കാലം സാക്ഷി!

>> 2014, ജൂൺ 26, വ്യാഴാഴ്‌ച

എന്റെ അനിയാ,


ഈ കത്ത് ഒരാവർത്തി ഒന്നിച്ചു വായിച്ചു തീർക്കാതെ സമയമുള്ളപ്പോൾ മനസ്സിരുത്തി 
മന:സമാധാനത്തോടെ വായിക്കുക.
കാരണം മനസ്സിരുത്താതെ ഉദാരമായി 
പലതും ചെയ്തതിന്റെ ഫലം 
ഇന്ന് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. 
നീ ഓർക്കുന്നുണ്ടോ നമ്മൾ കഴിഞ്ഞ ആ പഴയ കാലം? 
മനസ്സ് നിറേ പ്രണയവും മനം നിറയെ പ്രതീക്ഷകളുമായി മോഹിച്ചുനടന്ന നിന്റെ കൗമാരവും എന്റെ യവ്വനവും... 
കേറിക്കിടക്കാൻ ഒരു കൂരയില്ലാതെ അലഞ്ഞുതിരിഞ്ഞ 
ആ രാത്രികളിൽ പുറമ്പോക്കിലെ തൽക്കാല തണലിൽ നിന്ന് അലക്ഷ്യമായി നടന്നുനീങ്ങിയ പകലുകൾ. 
സ്വന്തത്തേക്കാളും ബന്ധത്തേക്കാളും ഉപരി സ്നേഹത്തിന്റെ 
ബാലപാഠത്തിൽ നിന്ന് അക്ഷരങ്ങൾ തിരഞ്ഞ നമ്മൾ ഒടുവിൽ 
എത്തേണ്ടിടത്തു തന്നെ എത്തിച്ചേർന്ന ധന്യനിമിഷങ്ങൾ. 
ഇണങ്ങിയും പിണങ്ങിയും രാത്രിയും പകലും മാറിമാറി വന്നുപോയപ്പോൾ പാറുമ്മൂമ്മയുടെ ചീത്തവിളികൾ പോലും നമുക്ക് രസമുള്ളതായിരുന്നു. 
അമ്മൂമ്മയുടെ ചോർന്നൊലിക്കുന്ന ആ കുടിലിന്റെ തുറസ്സായ സ്ഥലത്ത് മലർന്ന് കിടന്ന് നേരെ നോക്കുമ്പോൾ പൊട്ടിയൊലിച്ച ഓലക്കീറുകൾക്കിടയിലൂടെ ആകാശത്തിന്റെ നീലിമ കണ്ട് ഒരിക്കലും നടക്കാത്ത ഒരുപാട് സ്വപ്നങ്ങൾ 
നെയ്തെടുത്തത് നീ ഓർക്കാറുണ്ടോ? 
പ്രണയവും പ്രേമവും തിരിച്ചറിയാതെ അന്തിച്ചു നിന്ന 
നിന്റെ കൗമാരത്തെ അമ്പലവയലിന്റെ അരിക് ചേർന്ന 
റോഡരികിലെ കലുങ്കിൽ വെച്ച് ഞാൻ ചോദ്യം ചെയ്തപ്പോളുണ്ടായ നിന്റെ ജാള്യത നിനക്ക് മറക്കാനാവുമോ? കണ്ണുനീരിന്‌ കടലോളം ഉപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ 
എത്രയെത്ര രാത്രികളാണ്‌ നമുക്ക് മുന്നിലൂടെ കടന്നുപോയത്? 
അതിനിടയിൽ നമ്മുടെ പ്രദീപിന്‌ ജോലികിട്ടി ഗുജറാത്തിൽ പോയപ്പോൾ നഷ്ടപ്പെട്ട സൗഹൃദം നമ്മൾ പങ്കുവെച്ചതും ഡാഡുവിന്റെ തിരോധാനവും നമ്മളിലെ ബന്ധത്തിന്റെ 
ദൃഢത ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. 
ഒന്നുമില്ലായ്മയിൽ നിന്ന് എല്ലാം നേടാമെന്ന തിരിച്ചറിവ് ഇന്ന് നമ്മെ ഇവിടം വരെ എത്തിച്ചു. 
എങ്കിലും ഒരിക്കലും തിരിച്ചു വരാനാവാത്ത 
ആ നല്ല കാലത്തിന്റെ ഓർമ്മക്കൾ കൈവിടാതിരിക്കുക. 
നിന്റെ നിരന്തരമായ യചനകൾക്കൊടുവിൽ 
കേറിക്കിടയ്ക്കാൻ ഒരു കൂര പണിയാൻ  
ശങ്കുണ്ണിചേട്ടൻ സ്ഥലം തന്നതും നമ്മുടെ സ്വപ്നങ്ങൾക്കതീതമായ  ഒരു വീട് പണിതതും കാലം സാക്ഷി! 
ആ വീടിനുവേണ്ടി നീയൊഴുക്കിയ വിയർപ്പിന്റെ വില ഇന്നാ വീടിന്‌ ലക്ഷങ്ങൾ വില നിശ്ചയിക്കുന്നവർ അറിയുന്നില്ല. 
ആ വീടിന്നുള്ളിൽ അവശേഷിച്ചുപോയ 
നമ്മുടെ നിശ്വാസങ്ങളെ എത്ര ലക്ഷങ്ങൾക്കും 
മായ്കാനാവില്ല മധു. ആ വീടിന്റെ ഓരോ ചുമരുകൾക്കും പറയാനുള്ളത് നമ്മളെ കുറിച്ചുമാത്രമായിരിക്കും.  നിനക്കോർമ്മയുണ്ടോ ഒരുവേള ഒരു കുപ്പി ബിയറിന്റെ ലഹരിയിൽ നമ്മൾ ടെറസ്സിൽ ആനന്ദനൃത്തമാടിയത്. 
നിറഞ്ഞ രാത്രിയിൽ പൂനിലാ ചന്ദ്രന്റെ പൂർണ്ണവെളിച്ചത്തിൽ ആരും കാണാതെ അന്ന് ആടിതീർത്തത് 
ആരോടൊക്കെയോ ഉള്ള രോഷമായിരുന്നു. 
ബാലസുധ“യുടെ മാസ്മരികപ്രളയത്തിൽ  
ഒലിച്ചുപോയ വെളുപ്പാൻ കാലം പുലർന്നത് 
കുമാരൻ മാസ്റ്ററുടെ വിശാലമായ പറമ്പിലായിരുന്നു. 
ഒടുവിൽ ആ വയറിളക്കത്തിന്റെ ക്ഷീണം ഒരാഴ്ചയോളം നമ്മെ വിട്ടുപിരിയാതെ നിന്നതും വൈദ്യനെ അന്വേഷിച്ച് പരിയാരത്ത് ചെന്ന് വീടെത്തിയപ്പോൾ മരിക്കാൻ കിടക്കുന്ന വൈദ്യനെ കണ്ടിട്ട് തിരിഞ്ഞു നടന്നതും കാലം നമ്മിലേൽപ്പിച്ച ഒരു സത്യത്തിന്റെ ബക്കിപത്രം മാത്രം.   
കാലത്തിന്റെ കടന്നുവരവിൽ അധിനവേശശക്തികൾ നമ്മെ ഭരിക്കാൻ തുടങ്ങിയതും 
മ്മുടെ സഹോദരൻ ആ ഭീകരശക്തിയുടെ അടിമയായതും 
നമ്മളെ നാടുകടത്തിയതും ഒരു ചരിത്രസത്യം. 
ഇനി ഒരിക്കലും നമുക്ക് നമ്മുടേതെന്നു അഭിമാനപൂർവ്വം പറഞ്ഞിരുന്ന ആ വീടിൽ സ്ഥാനമില്ല. 
അവിടെ നിന്ന് ഒരു പക്ഷെ നമ്മെ തൂത്തെറിഞ്ഞിരിക്കാം, 
എങ്കിലും ആ വീടിന്റെ ഓരോ കല്ലും ചുമരും നമ്മുടെ ഹൃദയമിടിപ്പിന്റെ താളം തിരിച്ചറിഞ്ഞവയാണ്‌. 
കരുണയും കാരുണ്യവും വറ്റിപ്പോയ 
ഒരു മനുഷ്യജൻമത്തിന്റെ കിരാത ബുദ്ധിയിൽ തകർന്നുപോയത് 
നമ്മുടെ ബന്ധങ്ങളാണ്‌. കാണുമ്പോൾ മാത്രം ചിരിക്കുന്ന യന്ത്രത്തെ പോലെയായി ഇപ്പോഴത്തെ ബന്ധം. 
എത്ര നിസ്സാരമായി ഈ കൊടുംചതി അവർ പ്ളാൻ ചെയ്തു. 
എപ്പോഴും ആദ്യജയം ദുഷ്ടതക്ക് തന്നെയാണ്‌. 
എന്നാൽ ആത്യന്തികമായി വിജയം സത്യത്തിനുമാത്രമായിരിക്കുമെന്നത് ഗീതാവാക്യം. 
എന്തോ കുറേ നാളുകളായി മനസ്സിൽ കിടന്ന് 
മോക്ഷമില്ലാതെ അലയുകയായിരുന്ന 
ഈ ചിന്തകളെ ഈ ഒരു ദിവസത്തിന്റെ അന്ത്യത്തിൽ 
നിനക്ക് വേണ്ടി പകർത്തുകയാണ്‌. 
എഴുത്ത് നിർത്തിയിട്ട് വർഷങ്ങളായെങ്കിലും തുടങ്ങിയപ്പോൾ നിർത്താതെ പോയി വരികളുടെ നിരകൾ. 
നിനക്ക് ബോറായി തോന്നിയെങ്കിൽ ക്ഷമിക്കുക. 
ഒരു ചേട്ടന്റെ ഭ്രാന്തൻ ചിന്തകൾ! 
അല്ലെങ്കിൽ നഷ്ടപ്പെടുന്നവന്റെ വേദന!! 

സ്നേഹപൂർവ്വം സ്വന്തം ചേട്ടൻ

About This Blog

Lorem Ipsum

chintha.com

  © Blogger templates Sunset by Ourblogtemplates.com 2008

Back to TOP