിളിച്ചു. 
പെട്ടെന്ന് കണ്ണ്‌ തുറന്ന ഗണേശന്റെ കണ്ണിൽ നിറച്ചും 
മുളക് പൊടി വിതറി വെട്ടാൻ തുടങ്ങി. 
അവന്റെ അടുത്ത് ചെല്ലാൻ ഭയം കാരണം വാരികുന്തം പൊലുള്ള 
ആയുധങ്ങളിൽ വിഷം പുരട്ടി ആയിരുന്നു കുത്തിയത്. 
തലങ്ങും വിലങ്ങും കുത്തിക്കീറി. 
കണ്ണിലെ നീറ്റലും ചോരച്ചാലും വകവെയ്ക്കാതെ അതിൽ ഒരുത്തനെ 
കൈത്തണ്ടയിലാക്കിയ ഗണേശന്റെ വലത് കൈ 
വിടുവിക്കാനായി മസിൽ കൊത്തിക്കീറുകയായിരുന്നു ചെയ്തത്. 
കമിഴ്ന്ന് വീണുപോയ ഗണേശന്റെ സുഷുമ്നാനാഡി വെട്ടിക്കീറി. 
ഈ സമയം സമീപത്ത് കിടന്നുറങ്ങിയ അയല്ക്കാരനായ കൂട്ടുകാരൻ 
ഇതൊക്കെ കണ്ട് വിറങ്ങലിച്ചുപോയി എന്നാണു പറഞ്ഞത്. 
ഒടുവിൽ എല്ലാം കഴിഞ്ഞു അവർ പോയപ്പോൾ 
കൂട്ടുകാരൻ തൊട്ടടുത്ത അവന്റെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. 
എല്ലാവരും ഓടിക്കൂടിയയപ്പോൾ അപ്പോഴും ബോധം നശിക്കാതെ 
ഗണേശൻ ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നു. 
ഉടൻ തന്നെ കാഞ്ഞങ്ങാട് ഗവ. ആസ്പത്രിയ്‌ലേക്കും 
പിറ്റേന്ന് മംഗലാപുരം ആസ്പത്രിയിലേക്കും കൊണ്ടുപോയി. 
ഒരാഴ്ച കഴിഞ്ഞ് മംഗലാപുരം പോയി ഞാൻ കണ്ടപ്പോൾ 
കഴുത്തിനു താഴെ പൂർണ്ണമായും ചലനശേഷി നഷ്ടപ്പെട്ടിരുന്നു. 
ഇനിയോരു തിരിച്ചു വരവില്ലെന്ന് മനസ്സിലാക്കി പുറത്തേക്കിറങ്ങുമ്പോഴും 
പ്രസരിപ്പ് നഷ്ടപ്പെട്ടിട്ടില്ലാത്ത അവന്റെ മുഖം 
എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുകയായിരുന്നു.  
10 ദിവസത്തിനു ശേഷം 1985 ഒക്ടോബർ 28നു 
ആ നടുക്കുന്ന വാർത്ത ജനങ്ങൾ ശ്രവിച്ചു. ഗണേശൻ മരിച്ചു. 
ആരോടും ഒന്നും പറയാതെ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി 
ഗണേശൻ ഓർമ്മയായി. കോട്ടക്കുന്നിൽ നിന്ന് വിലാപയാത്രയായി 
മൃതദേഹം ചേറ്റുകുണ്ടിലെത്തിച്ച് വീരോചിതമായി 
ആയിരക്കണക്കിനു ജനങ്ങൾ സാക്ഷിയായി സംസ്ക്കരിച്ചു. 
ചേറ്റുകുണ്ടിന്റെ വീരകേസരി ഭാരത മാതാവിന്റെ പാദത്തിങ്കൽ 
ഒരു അർച്ചനാ പുഷ്പമായി ഞെട്ടറ്റുവീണു. 

Read more...

വീണ്ടും ഒരോണം കൂടി...

>> 2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച


പോയകാലത്തിന്റെ ഓർമ്മകൾക്ക് പൂക്കളം തീർത്ത്
ആടിത്തിമിർത്ത ആ കുട്ടിക്കാലം
ഒരിക്കൽക്കൂടി വന്നണഞ്ഞപോലെ.
അപ്പന്റെ കയ്യും പിടിച്ച്
പുതിയകോട്ടയിൽ വഴിവാണിഭം നടത്തിയിരുന്ന
ചെട്ടിയാറിൽ നിന്ന് വള്ളിട്രൗസറും
വരയൻ ഷർട്ടും വാങ്ങിച്ച് കോട്ടച്ചേരി വരെ നടന്ന്
അവിടെയുള്ള ഹോട്ടലിൽ നിന്ന് ചായയും സുഖിയനും തിന്ന്
വീട് എത്തുന്നതു വരെ മനസ്സിൽ ഒരായിരം
പൂത്തിരി വിരിയിച്ച് നടന്ന ആ നല്ല കാലത്തോടൊപ്പം
മനസ്സിൽ സ്നേഹപൂക്കളം തീർത്ത അപ്പനും
ഓർമ്മകളിൽ കടന്നുവരുന്നു.
ഓണദിവസം വന്നണയാൻ ഉറക്കം വരാത്ത ഉത്രാടവും
പുത്തനുടുപ്പിന്റെ പുതുമണവും പേറി
അയൽപക്കത്തെ പിള്ളേരോടോപ്പം
പത്രാസ് കാണിച്ച ആ നല്ലകാലം.!
കാലത്തിന്റെ മാറ്റം ഓർമ്മകൾക്ക് പോലും
കരിപുരണ്ടുപോയ ഇന്നിന്റെ യാന്ത്രികമായ
ഓണത്തിനു പൂക്കളം തീർക്കാൻ മുറ്റം തേടി,
കാർപ്പോർച്ചെന്ന ആധുനിക മലയാളി​‍ൂടെ
തലയെടുപ്പിന്റെ ഇട്ടാവട്ടത്തിൽ പ്ളാസ്റ്റിക്ക് പൂക്കൾ കൊണ്ട്
പൂക്കളം തീർക്കുന്ന പുതുതലമുറയും
ഇൻസ്റ്റന്റ് പായസവും റെഡിമെയ്ഡ് ഫുഡുമായി
ഓണസദ്യയും ഉണ്ട്
വിഡ്ഢിപ്പെട്ടിക്ക് മുന്നിൽ മനസ്സ് രമിക്കുന്ന
മലയാളികൾക്കിടയിലും നന്മ നഷ്ടപ്പെടാതെ,
ഗൃഹാതുരത്വം കാത്തുസൂക്ഷിച്ച്
അവശേഷിക്കുന്ന തൊടിയിൽ ഇത്തിരി തുമ്പപ്പൂവും
വിഷം തീണ്ടാത്ത വെണ്ടയും പയറും വിളയിച്ച്
നിറമുള്ള സങ്കല്പ്പങ്ങളും സ്വപ്നങ്ങളും കാത്തുസൂക്ഷിക്കാൻ
ഈ ഓണക്കാലമെങ്കിലും നമുക്കെല്ലാവർക്കും കഴിയട്ടെ.
ഏവർക്കും മനം നിറഞ്ഞ ഓണാശംസകൾ..



Read more...

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP