മഴ നനഞ്ഞുപോയ എന്റെ ഓണക്കാലം

>> 2013 ഒക്‌ടോബർ 20, ഞായറാഴ്‌ച

ചുട്ടുപഴുത്തു വരണ്ട മനസ്സിലേക്ക് 
കുളിർ കോരിയിട്ട് മഴ വന്നപ്പോൾ സന്തോഷിച്ചു.
മഴയുടെ ആരവം മനം നിറയെ ഗ്ര്ഹാതുരത്വം തേടിയെത്തി.
പണിയും പണവുമില്ലാത്ത  ദിവസങ്ങൾ 
കുന്നുകൂടിയതറിഞ്ഞതേയില്ല.
ഒരുനാൾ കോരിച്ചൊരിയുന്ന മഴയോടൊപ്പം 
ഡെങ്കിപനിയുടെ രൂപത്തിൽ
വൈറസ് ഞങ്ങളെ ആക്രമിക്കാനെത്തി.
ചെറുത്തുനിൽ‌പ്പിന്റെ അവസാനം സഹധർമ്മിണി കീഴടങ്ങി.
പിന്നീട് രണ്ടാഴ്ച ഡെങ്കിപനിയുടെ ക്ഷീണത്തിൽ
അവൾ രോഗക്കിടക്കയിലും ഞാൻ പട്ടിണിക്കിടക്കയിലുമായി.
ശരീരം തളർന്നില്ലെങ്കിലും മനസ്സ് തളർന്നുപോയ ദിവസങ്ങൾ.
ഒടുവിൽ പനിയിൽ നിന്ന് മോചിതയായി അവൾ
പുറത്ത് വന്നപ്പോഴേയ്ക്കും ആഴ്ചകൾ കഴിഞ്ഞു.
അപ്പോഴതാ ശ്വാസംമുട്ടലിന്റെ രൂപത്തിൽ 
എന്നെ തളർത്താൻ മറ്റൊരു രോഗം.
ശ്വസിക്കാനാവാതെ കഴിച്ചുകൂട്ടിയ രാപ്പകലുകൾക്കൊടുവിൽ
മഴക്കാലം കഴിയാറായി.
ഓണത്തിന്റെ നിറപ്പകിട്ടാർന്ന ദിവസങ്ങളിൽ
ഹൈദരാബാദിൽ ജോലി ചെയ്യുന്ന 
മകന്റെ വരവിനായി സന്തോഷിച്ചിരിക്കെ 
ഒരു ദിവസം രാവിലെ ഛർദ്ദി തുടങ്ങിയ വിവരം
അവൻ അറിയിക്കുന്നു. അവിടെ അടുത്തുള്ള ഡോക്ടർ 
food poison ആണെന്നു പറഞ്ഞ് 
മരുന്നും injectionഉം കൊടുത്തതിൽ പിന്നെ
ഭക്ഷണം കഴിക്കൻ പറ്റാതായി. വെറും ഇളനീർ വെള്ളത്തിൽ
പാവം പത്ത് ദിവസം പിടിച്ചുനിന്നു.
ഒടുവിൽ ക്ഷീണിതനായ അവനെ ഞാൻ പോയി കൂട്ടികൊണ്ടുവന്നു.
അവനെ കണ്ടപ്പോൾ തന്നെ മനസിലായി മഞ്ഞപ്പിത്തമാണെന്ന്.
കണ്ണിന്റേയും ശരീരത്തിന്റേയും നിറം‌പോലും കടും മഞ്ഞ.
സത്യത്തിൽ പേടിച്ചുപോയ നിമിഷങ്ങൾ.
രക്തം പറിശോധിച്ചപ്പോൾ അത്യന്തം ഗുരുതരമായ
അവസ്ഥയിലേക്ക് മഞ്ഞപിത്തം ബാധിച്ചിരുന്നു.
രക്തത്തിൽ ബിലിറൂബിന്റെ അളവ് 6.8 ആയിരുന്നു.
നോർമൽ 1.2ലും കുറവാണത്രെ. വേണ്ടത്.
പിന്നീടങ്ങോട്ട് മരുന്നും പഥ്യവും വിശ്രമവും.
ഉപ്പിടാത്ത കഞ്ഞി മാത്രം ഭക്ഷണം.
72 കിലോയിൽ നിന്ന് 60 കിലോ ആയി തൂക്കം കുറഞ്ഞു.
ഈ പേടിപ്പെടുത്തുന്ന ദിവസങ്ങളിൽ ഒന്നാശ്വസിപ്പിക്കാൻ,
ഒരു നല്ല വാക്ക് കേൾക്കാൻ കൊതിച്ചുപോയ അവസ്ഥയിൽ
കിട്ടിയത് പേടിപ്പെടുത്തുന്ന നെഗറ്റീവായ ഉപദേശങ്ങൾ.
ഒടുവിൽ ഈശ്വരനോട് കേണപേക്ഷിച്ചു. പ്രാർത്ഥനകളിൽ
മനസ്സുടക്കിയ രാത്രികൾക്കൊടുവിൽ മെല്ലെ മെല്ലെ
അവൻ സാധാരണനില കൈവരിച്ചു.
ഇനിയും 3 മാസത്തോളം മരുന്നും പഥ്യവും വേണം.
ഇതിനിടയിലെപ്പോഴോ ഓണം വന്നുപോയതറിഞ്ഞില്ല.
മനസ്സ് തളർന്നുപോയ, മഴ നനഞ്ഞുപോയ
ഈ ദിവസങ്ങളിലൊക്കെ പ്രിയപ്പെട്ടവർ എന്ന്
ഞാൻ കരുതിയവരൊക്കെ നാട്ടിൽ വന്ന് ഞങ്ങളെ
കാണാതെ തിരിച്ചുപോയപ്പോൾ വെറുതെ മനസ്സ് വേദനിച്ചു.
പ്രതീക്ഷിച്ചവർ വരാതിരിക്കുമ്പോഴുള്ള വേദന!

Read more...

പേക്കിനാവ്

>> 2013 ജൂൺ 29, ശനിയാഴ്‌ച

ഇരുകൈവഴികളാൽ വന്നവർ നാം
വഴിപിരിയാനായി ഒന്നിച്ചവർ
സന്ധ്യയ്ക്ക് നാം ദാഹിച്ചവർ
പ്രണയിക്കാൻ മാത്രം മറന്നുപോയവർ
വഴിയറിയാതെ പിരിഞ്ഞവർ നാം
പലവഴിയായി ജീവിതം തളിർത്തവർ
പരിഭവം പറയാൻ ബാക്കിവെച്ചുനാം
കൌമാരം തളർന്നു ദാഹം തീർത്തവർ
പെരുമഴയിൽ കോലം കെട്ടിയവർ നമ്മൾ
പ്രളയമൊടുവിൽ ക്ഷീണിച്ചുനാം
പേക്കിനാവിൻ പേറ്റുനോവായി
ജീവിതം പുലർത്തുവോരിരുവർ നാം

Read more...

കടലാസ് തോണി

>> 2013 ജൂൺ 16, ഞായറാഴ്‌ച

പെയ്തൊഴിയാത്ത മഴയിൽ പെണ്ണിൻ
കളങ്കം തോർന്ന മനസ്സിൽ ഞാനൊരു
കടലാസ് തോണിയിറക്കി.
കാറ്റും കടലുമില്ലാത്ത മനസ്സിൽ
തുഴയും തുണയുമില്ലാതെൻ തോണി.
വഴിയറിയാതെ, വഴിപിരിയാതെയൊഴുകിയെത്തി
കാലം ബാക്കിവെച്ച കൌമാരമെന്നിൽ.
ഇന്ന്
കാത്ത് നിൽ‌ക്കാൻ എനിക്കാരുമില്ല
കളിത്തോണിയിറക്കാനെനിക്ക് മുറ്റമില്ല
കാലവർഷം പെയ്തുതീർക്കുന്നോരിടവേളയിൽ
പോയവർഷത്തെ പേക്കിനാവുകൾ
കണികണ്ടുണരുകയാണിന്നു ഞാൻ...

Read more...

ഒരു മഴക്കാലം

>> 2013 ജൂൺ 5, ബുധനാഴ്‌ച



അന്ന്
നീ എന്നിൽ
മഴയായ് പെയ്തിറങ്ങി.
ഞാൻ
നിന്നിൽ
ചെടിയായ് പടർന്നു കയറി.
ഇടിവെട്ടി വാനം തളർന്നപ്പോൾ
നീ മൊഴിഞ്ഞു
എനിക്ക് മൊഞ്ചില്ലെന്ന്,
കാതിൽ കമ്മലിട്ട് കൊലുസ്സണിഞ്ഞവൾ
ഇന്ന്
ഈ വേനൽ‌ച്ചൂടിൽ
പാതിവെന്ത മണ്ണുമായ്
ഒരു ഇടിമുഴക്കം കേൾക്കാൻ
ഒരു മഴ പെയ്യാൻ കൊതിക്കുന്നു..
വേഴാമ്പലായ്..

Read more...

എന്റെ പകലുകൾ

>> 2012 നവംബർ 3, ശനിയാഴ്‌ച




വിരസമായ എന്റെ പകലുകളുടെ നിറം മങ്ങിയ നിമിഷങ്ങളിലേക്ക് 
മനസ്സിന്റെ പടിവാതിൽ പാതി തുറന്ന് അവൾ..! 
അതെ കാത്തിരിക്കാതെ, തീരെ നിനച്ചിരിക്കാതെ... 
സ്നേഹത്തിന്റെ നിലവറയിൽ എന്നോ കെട്ടുപോയ നിലവിളക്ക് വീണ്ടും കൊളുത്താൻ, സ്നേഹത്തിന്റെ കലവറയിൽ ഇനിയൊരു സമൃദ്ധിയുടെ പൂക്കാലമൊരുക്കാൻ അവൾ. കാറ്റിൽ അലകളായുരുന്ന മുടിയിഴകൾ കൈകൊണ്ട് കോതിയൊതുക്കി 
അവൾ എന്റെ അരികിലേക്ക് നടന്നെത്തുകയാണ്‌. 
അവളെ ഞാൻ എങ്ങിനെയാണ്‌ സ്വീകരിക്കുക? 
ഈ വഴിയരികിൽ താലപ്പൊലിയേന്തി നിൽക്കാൻ 
പൊയ്പ്പോയ കാലത്തിന്റെ സ്വപ്നങ്ങളെ കൊണ്ടുവന്നു നിർത്തിയാലോ? 
പനിനീർ തളിക്കുവാൻ കൊഴിഞ്ഞുവീണ രാവുകളിൽ നിന്നും അടർന്നുപോയ നക്ഷത്രകിന്നരൻമാരെ വിളിച്ചാലോ? 
എന്താണ്‌ വേണ്ടത്? എനിക്കാകെ പരിഭ്രമമായി. 
അവളെ എങ്ങിനെയാണ്‌ സ്വീകരിക്കുക? അറിയില്ല. 
ഇത് ദിവ്യതയാണ്‌. പ്രണയം ചൊരിയുന്ന മധുരം. 
പരിഭവത്തിന്റെ പൂക്കൾ ചൂടിയ അധരം. 
അതൊന്നും എനിക്കറിയില്ലല്ലോ. ഇതാ.... 
അവൾ എന്നരികിലേക്ക്... അയ്യോ.! 
എന്റെ ഹൃദയമെന്തിനാണ്‌ ഇത്രയും വേഗത്തിൽ മിടിക്കുന്നത്? 
ജാലകപ്പടിയിൽ മഞ്ഞുനീരിറ്റുവീഴുന്ന ഈ സായാഹ്നസൗമ്യതയിലും 
ഞാൻ ഇങ്ങിനെ വിയർക്കുന്നതെന്തിന്‌? 
ഞാൻ എന്താണ്‌ അവളോട് പറയേണ്ടത്? 
എന്റെ മുന്നിൽ എത്തിക്കഴിഞ്ഞു അവൾ. 
പക്ഷെ..... ഞാൻ! 
എന്റെ കൈകാലുകളിൽ ആരോ ചങ്ങലയിട്ടതുപോലെ. 
ഞാൻ ഒരു കൽപ്രതിമപോലെ നിശ്ചലനയായിതീരുകയാണല്ലോ. 
ഇതെന്തൊരു കഷ്ടമാണ്‌. 
എന്റെ തൊട്ടുമുന്നിൽ വന്നുനിന്ന്  
 എന്റെ കണ്ണുകളിൽ നോക്കി എന്തൊക്കെയാണ്‌ അവൾ ചോദിക്കുന്നത്? 
ഒന്നും എനിക്ക് കേൾക്കാൻ കഴിയുന്നില്ലല്ലോ. 
എന്റെ ചെവിയിൽ ഉരുകുന്ന ലാവ ആരാണ്‌ കോരിയൊഴിച്ചത്? 
ഞാൻ അവളോട് ചിരിക്കാൻ ശ്രമിച്ചു. 
എങ്കിലും എന്റെ ചുണ്ടുകൾ ഐസുകട്ടകളെപോലെ വിറങ്ങലിച്ചുനിന്നതല്ലാതെ... 
ഇതെന്തൊരു പരീക്ഷണമാണ്‌?!
അവളോട് ഒന്ന് പുഞ്ചിരിക്കാൻ പോലും എനിക്ക് കഴിയുന്നില്ലല്ലോ. 
കുട്ടിയുടെ പേരെന്താന്നാ പറഞ്ഞത്? 
തീർച്ചയായും ഞാൻ ചോദിച്ചതാണ്‌. 
പക്ഷെ എന്റെ നാക്ക്... 
എന്റെ നാവ് ആരോ അറുത്തെടുത്തിരിക്കുന്നു. 
വായ്ക്കകത്ത് രക്തത്തിന്റെ ഉപ്പുരസം നിറയുന്നത് ഞാനറിഞ്ഞു. 
വായ് തുറന്നതേയില്ല. 
തുറന്നാൽ രക്തം ഛർദ്ദിക്കുന്ന എന്നെ കണ്ട് അവൾ...! 
വേണ്ട എന്റെ ഭാവം കണ്ടുതന്നെ അവൾ പകച്ചുപോയിരിക്കുന്നു. അതുകൊണ്ടുതന്നെയായിരിക്കണം 
 എന്നെ ചുമലിൽ കുലുക്കി പലതും കൊഞ്ചിപറയുന്നത്. 
എന്തേ ഒന്നും മിണ്ടാത്തത്? 
പേരെന്താണ്‌ എന്നെങ്കിലും ചോദിച്ചുകൂടെ? 
ഞാൻ സുമയാണ്‌. 
മനസ്സിന്റെ പൊന്നിലയിൽ സ്നേഹത്തിന്റെ കുളിർചന്ദനവും 
പനിനീരുമായ് വന്ന സുമ. എന്നൊക്കെയായിരിക്കും ചിലപ്പോൾ അവൾ... 
പക്ഷെ എനിക്കൊന്നും കേൾക്കാൻ കഴിയുന്നില്ലല്ലോ. 
ഒഴുകുന്ന കണ്ണീരുകൊണ്ട് അവളുടെ  കവിൾത്തടം നനയുന്നത് ഞാൻ കണ്ടു. 
പ്രിയപ്പെട്ട സുമെ.. 
എന്റെ പെൺകുട്ടീ, നിന്നെ എനിക്കിഷ്ടമാണ്‌. 
നിന്നെയല്ലാതെ ആരെയാണ്‌ ഞാനിഷ്ടപ്പെടുക. 
എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു. 
പക്ഷെ എന്റെ നാക്ക്... 
അതിന്റെ മുറിവായിൽ നിന്നും ഇപ്പോഴും രക്തം ഒഴുകുകയാണല്ലോ. 
അവൾ എന്റെ മുന്നിൽ ഒരു വാടിയ പൂവുപോലെ നിന്നു. 
അവളുടെ നീലക്കണ്ണുകൾ പിന്നേയും പിന്നേയും നിറഞ്ഞു. 
ആ കണ്ണുനീർ തുടയ്ക്കാൻ, അവളെ കെട്ടിപ്പിടിച്ച് 
മാറോട്  ചേർത്ത് ഉമ്മവെയ്ക്കാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ... 
അങ്ങിനെയെങ്കിലും എന്റെ സ്നേഹം അറിയിക്കാമായിരുന്നു. 
മനസ്സ് അലമുറയിട്ട് കരഞ്ഞു. 
കണ്ണുകൾ രക്തം ചൊരിയുകയാണെന്ന് കരുതി. 
ഒടുവിൽ അതാ അവൾ തിരിച്ചുപോവുകയാണ്‌. 
എന്നെ സ്നേഹത്തിന്റെ സ്വർഗ്ഗീയതയിലേക്ക് 
കൈപിടിച്ച് നടത്താൻ വന്ന എന്റെ സുമ... 
അവളെന്നെ വിട്ടുപോവുകയാണ്‌. 
ഒരു പുഞ്ചിരിയുടെ വാടിയ പൂവുപോലും പകരം ലഭിക്കാതെ 
എന്റെ സുമ നടന്നകലുകയാണ്‌. ഈശ്വരാ... 
ഈ ശപ്തനിമിഷത്തിന്റെ വേദന അനുഭവിക്കാനും മാത്രം 
എന്ത് തെറ്റാണ്‌ ഞാൻ ചെയ്തത്? 
കരയാൻ കഴിയാതെ ഒന്നു തളരുവാൻ പോലും കഴിയാതെ ഞാൻ നിന്നു. 
അവൾ മഞ്ഞുപാളികൾപ്പുറത്തെ നീലശൂന്യതയിൽ ലയിക്കുകയാണ്‌. 
അപ്പോഴാണ്‌ എന്നെ പൊതിഞ്ഞുനിന്ന നിശ്ചലതയിൽ നിന്നും 
എനിക്ക് മോചനം ലഭിച്ചത്.

Read more...

തോൽവി

>> 2012 ഒക്‌ടോബർ 24, ബുധനാഴ്‌ച

അകമഴിഞ്ഞ സ്നേഹം കൊടുത്തപ്പോൾ
അളന്നുമുറിച്ച സ്നേഹം തിരിച്ചുതന്നു
അകലാനാണ്‌ അടുത്തതെന്ന് തിരിച്ചറിഞ്ഞപ്പോൾ
 കാലം വൈകി
ഒന്നുമില്ലായ്മയാണ്‌ എന്റെ മൂലധനം എന്നറിഞ്ഞപ്പോൾ
അകന്നുപോയത് അകലാൻ പാടില്ലാത്ത
ഒരു ബന്ധമായിരുന്നു.
അവിടേയും തോറ്റുപോയത് ഞാൻ മാത്രം...

Read more...

കാവിലെ തേവർ

>> 2011 ഒക്‌ടോബർ 22, ശനിയാഴ്‌ച

പണ്ടു ഞാൻ എന്നും കാവിൽ തേവരെ കാണാൻ പോകുമായിരുന്നു.
പക്ഷെ തേവർ വരാറില്ല.
അന്നൊരിക്കൽ തേവരെ കാണാൻ പോയപ്പോൾ ഞാൻ പറഞ്ഞു,
ഇനിയും തേവർ വന്നില്ലെങ്കിൽ ഞാൻ വരികയേ ഇല്ല എന്ന്‌.
പക്ഷെ തേവരെ അന്നും കണ്ടില്ല. 
അങ്ങനെ ഞാൻ തേവരോടു പിണങ്ങി. 
പിന്നെ ഞാൻ കാവിൽ പോകാതെയായി. 
കാവിൽ വിളക്കു വയ്ക്കാതെയായി. 
പിന്നീട് വർഷങ്ങൾ കുറേ കടന്നു പോയി. 
തേവരും തെയ്യങ്ങളും പൊയ്യാണെന്ന് ശാസ്ത്രം എന്നെ പഠിപ്പിച്ചു. 
ഇന്നു വീണ്ടും ഞാൻ തേവരുടെ കാവിൽ പോയി,
തേവരെന്നെ കാണാൻ വരില്ല എന്നറിഞ്ഞു കൊണ്ടു തന്നെ. 
കാവിലെ തണുപ്പുള്ള ഇളം കാറ്റ് എന്നെ കോരി തരിപ്പിച്ചു. 
കാവിലെ പൂക്കൾ എന്നെ നോക്കി പുഞ്ചിരിച്ചു. 
കാവിലെ പൂമ്പാറ്റകൾ എന്റെ നേരെ കണ്ണു ചിമ്മി.
കാവിലെ കിളികൾ എനിക്കായി പാട്ടു മൂളി. 
ആ ഇളം തണുപ്പിൽ, ആ പൂമ്പാറ്റകളുടേയും പൂക്കളുടേയും നടുവിൽ, 
കിളികളുടെ പാട്ടു കേട്ടു തേവരുടെ മണ്ണിൽ കിടന്ന്‌ ഞാൻ മയങ്ങി. 
ആ മയക്കത്തിൽ അന്നാദ്യമായി തേവരെന്നെ കാണാൻ വന്നു, 
എന്നെ നോക്കി ചിരിച്ചു, എന്നിട്ടു പറഞ്ഞു,  
“ ഞാൻ എന്നും നിന്റെ കൂടെയുണ്ടായിരുന്നു.
കാറ്റായി നിന്നെ തലോടിയിരുന്നു. 
കിളിയായി നിനക്കു താരാട്ടു പാടിയിരുന്നു.
പക്ഷെ നീ എന്നെ അറിഞ്ഞില്ല. 
നീ എന്നെ മറന്നിട്ടും ഞാൻ നിന്നെ മറന്നില്ല. 
നിനക്കു തരാനായി ഞാൻ എന്നും ഈ മണ്ണിൽ എന്റെ സ്നേഹം കരുതിവെച്ചിരുന്നു..!"

Read more...

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP