>> 2018 ഏപ്രിൽ 8, ഞായറാഴ്‌ച





ആഴമുള്ള മുറിവുകളും
പരന്നൊഴുകുന്ന ആശയവുമായി ഞാൻ നടന്നു.
എന്റെ മനസ്സിലെ വിദ്വേഷം
നിന്റെ മനസ്സിലേയും വിദ്വേഷമാണോ?
എന്റെ വേദന നിന്റേയും വേദനയാണോ?
തളർന്ന ബന്ധങ്ങൾ പിന്നേയും തലയുർത്തുമ്പോൾ
പിന്നിട്ട വ്യത്യസ്ത പാന്ഥാവുകളീൽ നിന്ന് തിരിഞ്ഞു നടന്ന്
പിന്നേയും അടുക്കുമ്പോൾ ശീലിച്ചുപോന്ന
പെരുമാറ്റത്തിലെ അന്തരങ്ങൾ
അലിഞ്ഞുചേരാൻ വയ്യാത്തവിധം
അറപ്പുള്ളവയാണ്‌.

 

Read more...

കണ്ണേട്ടൻ ഒരോർമ്മ.

>> 2017 മാർച്ച് 26, ഞായറാഴ്‌ച


പൂച്ചക്കാട്ടെ എന്റെ ബാല്യം. 
തികഞ്ഞ ഗാന്ധിയനായ എന്റെ പിതാവ് ഒരു കോൺഗ്രസ് അനുഭാവിയായിരുന്നു. 
RSS എന്ന വാക്ക് പോലും കേട്ടിട്ടില്ലാത്ത എന്റെ കുട്ടിക്കാലം 
ഏവരുമെന്ന പോലെ ഞാനും കോൺഗ്രസ്സായിരുന്നു. 
ചുറ്റുപാടും കോൺഗ്രസ്സും മാർക്സിസ്റ്റും ഇടകലർന്ന അന്തരീക്ഷം. 
ആറാം ക്ളാസിൽ ഒന്നാമനായി വിലസുന്ന പ്രായം. 
ഒരു ദിവസം എന്റെ അമ്മാവൻ ശ്രീ. ഗോപാലൻ എന്റെ വീട്ടിൽ വന്നു. 
അമ്മാവന്റെ കൊമ്പൻ മീശയും താടിയുമെന്ന പോലെ എന്നെ ആകർശിച്ചത് 
അദ്ദേഹത്തിന്റെ വലത് കയ്യിൽ കണ്ട ഒരു ചരടാണ്‌. 
അമ്മാവൻ പോകുന്നത് വരെ ഞാൻ ശ്രദ്ധിച്ചത് മുഴുവൻ ആ ചരടായിരുന്നു. 
അമ്മാവൻ പോയി കഴിഞ്ഞപ്പോൾ ആ ചരടിനെ കുറിച്ച് എന്റെ അപ്പനോട് ചോദിച്ചു. 
“അത് ജനസംഘക്കാർ കെട്ടുന്ന ചരടാണ്‌. ” മറുപടി കേട്ടതും 
അന്ന് രാത്രി മുഴുവൻ അതെ കുറിച്ചായി എന്റെ ചിന്ത. 
എന്താണീ ജനസംഘം? അവർക്ക് മാത്രമായി എന്തിനീ ചരട്?.. 
ഒരാഴ്ചയോളം എന്റെ സംശയം കൊണ്ടുനടന്നു. ഒടുവിൽ അപ്പനോട് തന്നെ ചോദിച്ചു. 
“ഗാന്ധിയെ കൊന്ന സംഘമണ്‌ ജനസംഘം. 
അവർ മാത്രമേ അത് കെട്ടുകയുള്ളൂ” അപ്പൻ പറഞ്ഞത് കേട്ടപ്പോൾ 
അല്പ്പം ഞെട്ടലുണ്ടായെങ്കിലും ആ ചരടിന്റെ മാന്ത്രികത എന്നെ വല്ലാതെ അലട്ടി. 
പിന്നീടുള്ള രാത്രികളിൽ ഞാൻ ആ ചരട് കെട്ടിനടക്കുന്ന സ്വപ്നങ്ങളായിരുന്നു കൺനിറയെ. 
സ്കൂൾ അടച്ച സമയം ഞാൻ ചേറ്റുകുണ്ടിലെ അമ്മവീട്ടിൽ പോയി. 
അമ്മാവൻ അവിടെയായിരുന്നു താമസിച്ചിരുന്നത്. 
കുശലാന്വേഷണങ്ങൾക്കൊടുവിൽ സമൃദ്ധമായ ഭക്ഷണവും 
കഴിഞ്ഞൊരു ഇടവേളയിൽ അമ്മാവനോട് ആ ചരടിനെ കുറിച്ച് ചോദിച്ചു. 
അത് രക്ഷാബന്ധനാണെന്നും ചേറ്റുകുണ്ടിലെ ബീഡികണ്ണന്റെ അടുക്കൽ പോയാൽ കെട്ടിത്തരുമെന്നും അമ്മാവൻ പറഞ്ഞു. പിന്നെ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല. അപ്പോൾ തന്നെ അവിടെ നിന്നിറങ്ങി ചേറ്റുകുണ്ടിലെത്തി 
ബീഡികണ്ണേട്ടന്റെ കമ്പനി അന്വേഷിച്ചു. 
കമ്പനിയിലെത്തിയപ്പോൾ അഞ്ചെട്ട് പേർ അവിടെ ബീഡി 
തെരച്ചുകൊണ്ടിരിക്കുകയായിരുന്നു. 
ബീഡികണ്ണേട്ടൻ ആരാണെന്ന് ചോദിച്ചപ്പോൾ ഒരാൾ സ്വയം അടുക്കൽ വന്നു. 
ഞാൻ വന്ന കാര്യം പറഞ്ഞു.  എന്നെ കുറിച്ചും അദ്ദേഹം  ചോദിച്ചു. 
പൂച്ചക്കാടാണെന്നും ഇവിടെ അമ്മാവന്റെ വീടുണ്ടെന്നും അമ്മാവൻ പറഞ്ഞതനുസരിച്ചാണ്‌ വന്നതെന്നും പറഞ്ഞപ്പോൾ കണ്ണേട്ടന്‌ വളരെയധികം സന്തോഷമായി. 
രക്ഷാബന്ധനെ കുറിച്ചും രാഖിയെ കുറിച്ചും പറഞ്ഞുതന്നെങ്കിലും 
അന്നതൊന്നും തലയിൽ കയറിയില്ല. 
കണ്ണേട്ടൻ ഒരു രാഖിയെടുത്ത് എന്റെ വലത് കയ്യിൽ കെട്ടിതന്നപ്പോൾ 
സത്യത്തിൽ എന്റെ ശരീരത്തിൽ ഒരു മിന്നൽപിണർ കടന്നുപോയപോലെ തോന്നി. 
ഭാവിയിൽ നീയൊരു നല്ല സ്വയം സേവകനായിത്തീരുമെന്നും 
എന്നേക്കാൾ കൂടുതൽ അറിവ് നേടാൻ നിനക്കാവുമെന്നും പറഞ്ഞ് 
ഒരു രൂപ നാണയവും തന്ന് ആശീർവദിച്ചു. 
കയ്യിൽ കെട്ടിയ രാഖിയെ തിരിച്ചും മറിച്ചും നോക്കി തെക്കുപുറം വഴി 
പൂച്ചക്കാട് ചിറക്കാൽ എന്റെ വീട് വരെ നടന്നുവന്നു. 
ഒരു രാജ്യം പിടിച്ചടക്കിയ പ്രതീതിയായിരുന്നു എനിക്കപ്പോൾ. 
പിന്നീട് കണ്ണേട്ടൻ പറഞ്ഞ വാക്കുകളായിരുന്നു 
എന്റെ മനസ്സ് നിറയെ, ഒരു സ്വയംസേവകനാവുക എന്നത്. 
തുടന്നങ്ങോട്ട് കൂടുതൽ കൂടുതൽ വായിക്കാനും പഠിക്കാനും അറിവ് നേടാനും കഴിഞ്ഞതോടെ അതുവരെ ധരിച്ചുവെച്ചതും പഠിച്ചതും നുണകളും 
കാപട്യം നിറഞ്ഞതുമാണെന്ന് മനസ്സിലാക്കുകയും വർഷങ്ങളോളം 
സംഘത്തെ ദൂരെനിന്നും സ്വയംസേവകരെ അടുത്തുനിന്നും 
അറിയാനിടയായതിനെ തുടർന്ന് പള്ളിപ്പുഴയിൽ തമ്പാൻ ഏട്ടൻ 
മുഖ്യശിക്ഷകനായ ശാഖയിൽ ഞാനുമൊരു സ്വയംസേവകനായി 
പങ്കെടുക്കുകയും പിന്നീട് ചേറ്റുകുണ്ടിലെത്തി കണ്ണേട്ടനെ കാണുകയും 
ചെയ്തപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞനുഗ്രഹിക്കുകയും ചെയ്ത 
അദ്ദേഹത്തിന്റെ ആ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. 
ചേറ്റുകുണ്ടിലെ ചന്ദ്രാണിസ്വാമിയുടെ സ്ഥലത്ത് ഓട്ടോറിക്ഷ ഗംഗേട്ടൻ 
മുഖ്യശിക്ഷക്കും ഞാൻ ശിക്ഷക്കായും ശാഖ നടക്കുന്ന കാലം. 
രാവിലെ 6 മണിക്കാണ്‌ പ്രഭാത ശാഖ. 
പല സ്വയംസേവകരും സമയം കഴിഞ്ഞ് വരുമെങ്കിലും 
കണ്ണെട്ടൻ എന്നും കൃത്യം 6 മണിക്ക് ആദ്യത്തെ വിസിൽ മുഴങ്ങുമ്പോൾ തന്നെ 
“സം പത” ചെയ്യാനുണ്ടായിരിക്കും. അദ്ദേഹത്തിന്റെ ആ കൃത്യനിഷ്ഠത 
എനിക്ക് പിന്നീട് പല അവസരങ്ങളിലും ചേറ്റുകുണ്ടിൽ സംഘപ്രവർത്തനം നടത്താൻ ഭാഗ്യമുണ്ടായപ്പോൾ അനുഭവപ്പെട്ടിട്ടുണ്ട്. അതുപോലെ സംഘത്തിന്റെ ഏത് കാര്യത്തിനും ധനസഹായത്തിനായി കണ്ണേട്ടനെ സമീപിച്ചാൽ 
അന്ന് വാടകറൂമിൽ കഴിയുന്ന കണ്ണേട്ടൻ ഒരു നല്ല തുക തന്ന് സഹായിക്കാറുണ്ടായിരുന്നു. തുടർന്നുള്ള എന്റെ പ്രവർത്തനത്തിന്റെ ഭാഗമായി 
ഒട്ടേറെ കള്ളക്കേസ്സുകളിൽ ലീഗുകാർ എന്നെ ഉൾപ്പെടുത്തി ഭരണത്തിന്റെ ഹുങ്കിൽ 
തളർത്താൻ ശ്രമിച്ചപ്പോഴും എനിക്ക് താങ്ങും തണലുമായി സഹായിച്ചതും 
കണ്ണേട്ടന്റെ തുറന്ന മനസ്സാണ്‌. 
സ്വന്തം വീട് പോലും ഉപേക്ഷിച്ച് ചേറ്റുകുണ്ടിൽ സംഘസ്ഥാനിൽ തന്നെ 
താമസമാക്കിയായിരുന്നു എന്റെ പ്രവർത്തനം. 
അതിൽ ഒരുപാട് വേദനിച്ച കണ്ണേട്ടൻ ഒരുദിവസം എന്നെ വിളിച്ചുകൊണ്ടുപോയി 
അച്ഛനേയും അമ്മയേയും ഒരിക്കലും മറക്കരുതെന്നും 
അവരാണ്‌ യഥാർത്ഥത്തിൽ കാണപ്പെട്ട ദൈവമെന്നും 
മറ്റുള്ളതൊക്കെ കണാത്ത ദൈവങ്ങളാണെന്നൊക്കെ പറഞ്ഞ് 
ഒരുപാട് ഉപദേശം തരികയുണ്ടായി. 
തികഞ്ഞ ഒരു സ്വയംസേവകന്‌ അത്യാവശ്യം വേണ്ടത് സ്വഭാവഗുണമാണെന്നും 
അതിൽ പ്രധാനം മാതാവിനും പിതാവിനും നൽകേണ്ട സ്നേഹമാണെന്നും 
അവരുടെ അനുഗ്രഹമാണ്‌ നമ്മളോരുത്തരുടേയും മുന്നോട്ടുള്ള ഗതി 
നിർണ്ണയിക്കുന്നതെന്നും പറഞ്ഞപ്പോൾ എന്റെ കണ്ണ്‌ നിറയുകയും 
സ്വന്തം വീട്ടിൽ പോകാൻ ഞാൻ തയ്യാറാവുകയും ചെയ്ത കാര്യവും ഓർക്കാതിരിക്കാൻ വയ്യ. ഏറ്റവുമൊടുവിലായി ഒരു വർഷം മുമ്പ് ചേറ്റുകുണ്ടിൽ വെച്ച് കണ്ടപ്പോൾ 
എന്റെ വാക്കുകളിലും പ്രവർത്തിയിലും കണ്ണേട്ടൻ അഭിനന്ദിച്ചപ്പോഴും 
അവ്യക്തമായ ചില ചിന്തകൾ കണ്ണേട്ടനെ വല്ലാതെ അലട്ടുന്നുണ്ടെന്ന് 
എനിക്ക് മനസ്സിലായി. 
വ്യക്തി ബന്ധങ്ങൽക്കപ്പുറം ഒരു സമൂഹത്തിന്റെ നൻമയ്ക്കായി 
സ്വജീവിതം പോലും തൃണവൽഗണിച്ച 
ഒരു വലിയ മനുഷ്യനായിരുന്നു കണ്ണേട്ടൻ. 
കണ്ണേട്ടന്റെ അകാലത്തിലുള്ള ഈ വേർപാട് ഒരു വലിയ നഷ്ടം തന്നെയാണ്‌. 
കണ്ണേട്ടൻ കെട്ടിത്തന്ന അ രാഖി ഒരായിരം കൈകൾക്ക് കെട്ടിക്കൊടുക്കാൻ 
എനിക്ക് സാധിച്ചതാണ്‌ ആ വലിയ മനുഷ്യനോടുള്ള എന്റെ കടപ്പാടിനുള്ള പ്രതിഫലം. 
ചിതയിൽ അഗ്നിയിൽ എരിഞ്ഞമർന്നെങ്കിലും 
കണ്ണേട്ടൻ തുറന്നുവിട്ട സംഘാവേശം 
അണയാത്ത അഗ്നിയായി ജ്വലിച്ചുകൊണ്ടേയിരിക്കും. 
പ്രണാമം.!

Read more...

വീരമൃത്യു ശ്രീ ഗണേശൻ (1985 ഒക്ടോബർ 28)

>> 2016 ഒക്‌ടോബർ 25, ചൊവ്വാഴ്ച


യൗവ്വനതീക്ഷ്ണമായ കാലം. 
കാരിരുമ്പിന്റെ പേശിയും സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന ശരീരവുമായി 
ചേറ്റുകുണ്ടിന്റെ സിംഹക്കുട്ടിയായി ജീവിതം 
ആടിത്തിമിർക്കുകയായിരുന്നു ആ യുവാവ്.
സംഘത്തിന്റെ നെടുംകോട്ടയായ ചേറ്റുകുണ്ടിൽ 

ചെറുപ്പം തൊട്ടേ കേട്ട “നമസ്തേ സദാ വത്സലേ മാതൃഭൂമേ” എന്ന മന്ത്രം 
ഹൃദയത്തിൽ ആവാഹിച്ച് ശാഖകളിൽ സൂര്യനമസ്ക്കാരം ചെയ്ത് 
ജീവിതത്തിൽ “ദക്ഷയും ആരമയും” സ്വീകരിച്ച് വളർന്നവൻ. 
കേരളത്തിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ സംഖ്യയുണ്ടായിരുന്ന ശാഖ നടന്ന സ്ഥലം. കാസറഗോട് ജില്ലയിലെ ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന 
പള്ളിക്കര ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശം. 
തണ്ടുമ്മൽ കോരൻ-ദേവകി ദമ്പതികളുടെ മൂന്നാമത്തെ മകനായിരുന്നു ഗണേശൻ. 
ശാഖാ പ്രവർത്തനം ഒടുവിൽ മുഖ്യശിക്ഷക് വരെ എത്തിനിൽക്കുന്ന കാലം. 
കടലിലും പുഴയിലും മീൻ പിടിക്കുകയായിരുന്നു തൊഴിൽ. 
യുവത്വത്തിന്റെ വേലിയേറ്റത്തിൽ ഗണേശന്റെ ജീവിതത്തിലും 
പ്രണയം പൂത്തുനിന്ന കാലം. ഷക്കീന എന്ന മുസ്ളിം പെൺകുട്ടി. 
പരസ്പ്പരം അഗാധമായി സ്നേഹിച്ചിരുന്നു. 
ഒന്നിച്ചുള്ള ഒരു ജീവിതം ആഗ്രഹിച്ചിരുന്നു ഇരുവരും. 
ആയിടയ്ക്കാണൂ BJPയുടെ ദശാകാല സന്ധി രൂപപ്പെട്ട തിരഞ്ഞെടുപ്പ് വരുന്നത്. 
1984ലെ ലോകസഭാ തിരഞ്ഞെടുപ്പ്. 
ഫലം വന്നപ്പോൾ BJPയ്ക്ക് ലോകസഭയിൽ ആകെയുണ്ടായിരുന്ന 2 സീറ്റും നഷ്ടപ്പെട്ടു. വാജ്പേയും അഡ്വാനിയും ദയനീയമായി തോറ്റ ഒരു തിരഞ്ഞെടുപ്പ് അന്തരീക്ഷം. 
ഫലം വന്നതിനെ തുടർന്ന് പൊടുന്നനെ ആഹ്ളാദപ്രകടനമായി 
മുസ്ളിം ലീഗുകാർ ലോറികളിൽ ആയുധങ്ങളുമായി ചേറ്റുകുണ്ട് ആക്രമിച്ചു. 
പെട്ടെന്നുണ്ടായിരുന്ന ആക്രമത്തിൽ പലരും ഓടി. 
പിന്നെ വീടുകൾക്ക് നേരെ അക്രമവുമായി ലീഗുകാർ മുന്നേറി. 
കടപ്പുറത്തായിരുന്ന ഗണേശനും സംഘവും ഓടിയെത്തി നേരിട്ടു. 
ലീഗുകാർ തിരിഞ്ഞോടി. സമയം രാത്രി 8 മണിയായിക്കാണും. 
സംഘട്ടത്തിനിടയിൽ അക്രമകാരിലൊരാൾ കൊല്ലപ്പെട്ടു. 
ചേറ്റുകുണ്ട് പിന്നെ പരിഭ്രാന്തിയിലായി. 
144 പ്രഖ്യാപിക്കപ്പെട്ടു. പോലീസ് നരനായാട്ടിനിറങ്ങി. 
കയ്യിൽ കിട്ടിയ എല്ലാ പുരുഷൻമാരേയും പൊക്കി. 
പ്രതികളായി ഗണേശനും ഭാസ്ക്കരനെന്ന ബാസനും. 
ആഴ്ചകൾക്ക് ശേഷം കോടതിയിൽ ഹാജരായി. 
കോടതി പരിസരം ലീഗുകാരാൽ നിറഞ്ഞുകവിഞ്ഞു. 
ഒരു കൂസലുമില്ലാതെ ചുണക്കുട്ടികളെ പോലെ അവർ 
കോടതി നടപടികൾ നേരിട്ട് പുറത്തിറങ്ങി. 
പിന്നെ മാസങ്ങളിലായി കേസിനു ഹാജരാവുമ്പോഴും 
ലീഗുകാരെ കൊണ്ട് കോടതി പരിസരം നിറയുമായിരുന്നു. 
യാതൊരു ഭയലേശവുമില്ലാതെ ഗണേശനും ബാസനും 
കാഞ്ഞങ്ങാടിന്റെ വഴികളിൽ നടന്നുനീങ്ങി. മാസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ചു.
 ദിവസങ്ങളും മാസങ്ങളും കടന്നുപോയി. 
ആയിടയ്ക്കായി ഗണേശനിൽ ചില മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങി. 
സംഘാധികാരികളും വീട്ടുകാരും അതീവജാഗ്രതയോടെ 
പലപ്പോഴായി ഉപദേശിച്ചിട്ടും സ്വീകരിക്കാതെ 
3 മുസ്ളിം ചെറുപ്പക്കാരുമായി ഗണേശൻ ചങ്ങാത്തം തുടങ്ങി. 
അവരുടെ വാക്കുകൾ അവനു വിശ്വാസമായിരുന്നു. 
രാവും പകലും ഇവർ ഗണേശന്റെ കൂടെയായി.  
ഇതൊരു വൻചതിയാണെന്ന് പലരും പറഞ്ഞുനോക്കിയെങ്കിലും 
“അവർക്ക് എന്റെ ഒരു രോമം പോലും പൊട്ടിക്കാൻ കഴിയില്ല” എന്ന് പറഞ്ഞ് 
ഞങ്ങളെ ഒഴിവാക്കുമായിരുന്നു. 
മതം മാറി മുസ്ളിമായ പുതിയ അബ്ബാസിന്റെ മകൻ കടപ്പുറത്ത് താമസിക്കുന്ന അന്തുക്ക, 
ചേറ്റുകുണ്ട് സ്വദേശികളായ അസിനാർ, മജീദ് എന്നിവരായിരുന്നു ഇവർ. 
പല പാതിരാത്രികളിലും ഇവരുടെ കൂടെ ഗണേശൻ 
ഇവർ വിളിച്ച സ്ഥലങ്ങളിൽ പോകാറുണ്ട്. 
ശരിക്കും ഇവർ ഗണേശനെ വലയിലാക്കി. 
ഗണേശനു അത്രയ്ക്കും ഇവരെ വിശ്വാസമായിരുന്നു. 
ഒരിയ്ക്കലും അവർ വഞ്ചിക്കില്ല എന്ന് അവൻ എന്നോടും പറഞ്ഞിട്ടുണ്ട്. 
ഒരിയ്ക്കൽ ഞാൻ കാഞ്ഞങ്ങാട് പ്രസിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലം. 
രാത്രിയായിരുന്നു ജോലി. രാത്രി 12 മണിയായപ്പോൾ ഒരു ചായ കുടിക്കാൻ 
ബസ് സ്റ്റാന്റിൽ ചെന്നപ്പോൾ അവിടെ ഗണേശനും ഇവരും. 
ഞാൻ വിളിച്ച് ചോദിച്ചപ്പോൾ ഗണേശൻ എന്നെ വഴക്ക് പറയ്കയാണു ചെയ്തത്. 
ഉപദേശം ഒരിയ്ക്കലും അവൻ കേൾക്കില്ലായിരുന്നു. 
അതായിരുന്നു അവന്റെ പ്രകൃതം. അതിനിടയിൽ പ്രണയം മൂർദ്ധന്യാവസ്ഥയിലെത്തി. 
വീട്ടുകാർ ഷക്കീനയെ മർദ്ദിച്ചും പീഢിപ്പിച്ചും പിൻമാറാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. 
മർദ്ദനം സഹിയ്ക്കവയ്യാതെ ഒരു രാത്രി അവൾ വീട് വിട്ടിറങ്ങി. 
ചേറ്റുകുണ്ട് സർക്കാർ കിണറിന്നടുത്തെത്തി ഗണേശനെ ആളയച്ചു വരുത്തി. 
അവൻ അവളേയും കൊണ്ട് വീട്ടിൽ വന്നു. 
കൊലക്കേസ്സ് തീരുന്നതിനു മുമ്പേ ഒരു മുസ്ളിം പെൺകുട്ടിയേയു 
തട്ടിക്കൊണ്ടുവന്നതായി പിന്നേയും കേസ്സുകൾ ഉണ്ടായെങ്കിലോ 
എന്ന് ഭയന്ന് വീട്ടുകാർ അവളെ പറഞ്ഞും സമാധാനിപ്പിച്ചും 
വീട്ടിലേക്ക് പോകാൻ പറഞ്ഞു. സമ്മതിക്കാതെ 
ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൽ കേസ്സ് കഴിയട്ടെ, 
അത് കഴിഞ്ഞ് രജിസ്റ്റർ കല്യാണം നടത്തിത്തരാമെന്ന് 
പറഞ്ഞതിന്റെ ഉറപ്പിൽ അവൾ തൽക്കാലം വീട്ടിലേയ്ക്ക് പോകാൻ സമ്മതിച്ചു. 
ഗണേശൻ തന്നെ കൊണ്ടുപോയി വിട്ടു. 
ഈ സംഭവം കൂടി അറിഞ്ഞതോടെ ലീഗുകാർ അവരുടെ ഗൂഢാലോചനയ്ക്ക് ആക്കം കൂട്ടി. സംഭവിക്കാനുള്ളത് സംഭവിച്ചു. 
ഒരു ദിവസം രാത്രി ഗണേശനും ഈ മൂവരും ചേർന്ന് മൂക്കറ്റം മദ്യപിച്ചു. 
രാത്രി 11 മണിയോടുകൂടി ചേറ്റുകുണ്ട് രാഘവേട്ടന്റെ ഹോട്ടലിന്റെ 
തിണ്ണയില് കിടക്കാനായി ഗണേശൻ നീങ്ങി. 
ആ സമയവും സ്ഥലവും നന്നായി ഉറപ്പിച്ച ഈ കാപാലികർ 
ഗുഡ് നൈറ്റും പറഞ്ഞു ഇറങ്ങിപ്പോയി. ഗണേശൻ നല്ല ഉറക്കത്തിലായി. 
കൂടെ ഗണേശന്റെ അയൽക്കാരനും സംഘാനുഭാവിയുമായ 
ഒരു കൂട്ടുകാരനും കൂടെ കിടക്കാനുണ്ടായിരുന്നു. 
ഏകദേശം 1 മണിയോടുകൂടി മുൻകൂട്ടി പ്ളാൻ ചെയ്ത് തയ്യാറാക്കിയ 
ഒരു സംഘം ലീഗുകാർ വന്ന് നല്ല ഉറക്കത്തിലായിരുന്ന 
ഗണേശന്റെ അടുത്ത് വന്ന് ഗണേശാ ഗണേശാ എന്ന് വിളിച്ചു. 
പെട്ടെന്ന് കണ്ണ്‌ തുറന്ന ഗണേശന്റെ കണ്ണിൽ നിറച്ചും 
മുളക് പൊടി വിതറി വെട്ടാൻ തുടങ്ങി. 
അവന്റെ അടുത്ത് ചെല്ലാൻ ഭയം കാരണം വാരികുന്തം പൊലുള്ള 
ആയുധങ്ങളിൽ വിഷം പുരട്ടി ആയിരുന്നു കുത്തിയത്. 
തലങ്ങും വിലങ്ങും കുത്തിക്കീറി. 
കണ്ണിലെ നീറ്റലും ചോരച്ചാലും വകവെയ്ക്കാതെ അതിൽ ഒരുത്തനെ 
കൈത്തണ്ടയിലാക്കിയ ഗണേശന്റെ വലത് കൈ 
വിടുവിക്കാനായി മസിൽ കൊത്തിക്കീറുകയായിരുന്നു ചെയ്തത്. 
കമിഴ്ന്ന് വീണുപോയ ഗണേശന്റെ സുഷുമ്നാനാഡി വെട്ടിക്കീറി. 
ഈ സമയം സമീപത്ത് കിടന്നുറങ്ങിയ അയല്ക്കാരനായ കൂട്ടുകാരൻ 
ഇതൊക്കെ കണ്ട് വിറങ്ങലിച്ചുപോയി എന്നാണു പറഞ്ഞത്. 
ഒടുവിൽ എല്ലാം കഴിഞ്ഞു അവർ പോയപ്പോൾ 
കൂട്ടുകാരൻ തൊട്ടടുത്ത അവന്റെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. 
എല്ലാവരും ഓടിക്കൂടിയയപ്പോൾ അപ്പോഴും ബോധം നശിക്കാതെ 
ഗണേശൻ ചോരയിൽ കുളിച്ചുകിടക്കുകയായിരുന്നു. 
ഉടൻ തന്നെ കാഞ്ഞങ്ങാട് ഗവ. ആസ്പത്രിയ്‌ലേക്കും 
പിറ്റേന്ന് മംഗലാപുരം ആസ്പത്രിയിലേക്കും കൊണ്ടുപോയി. 
ഒരാഴ്ച കഴിഞ്ഞ് മംഗലാപുരം പോയി ഞാൻ കണ്ടപ്പോൾ 
കഴുത്തിനു താഴെ പൂർണ്ണമായും ചലനശേഷി നഷ്ടപ്പെട്ടിരുന്നു. 
ഇനിയോരു തിരിച്ചു വരവില്ലെന്ന് മനസ്സിലാക്കി പുറത്തേക്കിറങ്ങുമ്പോഴും 
പ്രസരിപ്പ് നഷ്ടപ്പെട്ടിട്ടില്ലാത്ത അവന്റെ മുഖം 
എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുകയായിരുന്നു.  
10 ദിവസത്തിനു ശേഷം 1985 ഒക്ടോബർ 28നു 
ആ നടുക്കുന്ന വാർത്ത ജനങ്ങൾ ശ്രവിച്ചു. ഗണേശൻ മരിച്ചു. 
ആരോടും ഒന്നും പറയാതെ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി 
ഗണേശൻ ഓർമ്മയായി. കോട്ടക്കുന്നിൽ നിന്ന് വിലാപയാത്രയായി 
മൃതദേഹം ചേറ്റുകുണ്ടിലെത്തിച്ച് വീരോചിതമായി 
ആയിരക്കണക്കിനു ജനങ്ങൾ സാക്ഷിയായി സംസ്ക്കരിച്ചു. 
ചേറ്റുകുണ്ടിന്റെ വീരകേസരി ഭാരത മാതാവിന്റെ പാദത്തിങ്കൽ 
ഒരു അർച്ചനാ പുഷ്പമായി ഞെട്ടറ്റുവീണു. 

Read more...

വീണ്ടും ഒരോണം കൂടി...

>> 2016 സെപ്റ്റംബർ 13, ചൊവ്വാഴ്ച


പോയകാലത്തിന്റെ ഓർമ്മകൾക്ക് പൂക്കളം തീർത്ത്
ആടിത്തിമിർത്ത ആ കുട്ടിക്കാലം
ഒരിക്കൽക്കൂടി വന്നണഞ്ഞപോലെ.
അപ്പന്റെ കയ്യും പിടിച്ച്
പുതിയകോട്ടയിൽ വഴിവാണിഭം നടത്തിയിരുന്ന
ചെട്ടിയാറിൽ നിന്ന് വള്ളിട്രൗസറും
വരയൻ ഷർട്ടും വാങ്ങിച്ച് കോട്ടച്ചേരി വരെ നടന്ന്
അവിടെയുള്ള ഹോട്ടലിൽ നിന്ന് ചായയും സുഖിയനും തിന്ന്
വീട് എത്തുന്നതു വരെ മനസ്സിൽ ഒരായിരം
പൂത്തിരി വിരിയിച്ച് നടന്ന ആ നല്ല കാലത്തോടൊപ്പം
മനസ്സിൽ സ്നേഹപൂക്കളം തീർത്ത അപ്പനും
ഓർമ്മകളിൽ കടന്നുവരുന്നു.
ഓണദിവസം വന്നണയാൻ ഉറക്കം വരാത്ത ഉത്രാടവും
പുത്തനുടുപ്പിന്റെ പുതുമണവും പേറി
അയൽപക്കത്തെ പിള്ളേരോടോപ്പം
പത്രാസ് കാണിച്ച ആ നല്ലകാലം.!
കാലത്തിന്റെ മാറ്റം ഓർമ്മകൾക്ക് പോലും
കരിപുരണ്ടുപോയ ഇന്നിന്റെ യാന്ത്രികമായ
ഓണത്തിനു പൂക്കളം തീർക്കാൻ മുറ്റം തേടി,
കാർപ്പോർച്ചെന്ന ആധുനിക മലയാളി​‍ൂടെ
തലയെടുപ്പിന്റെ ഇട്ടാവട്ടത്തിൽ പ്ളാസ്റ്റിക്ക് പൂക്കൾ കൊണ്ട്
പൂക്കളം തീർക്കുന്ന പുതുതലമുറയും
ഇൻസ്റ്റന്റ് പായസവും റെഡിമെയ്ഡ് ഫുഡുമായി
ഓണസദ്യയും ഉണ്ട്
വിഡ്ഢിപ്പെട്ടിക്ക് മുന്നിൽ മനസ്സ് രമിക്കുന്ന
മലയാളികൾക്കിടയിലും നന്മ നഷ്ടപ്പെടാതെ,
ഗൃഹാതുരത്വം കാത്തുസൂക്ഷിച്ച്
അവശേഷിക്കുന്ന തൊടിയിൽ ഇത്തിരി തുമ്പപ്പൂവും
വിഷം തീണ്ടാത്ത വെണ്ടയും പയറും വിളയിച്ച്
നിറമുള്ള സങ്കല്പ്പങ്ങളും സ്വപ്നങ്ങളും കാത്തുസൂക്ഷിക്കാൻ
ഈ ഓണക്കാലമെങ്കിലും നമുക്കെല്ലാവർക്കും കഴിയട്ടെ.
ഏവർക്കും മനം നിറഞ്ഞ ഓണാശംസകൾ..



Read more...

പ്രതീക്ഷ

>> 2015 ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഒരു നീണ്ട കാലയളവിന്റെ ദൈർഘ്യം 
ജീവിതത്തിനേല്പ്പിച്ച മാറ്റം ഒരുപാടാണ്‌. 
ശരീരത്തിലെ മാറ്റത്തോടൊപ്പം മനസ്സിന്റെ മാറ്റവും 
വലിയ അളവോളം സ്വാധീനം ചെലുത്തി. 
പഴയ കാലത്തിന്റെ ഓർമകൾ 
ഇടവേളകളിൽ എന്നെ വല്ലാതെ തളർത്താറുണ്ട്.
കാലത്തിന്റെ കറുത്ത അധ്യായങ്ങൾ
ഇന്നെനിക്ക് മറവിയുടെ കയങ്ങളിലാണ്‌.
കാരണമില്ലാതെ ചിലപ്പോൾ ദേഷ്യം കടന്നുവരുന്നത്
ഒരുപക്ഷെ പ്രായത്തിന്റെ പ്രതിഭാസമായിരിക്കാം.
എല്ലാം നേടണമെന്ന മോഹം ഇവിടെ വരെ എത്തിച്ചു.
ഒന്നുമായില്ലെങ്കിലും
എല്ലാം ആവുമെന്ന പ്രതീക്ഷയിലാണിപ്പോഴും....

Read more...

ഒരു മണ്ഡലകാലത്തിന്റെ ഓർമ്മ..

>> 2014 നവംബർ 22, ശനിയാഴ്‌ച


ബാല്യം കടന്നുവന്ന വഴികളിൽ 

ശരണകീർത്തനങ്ങളാൽ മുഖരിതമായ രാവുകൾ പെയ്തിറങ്ങിയ ഒരു ഭൂതകാലത്തിന്റെ മഞ്ഞണിഞ്ഞ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നത് ശ്രീ. കുമാരസ്വാമിയാണ്‌. ഗംഭീരശബ്ദത്തിന്നുടമയായ സ്വാമിയുടെ ശരണം വിളികൾ കേൾക്കുമ്പോൾ അക്ഷരാർത്ഥത്തിൽ 
അന്തരീക്ഷം പോലും കാതോർത്തുനിന്നിരുന്നു. 
പത്തിരുപതോളം ശിഷ്യസമ്പത്തിന്നുടമയായ ഗുരുസ്വാമിയായിരുന്നു കുമാരസ്വാമി. 
ആ കാലഘട്ടത്തിൽ ഒരു ദാദയായി വിലസിയിരുന്ന കുമാരേട്ടൻ പക്ഷെ മാലയിട്ടാൽ പിന്നെ സ്വയം അയ്യപ്പദാസനായി മാറുമായിരുന്നു. 
അതുകൊണ്ടുതന്നെ ഞങ്ങൾ പിള്ളേരുകൾക്ക് സ്വാമിയോട് വലിയ ആദരവും ബഹുമാനവും ഉണ്ടായിരുന്നു. 
കളഭവും ഭസ്മവും കൂടിക്കലർന്ന സ്വാമിമാരുടെ മണം 
ഒരു പ്രത്യേകത തന്നെയായിരുന്നു. 
ചിറക്കാൽ തോടിന്റെ അരിച്ചിറങ്ങുന്ന തണുപ്പിൽ 
അരയോളം വെള്ളത്തിൽ നിന്നുകൊണ്ടുള്ള ശരണംവിളികൾ കേൾക്കാൻ കാതോർത്തിരുന്ന ഭക്തകാലമായിരുന്നു അത്. മണ്ഡലകാലം മുഴുവൻ ഞങ്ങളും മണികണ്ഠൻമാരായി സ്വാമിമാരുടെ കൂടെ രണ്ട് നേരവും 
ശരണം വിളികളുമായി കൂട്ടുകൂടുക പതിവാണ്‌. 
സത്യത്തിൽ ഭക്തിയേക്കാളേറെ ഞങ്ങൾക്ക് പ്രിയം 
രാത്രിയിലെ ഭിക്ഷയെന്ന കൊള്ളിക്കറിയും 
ചില ദിവസങ്ങളിൽ അടുത്തുള്ള  വീടുകളിൽ നടത്തുന്ന ഭിക്ഷയെന്ന സുഭിക്ഷമായ ഭക്ഷണത്തിലുമായിരുന്നു. 
മൊട്ടംചിറ അമ്പലത്തിലെ ശ്രീകോവിലിന്‌ പുറത്ത് ഇടതുവശത്തായിരുന്നു അയ്യപ്പസ്വാമിയുടെ ഫോട്ടോ വെച്ചുള്ള ദീപാരാധനയും ശരണം വിളികളും. 
ശരണം വിളി കഴിഞ്ഞുവേണം ഭക്ഷണം കിട്ടാൻ. 
അതിനുള്ള തിരക്ക് കൂട്ടൽ ഞങ്ങൾ പിള്ളേർ മൽസരിച്ച് സ്വാമിമാർ, സ്വാമിയേ.. എന്നു തുടങ്ങുമ്പോൾ തന്നെ ശരണമയ്യപ്പാ എന്നു വിളിച്ച് സ്പീഡ് കൂട്ടുമായിരുന്നു.
പടിപ്പാട്ട് പാടി നമസ്ക്കരിക്കാൻ സ്വാമിമാർ കിടക്കുമ്പോൾ ഞങ്ങളും നമസ്ക്കരിക്കും. 
ചുരുങ്ങിയത് മൂന്നുനാലു പ്രാവശ്യമെങ്കിലും സ്വാമിമാർ എഴുന്നേൽക്കുന്നുണ്ടോ എന്നു നോക്കുമായിരുന്നു. 
ഒടുവിൽ കെട്ടുനിറയുടെ മുഹൂർത്തം ഞങ്ങൾക്ക് ഒരാഘോഷമായിരുന്നു. 
കാരണം സ്വാമിമാർ പോയിവരുന്നതുവരെ 
നിത്യകർമ്മങ്ങളും ദീപാരാധനയും ഞങ്ങളുടെ നിയന്ത്രണത്തിലാണ്‌. 
പുഴയിൽ പോയി കുളിച്ച് നനഞ്ഞ തോർത്തുടുത്ത് 
കയ്യിലും ദേഹത്തും ഭസ്മം പൂശി അറിയാവുന്ന 
ശരണം വിളികൾ വിളിച്ച് അറിയാതെ സ്വാമിമാരായി മാറും. ഇതിന്റെ ഗമ ഞങ്ങളിലെ നടപ്പിലും ഇരിപ്പിലും കാണാമായിരുന്നു. അന്നേരങ്ങളിലും കുമാരസ്വാമിയുടെ അമ്മ ചോയിച്ചിവല്യമ്മ ഭിക്ഷയുണ്ടാക്കി തരും. 
ആദ്യമായി ഞാൻ മൈക്കിനുമുന്നിൽ സംസാരിക്കുന്നത് കെട്ടുനിറയിൽ അയ്യപ്പനാമങ്ങൾ ചൊല്ലികൊണ്ടാണ്‌. പിൽക്കാലത്ത് രാഷ്ട്രീയവേദികളിലും അല്ലാതേയും മൈക്കിനു മുന്നിൽ രണ്ടു വാക്കെങ്കിലും പറയാൻ കഴിഞ്ഞത് ഈ അനുഭവസമ്പത്തിലൂടെയാണെന്നത് 
അഭിമാനപൂർവ്വം സ്മരിക്കട്ടെ. 
കെട്ടുനിറ കഴിഞ്ഞ് കുമാരസ്വാമിയുടെ തലയിൽ 
ഇരുമുടികെട്ട് ഏറ്റിയുള്ള ശരണം വിളി 
അവിടെ കൂടിയിരിക്കുന്ന ബന്ധുക്കളും നാട്ടുകാരും അടങ്ങിയ ഭക്തരിൽ സങ്കടവും കരച്ചിലും ഉണ്ടാക്കുമായിരുന്നു. 
അത്രയ്ക്കും ഹൃദയസ്പൃശ്യമായ ഉച്ഛാരണശൈലിയോടെ ആയിരിക്കും കുമാരസ്വാമിയുടെ അപ്പോഴത്തെ ശരണംവിളികൾ. കാലം മാറി! കഥ മാറി! 
ശബരിമലയാത്ര ഇന്നൊരു ഫാഷനായി മാറ്റിയ പുത്തൻ തലമുറകളുടെ ഇടയിൽ വേറിട്ടൊരു മണ്ഡലകാലവും ഗുരുസ്വാമിയായ കുമാരസ്വാമിയുടെ ഓർമ്മയും 
ഒരു കർപ്പൂരദീപം പോലെ ജ്വലിച്ചുനില്ക്കുന്നു.

Read more...

അശ്രുപൂജ

>> 2014 ജൂലൈ 26, ശനിയാഴ്‌ച

 
















ഒറ്റപ്പെട്ടുപോയ ബാല്യത്തിന്‌ സനാഥത്വം നൽകിയ
മഹാത്മാവേ മാപ്പ് നൽകുക ഈ നിഷേധിയായ പുത്രന്‌.
കടം കൊണ്ട പ്രത്യയശാസ്ത്രത്തിന്‌ ഇടം നൽകാതെ
നേരിന്റെ ചൂരിൽ തിളയ്ക്കുന്ന രക്തവുമായി
കൗമാരം കലങ്ങിമറിഞ്ഞപ്പോഴും, അറിഞ്ഞില്ല ഞാൻ
ഒരു പിതാവിന്റെ ഹൃദയവേദന
ഒരച്ഛന്റെ ആത്മവേദനയറിയാൻ വൈകിയാണെങ്കിലും-
ഒരു മകൻ ജനിക്കേണ്ടിവന്നു...
ഒരുവേള വൈകിയാൽ നിറയുന്ന വേദനയുടെ ആഴം,
ഒരച്ഛന്റെ ആധി നിറയും നിമിഷങ്ങൾ
എല്ലാം അറിയുന്നു ഞാനിന്ന്‌
മാപ്പുചോദിക്കാൻ, മാപ്പേകാൻ 

ഇന്നെനിക്ക് അച്ഛനില്ലാതെ പോയി!
തുടിക്കും സ്മരണകൾ തുണയായി ജീവിക്കും 

അച്ഛന്റെ ഓർമ്മകൾക്കു മുന്നിൽ 
കേഴുന്നു ഞാൻ ഹൃദയനൊമ്പരമായി 
കാറ്റായ് മഴയായ് സ്വപ്നമായ് നിറയും 
പുണ്യമാം ആ ധന്യാത്മസാന്നിധ്യം..!

Read more...

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP