കാവിലെ തേവർ
>> 2011, ഒക്‌ടോബർ 22, ശനിയാഴ്‌ച
പണ്ടു ഞാൻ എന്നും കാവിൽ തേവരെ കാണാൻ പോകുമായിരുന്നു.
പക്ഷെ തേവർ വരാറില്ല.
അന്നൊരിക്കൽ തേവരെ കാണാൻ പോയപ്പോൾ ഞാൻ പറഞ്ഞു,
ഇനിയും തേവർ വന്നില്ലെങ്കിൽ ഞാൻ വരികയേ ഇല്ല എന്ന്.
പക്ഷെ തേവരെ അന്നും കണ്ടില്ല.
അങ്ങനെ ഞാൻ തേവരോടു പിണങ്ങി.
പിന്നെ ഞാൻ കാവിൽ പോകാതെയായി.
കാവിൽ വിളക്കു വയ്ക്കാതെയായി.
പിന്നീട് വർഷങ്ങൾ കുറേ കടന്നു പോയി.
തേവരും തെയ്യങ്ങളും പൊയ്യാണെന്ന് ശാസ്ത്രം എന്നെ പഠിപ്പിച്ചു.
ഇന്നു വീണ്ടും ഞാൻ തേവരുടെ കാവിൽ പോയി,
തേവരെന്നെ കാണാൻ വരില്ല എന്നറിഞ്ഞു കൊണ്ടു തന്നെ.
കാവിലെ തണുപ്പുള്ള ഇളം കാറ്റ് എന്നെ കോരി തരിപ്പിച്ചു.
കാവിലെ പൂക്കൾ എന്നെ നോക്കി പുഞ്ചിരിച്ചു.
കാവിലെ പൂമ്പാറ്റകൾ എന്റെ നേരെ കണ്ണു ചിമ്മി.
കാവിലെ കിളികൾ എനിക്കായി പാട്ടു മൂളി.
ആ ഇളം തണുപ്പിൽ, ആ പൂമ്പാറ്റകളുടേയും പൂക്കളുടേയും നടുവിൽ,
കിളികളുടെ പാട്ടു കേട്ടു തേവരുടെ മണ്ണിൽ കിടന്ന് ഞാൻ മയങ്ങി.
ആ മയക്കത്തിൽ അന്നാദ്യമായി തേവരെന്നെ കാണാൻ വന്നു,
എന്നെ നോക്കി ചിരിച്ചു, എന്നിട്ടു പറഞ്ഞു,
“ ഞാൻ എന്നും നിന്റെ കൂടെയുണ്ടായിരുന്നു.
കാറ്റായി നിന്നെ തലോടിയിരുന്നു.
കിളിയായി നിനക്കു താരാട്ടു പാടിയിരുന്നു.
പക്ഷെ നീ എന്നെ അറിഞ്ഞില്ല.
നീ എന്നെ മറന്നിട്ടും ഞാൻ നിന്നെ മറന്നില്ല.
നിനക്കു തരാനായി ഞാൻ എന്നും ഈ മണ്ണിൽ എന്റെ സ്നേഹം കരുതിവെച്ചിരുന്നു..!"