ശശിയേട്ടന്റെ മരണം ഒരു ഫ്ളാഷ്ബാക്ക്!

>> 2021, ഒക്‌ടോബർ 16, ശനിയാഴ്‌ച

 അന്ന് ഞാൻ മൂന്നാം ക്ളാസിൽ പഠിക്കുകയായിരുന്നു. എല്ലാവരും അടിയാർ സ്കൂൾ എന്ന് വിളിച്ചിരുന്ന ഹരിജൻ വെല്ഫയർ സ്ക്കൂളിലായിരുന്നു ഞങ്ങളിരുവരും പഠിച്ചിരുന്നത്. ശരിക്ക് പറഞ്ഞാൽ 47 വർഷം മുമ്പത്തെ സംഭവം. നാലാം ക്ളാസിൽ പഠിച്ചുകൊണ്ടിരിക്കയായിരുന്ന ശശിയേട്ടനായിരുന്നു ആ സ്കൂളിലെ ലീഡറും മറ്റെല്ലാ കാര്യത്തിലും മുൻപനായി വിലസിയിരുന്നത്. സ്കൂളിൽ മാത്രമല്ല നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവൻ. റെയിൽവെ കൃഷ്ണനളേപ്പന്റെ പെങ്ങൾ കല്ല്യാണീ മൂത്തമ്മയുടെ രണ്ടാമത്തെ മകൻ. മൂത്തത് ചോട്ട നാരായണേട്ടൻ. പെങ്ങൾ ബേബി. അക്കാലം അറുതിയുടേയും വറുതിയുടേയും കാലമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും ബീഡി തെറുപ്പായിരുന്നു മുഖ്യ തൊഴിലായി സ്വീകരിച്ചത്. സ്കൂൾ വിട്ടുവന്നാൽ ബീഡിക്ക് നൂൽ കെട്ടാനായി ശശിയേട്ടൻ അയൽപക്കത്ത് താമസിക്കുന്ന കൃഷ്ണേട്ടന്റെ(ഇന്നത്തെ പീടിക കൃഷ്ണേട്ടൻ) വീട്ടിൽ പോകുമായിരുന്നു. അക്കാലത്ത് അധികം വീടുകളില്ല. എല്ലാവരും കൂട്ടുകുടുംബമായി ജീവിക്കുന്നു. കൃഷ്ണനളേപ്പനും കല്ല്യാണി മൂത്തമ്മയും  അവരുടെ അമ്മയായ ചോയിച്ചി വലിയമ്മയും അടങ്ങുന്ന ഓല മേഞ്ഞ വീട്ടിലായിരുന്നു ശശിയേട്ടൻ താമസിച്ചിരുന്നത്. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലും ഓലയും മുളിയും മേഞ്ഞ മേല്ക്കുരയുടെ അകത്തളങ്ങൾക്ക് ഇന്നത്തെ AC റൂം പോലും പകരം വരില്ല. എല്ലാ ദിവസവും ഭക്ഷണം കഴിച്ച് രാത്രി ഏഴ് മണിയോടുകൂടി ബീഡിക്ക് നൂൽ കെട്ടാനായി ശശിയേട്ടൻ കൃഷ്ണേട്ടന്റെ വീട്ടിൽ പോവുക പതിവായിരുന്നു. തൊട്ടടുത്ത പറമ്പിലായിരുന്നു അവരുടെ വീട്. അന്നൊരു കാളരാത്രിയായിരുന്നു. കറുത്ത വാവിന്റെ കൂരിരുട്ടിൽ പതിവുപോലെ ഭക്ഷണം കഴിച്ച് കൃഷ്ണേട്ടന്റെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ കാല്പ്പാദത്തിനു മുകളിലായി എന്തോ കടിച്ചു. അതോടൊപ്പം എലിയുടെ കരച്ചിൽ പോലെ ഒരു ശബ്ദവും കേട്ടു. കൃഷ്ണേട്ടന്റെ വീട്ടിൽ വന്ന് കാര്യം പറഞ്ഞു. വരുന്ന വഴി എലി കടിച്ചെന്നും മുറിവിൽ നിന്ന് ചോര വരുന്നുണ്ടെന്നും പറഞ്ഞു. അവരെല്ലാം കൂടി കാൽ വൃത്തിയാക്കി കെട്ടിക്കൊടുത്തു. എലി കടിച്ചതല്ലെ, ഒന്ന് രണ്ട് ദിവസം ചെറിയ വേദ ഉണ്ടാവും. ബീഡി പണി തുടർന്നു. രാത്രി വൈകിയപ്പോൾ വീട്ടിൽ വന്നു ആരോടും പറയാതെ കിടന്നുറങ്ങി. രാത്രി മുഴുവൻ വേദനയുണ്ടായിട്ടും ആരേയും വിളിക്കാതെ നേരം വെളുപ്പിച്ചു. നേരം വെളുത്തപ്പോൾ കാൽ നീര്‌ വന്ന് വീർത്തിരിക്കുന്നു. അമ്മാവനോട് കാര്യം പറഞ്ഞു. എലിയുടെ കരച്ചിലും എലി കടിച്ച കാര്യവും. രാവിലെ എട്ട് മണിയോടുകൂടി ശശിയേട്ടനേയും കൂട്ടി അമ്മാവൻ നടന്നുകൊണ്ട് ഒരു വൈദ്യന്റെ അടുക്കൽ കൊണ്ടുപോയി. അന്ന് ഇന്നത്തെ പോലെ വാഹനങ്ങളൊന്നും ഇല്ലാത്ത കാലമെന്നോർക്കണം. ഉച്ചയോടെ ശശിയേട്ടനും അമ്മാവനും തിരിച്ചെത്തി. കുറേ മരുന്നും കാഷായവും. മരുന്നരച്ച്  കടി കൊണ്ട കാലിൽ പുരട്ടണം. മൂന്നാം ദിവസം കാൽ ചീർത്ത് വീർത്ത് വിണ്ടുകീറാൻ തുടങ്ങി. പിന്നെ വാഴയിലയുടെ മുകളിലായിരുന്നു കാൽ വെച്ചിരുന്നത്. സഹിക്കാനാവാത്ത വേദനയും. അപ്പോഴും അമ്മയും അമ്മാവനും പണിക്ക് പോകുമായിരുന്നു. പണിക്ക് പോയിട്ടുവേണം അന്നന്നത്തെ അന്നത്തിനു വക കണ്ടെത്താൻ. വീട്ടിൽ ചോയിച്ചി വലിയമ്മ മാത്രം. നാലാമത്തേയോ അഞ്ചാമത്തെയോ ദിവസം രണ്ട് കണ്ണുകളിലും ചോര കല്ലിച്ചുവന്നു. ചോരകണ്ണുകളായി. അപ്പോഴും ഈ വൈദ്യന്റെ മരുന്ന് കൊടുത്തുകൊണ്ടേയിരുന്നു. അന്നുച്ചയോടുകൂടി ചോയിച്ചി വല്യമ്മയോട് കുറച്ച് വെള്ളം കുടിക്കാനായി ആവശ്യപ്പെട്ടു. വലിയയമ്മ അടുക്കളയിൽ പോയി വെള്ളം കൊണ്ടുവന്നു വിളിച്ചപ്പോൾ മിണ്ടാട്ടമില്ല. കണ്ണുകൾ രണ്ടൂം മിഴിച്ചിരുന്നു. ആ രണ്ടുമൂന്നു മിനിട്ടിന്റെ സമയം കൊണ്ട് ശശിയേട്ടന്റെ ജീവൻ പറന്നകന്നു. ഒരുപാട് കാലം ഈ ഭൂമിയിൽ ജീവിക്കേണ്ടവൻ ആരുടേയോ അലംഭാവം കൊണ്ടോ അജ്ഞത കൊണ്ടോ അറിവില്ലായ്മ കൊണ്ടോ ഒരു മുറിവൈദ്യന്റെ മരുന്നിൽ ജീവിതം ഹോമിക്കപ്പെട്ടു. അന്ന്  കാഞ്ഞങ്ങാട് താലൂക്ക് ആസ്പത്രി ഉണ്ടായിരുനു എന്നാണ്‌ എന്റെ ഓർമ്മ. നാലഞ്ച് ദിവസം കാൽ വിണ്ട് കീറി കണ്ണുകളിലൂടേ വിഷം പ്രസരിച്ച് കണ്ടിട്ടും ഒരാൾക്കുപോലും ഈ കുട്ടിയെ ആസ്പത്രിയിൽ കൊണ്ടുപോകണമെന്നുപദേശിക്കാൻ തോന്നിയില്ലല്ലോ എന്നോർക്കുമ്പോഴാണ്‌ സങ്കടം. മരിക്കുമ്പോൽ ശശിയേട്ടന്‌ ഒൻപത് വയസ്സ് പ്രായം. സ്വന്തം മകൻ മൃതപ്രായനായി കിടക്കുമ്പോഴും പണിക്കുപോകേണ്ടിവന്ന ആ അമ്മയുടെ ഹൃദയവേദന എന്തായിരിക്കും?  എന്റെ മകനിന്ന് 30 വയസ്സായിട്ടും ഒരു പനി എന്നറിഞ്ഞാൽ കുറയുന്നത് വരെ ആശങ്കപ്പെടുന്ന അവസ്ഥ എനിക്കറിയാം. അപ്പോൾ കല്ല്യാണി മൂത്തമ്മയുടെ മാനസികാവസ്ഥയ്ക്കു മുമ്പിൽ നമിച്ചെ തീരൂ. അറിഞ്ഞവർ ഓടിക്കൂടി. കൃഷ്ണനേളപ്പനേയും കല്ല്യാണീമൂത്തമ്മയേയും ആളയച്ച് വരുത്തി. ഞാനപ്പോൾ സ്കൂളിലായിരുന്നു. സ്കൂളിലും അറിയിപ്പെത്തി. സ്കൂൾ അപ്പോൾ തന്നെ അടച്ചു. എല്ലാ ടീച്ചർമാരും മാഷന്മാരും വിദ്യാർത്ഥികളും ശശിയേട്ടനെ കാണാനെത്തി. അപ്പോ ഞാൻ കണ്ട കാഴ്ച ഒരാൾ ശശിയെട്ടന്റെ മുടിനാരുകൾ കുറച്ച് മുറിച്ച് വെള്ളം നിറച്ച ഒരു പന്ന പാത്രത്തിൽ ഇടുന്നു. ജീവനുണ്ടെങ്കിൽ മുടി പിടയ്ക്കുമത്രെ. ഹൊ എന്തൊരു കണ്ടുപിടുത്തം! എവിടെ പിടക്കാൻ? മരിച്ചതായി സ്ഥിരീകരിച്ചു. കാലത്തിന്റെ കുത്തൊഴുക്കിൽ കൗമാരവും യൗവ്വനവും കടന്നുപോയതോടെ എത്രയോ മരണങ്ങൾക്ക് മുന്നിൽ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. പക്ഷെ ഈ ഒരു മരണം എന്റെ ജീവിതത്തിൽ ഒരാൾ മാത്രം. മരിക്കുന്ന ദിവസം രാവിലെ സ്കൂളിലേക്ക് പോകുന്നതിനു മുമ്പ് ശശിയേട്ടനെ പോയി കണ്ടപ്പോൾ ജീവന്‌ വേണ്ടി യാചിക്കുന്ന നിസംഗനായ ശശിയേട്ടന്റെ ദൈന്യമുഖമായിരുനു അവസാനമായി കണ്ടത്. സത്യത്തിൽ കടിച്ചത് എലിയായിരുന്നില്ല. അണലിയെന്നും മണ്ഡലിയെന്നും വിളിക്കുന്ന വിഷപാമ്പായിരുന്ന് കടിച്ചത്. എലിയുടെ കരച്ചിൽ കേട്ടത് ഒരു പക്ഷെ പാമ്പിന്റെ വായിൽ എലി ഉണ്ടായിരുന്നിരിക്കണം.  കൂരാകൂരിരുട്ടിൽ ശശിയേട്ടൻ ചവിട്ടിയത്പാമ്പിന്റെ മുകളിലായിരിക്കും. എലിയെ വിട്ട് കാലിന്മേൽ കടിച്ചു. അതായിരിക്കണം ഒരു പക്ഷെ നിജസ്ഥിതി. കേട്ടവർ കേട്ടവർ പാഞ്ഞെത്തി. ആ പ്രദേശം മുഴുവൻ ജനങ്ങൾ നിറഞ്ഞു. എല്ലാവരുടേയും മുഖത്ത് അമ്പരപ്പ് മാത്രം. അലമുറയിട്ടു കരയുന്ന കല്ല്യാണിമൂത്തമ്മ, കൃഷ്ണനളേപ്പൻ നാരയണേട്ടൻ... രാത്രിയോടെ ശശിയേട്ടന്റെ മൃതദേഹം അടക്കം ചെയ്തു. നീണ്ട വർഷങ്ങളുടെ കാലപഴക്കം ശശിയേട്ടന്റെ മുഖം എന്റെ മനസ്സിൽ നിന്ന് മാഞ്ഞുപോയെങ്കിലും ആ ജ്വലിക്കുന്ന ഓർമ്മ ഇന്നും വിടാതെ കത്തി നില്ക്കുന്നു. ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും  ബാക്കിവെച്ചുപോയ ഒരു പാട് പ്രതീക്ഷകൾ അസ്തമിച്ചു
പോയ എന്റെ പ്രിയപെട്ട ശശിയേട്ടന്‌ ആയിരമായിരം കണ്ണീർപുഷ്പങ്ങൾ അർപ്പിക്കുന്നു.


Read more...

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP