കൊഴിഞ്ഞുപോയ ഇന്നലെകൾ
>> 2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച
1986 ഡിസമ്പറിന്റെ മരംകോച്ചുന്ന തണുപ്പിൽ
ഞാൻ ആദ്യമായി വന്നിറങ്ങിയ സ്ഥലം.
ആദ്യമെന്ന് പറയാനാകില്ലെങ്കിലും
ഓർമകൾ അടുക്കികൂട്ടി പ്രതീക്ഷകളുടെ കൊട്ടാരം പണിയാനുള്ള പ്രായം.
ജന്മനാട്ടിൽനിന്നുള്ള ഒരു പറിച്ചുനടൽ.
8 മണിക്കൂർ നീണ്ട തീവണ്ടിയാത്രയുടെ ക്ഷീണം ഉറക്കത്തിലാണ്ടു.
പുലരിവെളിച്ചത്തിന്റെ ചെറുചൂടേറ്റ് പ്രഭാതം ഉണർന്നപ്പോൾ
പച്ചപ്പുകൾക്കിടയിൽ തെന്നിമാറിപ്പോകുന്ന പെൺകൂട്ടങ്ങൾ.
“ഇതാ മോനെ ചായ”
തിരിഞ്ഞുനോക്കിയപ്പോൾ നന്നേ പ്രായമായ ഒരമ്മൂമ്മ.
പാറു അമ്മൂമ്മ....!
മക്കളെ പ്രസവിക്കാൻ ഭാഗ്യം സിദ്ധിച്ചെങ്കിലും
അവരെ വളർത്താനുള്ള ഭാഗ്യം കിട്ടാതെ പോയ പാവം!
പ്രസവത്തിലേ മക്കളും പിന്നീട് ഭർത്താവും മരിച്ചപ്പോൾ
ഒറ്റപ്പെട്ടുപോയത് യൗവ്വനത്തിന്റെ ബാല്യമായിരുന്നു.
നഷ്ടപ്പെടലിന്റെ വേദന കരുത്തായി കരുതി
ജീവിതത്തിൽ ഒറ്റയാൻ പട്ടാളമായി മാറി പാറു അമ്മൂമ്മ.
ഞാൻ വന്നു പെട്ടത് ഈ അമ്മൂമ്മയുടെ തട്ടകത്തിലാണ്.
ഒറ്റമുറിയും ഒരു ചെറിയ അടുക്കളയും
ചുറ്റും തുറന്നു കിടക്കുന്ന വരാന്തയും ഉൾപ്പെട്ട അമ്മൂമ്മയുടെ കൊട്ടാരം.
എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. കൂട്ടിനായി പ്രദീപുമുണ്ട്.
അവൻ അന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയാണ്.
അമ്മൂമ്മയുടെ തെറിവിളികൾ എന്നെ വല്ലാതെ വേദനിപ്പിച്ചു.
പെട്ടെന്ന് ഒരു കാരണവുമില്ലാതെ ഇല്ലാക്കഥകൾ ഉണ്ടാക്കി വഴക്കിടുന്ന
അമ്മൂമ്മയെയാണ് പിന്നീടുള്ള ദിവസങ്ങളിൽ കണ്ടത്.
സഹിക്കാനാവാതെ ഒരു ദിവസം പ്രദീപ് അവിടെയുള്ള മൺകലങ്ങൾ
മുഴുവൻ എറിഞ്ഞു പൊട്ടിച്ചതും
പേടിച്ചരണ്ട അമ്മൂമ്മയെ മുറിക്കുള്ളിലാക്കി ഭയപ്പെടുത്തിയതും
ഞങ്ങളുടെ പിന്നമ്പുറ കഥകൾ.
ആരും അറിയാത്ത, ഞങ്ങൾമാത്രം നെഞ്ചിലേറ്റി കൊണ്ടുനടക്കുന്ന
ഒരുപാട് രഹസ്യങ്ങൾ ആ തട്ടകത്തിന്റെ ചുമരുകളിൽ കാണാം.
ചുറ്റുപാടുമുള്ള തരുണീമണികളെ പേടിച്ച് യുവസുന്ദരന്മാരായ
ഞങ്ങൾക്ക് ചുറ്റും ഒരിക്കൽ വേലിതീർത്തു ഈ അമ്മൂമ്മ.
അവരിൽ നിന്നും കണ്ണിലെ കൃഷ്ണമണിപോലെ
ഞങ്ങളെ സംരക്ഷിച്ചു എന്ന് ഊറ്റം കൊള്ളാറുണ്ടായിരുന്നു പാറു അമ്മൂമ്മ.
അതിനിടയിൽ ഒരു പ്രണയവും ഒടുവിൽ നടന്ന പൊല്ലാപ്പും....
രാത്രി ഏറെ വൈകി പ്രകൃതി പോലും മതി മറന്നുറങ്ങുന്ന രാവുകളിൽ
ഞങ്ങൾ രണ്ടുപേരും ആരോ തന്ന പോക്കറ്റ് റേഡിയോവിൽ നിന്നുതിരുന്ന
പാശ്ചാത്യ സംഗീതത്തിൽ മതി മറന്ന് നൃത്തം ചവിട്ടിയതും
ഒടുവിൽ ഉടുതുണി വലിച്ചെറിഞ്ഞ് നഗ്നരായി തകർത്താടിയതും ഇതേ വീട്ടിലായിരുന്നു.
കോരിച്ചൊരിയുന്ന തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ
ഒരു പുതപ്പില്ലാതെ വിറച്ചപ്പോൾ ഞങ്ങൾ കിടന്ന പായകൾ
തെറുത്ത് തണുപ്പ് മാറ്റിയതും മറ്റൊരു കഥ.
ഞങ്ങളുണ്ടോ എന്ന് അർദ്ധരാത്രി വന്ന് അമ്മൂമ്മ നോക്കുമ്പോൾ
കാണുന്നത് രണ്ട് പായകൾ ചുരുട്ടിവെച്ച നിലയിലാണ്.
പിറ്റേ ദിവസം ഇതേചൊല്ലി ഇല്ലാത്ത ഓരോ കഥകൾ സ്വയം ഉണ്ടാക്കി,
രാത്രി ഞങ്ങൾ അയൽവീടുകളിലാണ് എന്നുപോലും പഴിപറഞ്ഞ്
വഴക്കിടാൻ മുന്നോട്ടുവരുന്ന അമ്മൂമ്മ.
ഒരിക്കൽ രാത്രി എനിക്ക് ചുമവന്ന് ചുമച്ചപ്പോൾ അല്പ്പം കഴിഞ്ഞ്
പ്രദീപിന്റെ നെഞ്ചിൽ ചൂട് പിടിച്ച അമ്മൂമ്മയെ തട്ടിമാറ്റിയതും
രസകരമായ മറ്റൊരനുഭവം.
എന്തൊക്കെയായാലും എത്ര വഴക്കായാലും എന്നും പതിവ് തെറ്റിക്കാതെ
വെളുക്കൻ നേരത്ത് രണ്ട് ഗ്ളാസ് കട്ടൻ ചായ തലക്കൽ കൊണ്ടുവെക്കാറുണ്ടായിരുന്നു.
ഉള്ളിൽ സ്നേഹത്തേക്കാളെറെ ആരോടൊക്കെയോ ഉള്ള സംശയം
ഞങ്ങളിലൂടെ പക പോക്കുകയായിരുന്നു സത്യത്തിൽ.
ഞങ്ങളെ നഷ്ടപ്പെടുമെന്ന ഭീതി.
കട്ടൻ ചായയിൽ മധുരത്തിനായി ഉപ്പ് ചേർത്തതും
ഒരു നേരത്തെ ഊണിനായി 10 പപ്പടം തീറ്റിക്കുന്നതും ഇതേ അമ്മൂമ്മയാണ്.
എങ്കിലും അമ്മൂമ്മയെ ഇടക്കിടെ അലസോരപ്പെടുത്തിയത്
ആസ്ത്മ എന്ന മഹാരോഗമായിരുന്നു.
ഒടുവിൽ പ്രദീപിന് ജോലി കിട്ടി ഗുജറാത്തിലേക്ക് പോയപ്പോൾ മധുവായിരുന്നു കൂട്ടിന്.
മധുവും ഡാഡുവും ഞാനും കൂടി എത്രയെത്ര സ്വപ്നങ്ങൾ ആ വീട്ടിൽ നെയ്തു കൂട്ടി.
ഒരിക്കലും സഫലീകരിക്കാനാവാത്ത മോഹം
മാനം മുട്ടെ വളർന്ന് അനന്തതയിലേക്ക് പോയതും
ആ കുടിലിലെ സന്തോഷകരമായ ദിനങ്ങളിലായിരുന്നു.
എതിർപ്പുകൾക്കിടയിലും പ്രണയം വളർന്ന് ഒടുവിൽ
ഒരു കല്ല്യാണ വീടായി മാറിയതും ഈ കൊച്ചു കൂരയായിരുന്നു.
എല്ലാം ഇന്ന് ഓർമകളിലൊതുങ്ങുകയാണ്.
അമ്മൂമ്മ മരിക്കുമ്പോൾ ഞാൻ ദൂരെ നാട്ടിലായിരുന്നു.
രാവിലെയാണ് മരിച്ചത്. ഞാനറിയുമ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു.
എന്റെ ജീവിതത്തിലെ ഇതിഹാസ കഥാപാത്രമായ
അമ്മൂമ്മയെ ഒന്നു കാണണമെന്ന എന്റെ മോഹം വിഫലമായി.
അമ്മൂമ്മയുടെ ഒരുപാട് നല്ല മുഖങ്ങൾ മാത്രം
എന്റെ മനസ്സിൽ അവശേഷിച്ച് അമ്മൂമ്മ ചരിത്രമായി.
അമ്മൂമ്മയുടെ ഭൗതിക ശരീരം നിറഞ്ഞ ആ മണ്ണും
ഞങ്ങളുടേയൊക്കെ വിയർപ്പും കിതപ്പും നിശ്വാസങ്ങളും
ബാക്കിയായ ആ വീടും ഇന്ന് ഒരോർമയയി മാറുകയാണ്.
ആ മണ്ണിന് പൊന്നുംവില പേശി കാത്തിരിക്കയാണ് ബന്ധപ്പെട്ടവർ.
അവരറിയുന്നുണ്ടോ ഞങ്ങളുടെ വേദനകളുടെ കണ്ണീർച്ചാലുകൾ,
പൊട്ടിച്ചിരികളുടെ മണിമുത്തുകൾ നിറഞ്ഞതാണ് ആ മണ്ണെന്ന്.!
മീശ മുളക്കാത്ത പലർക്കും പ്രണയം തോന്നിയത് ആ വീട്ടിൽ നിന്നായിരുന്നു.
നേരിന്റെ വഴി കാണിച്ചുകൊടുത്ത് ആ പ്രണയത്തെ
മുളയിലേ തകർത്തെറിഞ്ഞതിനും സാക്ഷി ആ വീടായിരുന്നു.
ഞങ്ങളുടെ ഇന്നലെകൾ,
ഞങ്ങൾക്ക് മാത്രം അറിയാവുന്ന രഹസ്യങ്ങൾ
എല്ലാം.. എല്ലാം... ആ മണ്ണിൽ തന്നെ കുഴിച്ചുമൂടട്ടെ.
സിടുവും കോമ്രേഡും പീഡിസിയും അഞ്ഞൂറാനും തിലകനും ദുബായിയും ശൂരനും....
ഒക്കെ ഞങ്ങളുടെ കഥയിലെ ജീവിക്കുന്ന കഥാപാത്രങ്ങളായിരുന്നു.
അമ്മൂമ്മയിൽ നിന്നും മറച്ചു പിടിക്കാൻ ഞങ്ങളിട്ട പേരുകൾ.
എല്ലാ വർഷവും ഒരു മെസ്സേജിലൂടെ അമ്മൂമ്മയുടെ ചരമദിനം
മധു ഓർമപ്പെടുത്തുമ്പോൾ മാത്രമായി ഒതുങ്ങി പോവുകയാണ് അമ്മൂമ്മ.
ആ നല്ലമ്മയുടെ സ്മരണക്കയി സമർപ്പിക്കട്ടെ
ഈ ഗദ്ഗദം.!