bekal fort - ഒരു പുനർവിചിന്തനം

>> 2010, നവംബർ 8, തിങ്കളാഴ്‌ച

ക്ഷമിക്കണം.
നിങ്ങളറിഞ്ഞ ഒരു കോട്ടയുടെ ചിത്രമല്ല ഇത്. 
ചരിത്രപ്രസിദ്ധിയും പ്രകൃതിഭംഗിയും കൂടി ചേർന്ന 
ആ മനോഹര പുരാവസ്തുവിന്റെ പിറകിൽ വരാനിരിക്കുന്ന 
                                            നിറഞ്ഞ മനസ്സോടെ സ്വാഗതം
ഒരു വലിയ ദുരന്തത്തിന്റെ പേറ്റുനോവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യവും സൗന്ദര്യവും 
ഇവിടെ തുറന്നു കാട്ടുന്നു. 
ആ മനോഹര ഭൂമിയുടെ ഹൃദയത്തെ മാന്തിപൊളിക്കാൻ 
കൂറ്റൻ മണ്ണു മാന്തികളും ആധുനിക രക്ഷകരും 
രംഗത്തെത്തിയിട്ട് നാളുകളേറെയായി.
എന്റെ യവ്വനത്തിന്റെ ചൂടും ചൂരും അധികം കവർന്നത് 
ആ കോട്ടയുടെ ഓരോ മൺത്തരികളിലുമാണ്‌. 
പണിയും പണവുമില്ലാതിരുന്ന എന്റെ ഭൂതകാലം.... പ്രഭനോടൊത്ത് ബേക്കൽ കോട്ടയിലെത്തി വടക്കേ ഗുഹാമുഖത്തെ ഗേറ്റും കടന്നു് ഗുളികൻ കല്ലിന്റെ ഓരത്ത്‌ നിശ്ചയദാർഢ്യത്തിന്റെ കരുത്തുമായി നിലകൊള്ളുന്ന 
കരിങ്കൽ പാളികളുടെ ഇടയിൽ വെറുതെ ആകാശം നോക്കി കിടക്കുക പതിവായിരുന്നു. 
നേരം വൈകി ഇരുട്ടുന്നത്‌ വരെ സ്വപ്നങ്ങളുടെ ലോകത്ത്‌ മഞ്ചലുകേറി വരുന്ന മാലാഖമാരെ കാത്ത് കിടക്കുമായിരുന്നു.
                         കാലത്തിന്റെ പ്രൗഢിയെ തളർത്തനാവുമോ..?  

അരപട്ടിണിയിൽ തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ 
ഞങ്ങൾക്ക് പരസ്പരം മിണ്ടാട്ടമില്ലായിരുന്നു. 
നേരം പുലരാനുള്ള സമയം ഞങ്ങൾക്ക് അസഹ്യമായിരുന്നു.
കടലിന്റെ പഞ്ചാരമണലിൽ പാതി ഇട്ടേച്ചു പോയ 
പ്രണയത്തെ നക്കിത്തുടക്കാനുള്ള തിരയുടെ 
ആവേശം കാണാൻ എന്തു രസമായിരുന്നു. 
ആന്ധ്രക്കാരും തമിഴൻ മാരും ചേക്കേറുന്ന ദിവസം 
ഞങ്ങൾക്ക് സന്തോഷമായിരുന്നു. 
പ്രാർത്ഥനയോടെ ഒരു നിമിഷം തൊഴുതു വണങ്ങി 
ഗുളികൻ തെയ്യത്തിന്‌ കാഴ്ചവെക്കുന്ന 
കാണിക്കയായിരുന്നു കാരണം. 
ആളൊഴിഞ്ഞ നേരം ഭണ്ഡാരം എണ്ണി നോക്കുന്ന   
തിരക്കിലാണ്‌ ഞങ്ങൾ. 

               സാഗരമേ പ്രണാമം
പിന്നെ സമയം കളയാതെ കോട്ടക്കുന്നിലെ കള്ള് ഷാപ്പിന്റെ തിരുനടയിൽ ഭണ്ഡാരത്തിന്റെ ചെപ്പ് തുറക്കുകയായി. 
കള്ള് കുടിയുടെ ആദ്യ പാഠത്തിലായിരുന്ന 
എനിക്ക് കുപ്പികളുടെ എണ്ണം കൂട്ടനാവുമായിരുന്നില്ല. കോഴിക്കറിയും കൂടി ആകുമ്പോൾ ഉഷാർ. 
തിരിച്ച് അരക്കുപ്പി കള്ളുമായി ഗുളികൻ ദേവന്‌ കലശം.
ഒരിക്കലും ഗുളികൻ ഞങ്ങളോട് കോപിച്ചിരുന്നില്ല. 
ഞങ്ങളുടെ ഇല്ലായ്മയിലും വല്ലായ്മയിലും ഒരു പക്ഷേ 
കൂടുതൽ പരിതപിച്ചത് പാവങ്ങളുടെ ഈ ദൈവമായിരിക്കും. അന്നൊക്കെ കോട്ടയിൽ ആർക്കും 
എപ്പോൾ വേണമെങ്കിലും പ്രവേശിക്കാമായിരുന്നു. 
ആരും ഞങ്ങളെ തടയുമായിരുന്നില്ല. 
                                 സംഗീതം പോലെ മധുരം ഈ മാസ്മര സൗന്ദര്യം

അവിടെയുള്ള ഒരു കിണറിൽ ഒരു വലിയ മരമുണ്ടായിരുന്നു. രാജാക്കന്മാരുടെ കാലത്ത് യുദ്ധാനന്തരം 
ശത്രുക്കളുടെ തലയറുത്ത് ഈ കിണറ്റിൽ തള്ളുമായിരുന്നത്രെ. അവരുടെ തലമുടി മുളച്ചുപൊങ്ങിയതാണത്രെ ഈ മരം. 
പച്ചപ്പു നിറഞ്ഞ ആ മണ്ണിൽ മണ്മറിഞ്ഞ് പോയ 
ഒരുപാട് യോദ്ധാക്കളുടേയും വീരന്മാരുടേയും 
ആത്മാക്കൾ ഉറങ്ങുകയാണ്‌. 
കാലം സാക്ഷി!  കടലും സാക്ഷി!
ടൂറിസത്തിന്റെ പേരും പറഞ്ഞ് ഭരണാധികാരികൾ 
കാട്ടികൂട്ടുന്ന പേക്കൂത്തുകൾ ആ പവിത്രമായ മണ്ണിനെ മലിനപ്പെടുത്തുകയാണ്‌. 
ആ മണ്ണിൽ പിറന്ന ഞങ്ങൾക്ക്‌ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടാണ്‌ അവർ ഇതിന്‌ തുടക്കമിട്ടത്‌. നാലുഭാഗവും കൊട്ടിയടക്കുകയും ടിക്കറ്റ് വെച്ച് കാഴ്ചബംഗ്ളാവിന്റെ പ്രതീതി സൃഷ്ഠിക്കുകയും കൂടി 
ചെയ്തപ്പോൾ തികച്ചും ഒറ്റപ്പെട്ട് പോയത് 
തദ്ദേശീയർ ഞങ്ങൾ തന്നെ. 
ഒന്നുമറിയാത്ത പാവങ്ങളെ ടൂറിസത്തിന്റെ 
അനന്ത സാദ്ധ്യതകളെ കുറിച്ച് കൂലിക്കെഴുത്തുകാരും കൂലിപ്രാസംഗികരും വിവരണങ്ങൾ കൊണ്ട് 
വയർ നിറച്ചപ്പോൾ നേരും നെറികേടും തിരിച്ചറിയാനാകാത്ത ഞങ്ങളിൽ അവർ വിള്ളലുകൾ ഉണ്ടാക്കി. 
പ്രതികരണത്തിന്റെ സ്പന്ദനവുമായി ഒരു  വിജയനും കൂട്ടരും പ്രതിഷേധിച്ചപ്പോൾ ഞങ്ങൾ സന്തോഷിച്ചു. 
                                          മാഞ്ഞുപോകുമോ ഈ  മന്ദഹാസം

ഒടുവിൽ പുത്തൻ പണക്കാരുടെ കീശ വലിപ്പത്താൽ 
ആ സമരവും അസ്തമിച്ചു.
പിന്നീട് ഇതുവരെ ഈ വിജയന്മാരെ കണ്ടതേയില്ല. 
ഞങ്ങളുടെ നാവുകൾ പിഴുതെറിയപ്പെട്ടു. 
ആയിരം നാവുകളുടെ ഹുംകാരത്തിൽ ഇന്ന് സൗധങ്ങൾ ഉയരുന്നു. വെള്ളക്കാരത്തിയുടെ തുണിയില്ലാ കിടപ്പു കാണാനുള്ള ആർത്തിയിൽ ഞങ്ങളുടെ കിടപ്പാടവും 
അവർക്ക് തീറെഴുതി കാത്തിരിക്കുന്നു. 
                                         ചിരിയും കളിയും മായുമീ അന്ധകാരം
ടൂറിസം ഒരു വ്യവസായം എന്ന മഹാമറിമായത്തിൽ നഷ്ടപ്പെടുന്നത് ഒരു സംസ്ക്കാരത്തിന്റെ ചരിത്രമാണെന്ന് എന്തേ ആരും കാണുന്നില്ല? 
ഗോവയിലും കോവളത്തും ഇന്ന് നടക്കുന്ന 
പേക്കൂത്തുകൾ നാളെ എന്റെ നാട്ടിലും 
പകൽ പ്പാട്ടാവുമ്പോൾ ഈ നാടിനെ വിദേശികളുടെ 
കാല്ക്കീഴിൽ നിന്ന് മോചിപ്പിക്കാൻ രക്തവും ജീവനും
നല്കിയ രക്തസാക്ഷികളെ നമുക്കു മറക്കാം
 
“.............................
പാരതന്ത്ര്യം മാനികൾക്ക്
മൃതിയേക്കാൾ ഭയാനകം“



3 അഭിപ്രായ(ങ്ങള്‍):

SUJITH KAYYUR 2010, നവംബർ 10 2:26 AM  

നല്ല രീതിയില്‍ എഴുതിയിരിക്കുന്നു........

Hari 2010, നവംബർ 11 1:39 AM  

പുനര്‍വായന പുസ്തകങ്ങള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുക.പുനര്‍ ചിന്തയാവും ഉദ്ദേശിച്ചത്. ആശയപരമായി യോജിക്കുന്നു. ഇതിനൊക്കെ എതിര് പറയേണ്ടവര്‍ ടൂറിസത്തിന്റെ അപ്പോസ്തലന്മാരവുംപോള്‍ എന്ത് ചെയാന്‍. പ്രതികരിച്ചിരുന്ന തലമുറയുടെ വായ്ക്കരിയിട്ട കച്ചവട തന്ത്രങ്ങള്‍.........

പാലാത്തീയൻ 2010, നവംബർ 12 7:04 AM  

നന്ദി സുഹൃത്തെ

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP